Labels

Showing posts with label Politics. Show all posts
Showing posts with label Politics. Show all posts

Tuesday, February 20, 2018

അണികളെ... നിങ്ങൾ ക്യൂവിലാണ് ....



                       ഓ  ഇനി  എത്ര  നേരം  ഈ  ക്യുവിൽ  നിൽക്കണം ആവോ   ??? മറ്റുള്ളവർ കേൾക്കാനെന്നപോലെ  ഉറക്കെയുള്ള  ഒരു  ആത്മഗതം കേട്ടാണ്    ഫൈസൽ    തിരിഞ്ഞു  നോക്കിയത്  .നാലഞ്ചു പേർക്ക് പിറകിലായി ജയകൃഷ്ണൻ."ഇവൻ  ഇവിടെയെത്തിയോ.." ദേഷ്യം ഇരച്ചു കയറിയ മുഖത്തോടെ അവൻ പിറുപിറുത്തു.ഒരു കൂട്ടുകാരനായല്ല കൂടെപ്പിറപ്പായാണ് അവനെ താൻ കരുതിയത് .പക്ഷേ ..അവൻ തന്നെ ഇങ്ങനെ ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല .

ഒരു പരുങ്ങലോടെ ജയകൃഷ്ണൻ ഫൈസലിന്റെ അടുത്തേക്ക് വന്നു."അളിയാ  സോറി  അപ്പോഴത്തെ  ഒരു  ദേഷ്യത്തിന് ...അവന്മാരൊക്കെ  പിരി  കേറ്റിയപ്പോ  ഞാൻ   അറിയാതെ  ചെയ്തു  പോയതാ ...."


"സാരമില്ലെടാ  ..എന്നാലും  ഒന്നാം ക്ലാസ് മുതൽ  നമ്മൾ  ഒരുമിച്ചു  പഠിച്ചതല്ലേ.ഒരുമിച്ച് നടന്നതല്ലേ.എന്നിട്ടും നിനക്ക്  എങ്ങനെ  തോന്നി ...?" ഉത്തരം പ്രതീക്ഷിച്ചില്ലെങ്കിലും ഫൈസൽ ദുർബലമായ ശബ്ദത്തിൽ ചോദിച്ചു." എന്നാലും.... നിനക്ക് എന്റെ മുഖത്തു വെട്ടുമ്പോൾ  കൈ പോലും  വിറച്ചില്ലേ ...ഹൊ ..അമ്പത്തൊന്നു വെട്ടുകൾ....ആലോചിക്കുമ്പോൾ എനിക്ക് പോലും ദേഹം  വിറയ്ക്കുന്നു ..."

"കിട്ടാൻപോകുന്ന പണത്തേക്കാളും.. പാർട്ടിക്കാർക്കിടയിലെ സ്‌ഥാനം ..നേതാക്കളുടെ അഭിനന്ദനം ... ഇതൊക്കെ ആലോചിച്ചപ്പോൾ അന്ന് കൂട്ടുകാരൻ എന്നതിനേക്കാൾ നീ എനിക്ക് എതിർ പാർട്ടിയിലെ ഒരു ശല്യം മാത്രമായി തോന്നിപ്പോയി..."ഒരു നിമിഷം ജയകൃഷ്ണൻ എന്തോ ആലോചിച്ചു നിർത്തി..

"അപ്പൊ അങ്ങനെ തോന്നി...  പക്ഷേ പിറ്റേന്ന്  മുതൽ നിന്നെയോർത്തു നീറി നീറിയാണ് ഞാൻ കഴിഞ്ഞത്.നിന്റെ അമ്മയുടെയും ഭാര്യയുടെയും കരച്ചിൽ ...അത് മറ്റുള്ളവർ പറഞ്ഞു അറിഞ്ഞപ്പോൾ ...ആത്മഹത്യ ചെയ്താലോ എന്ന് പോലും തോന്നി ...എന്തായാലും അതിന്റെ ആവശ്യം വന്നില്ല ..നമ്മുടെ കൂട്ടുകാരൻ ബിനീഷും  നിന്റെ കുറെ പാർട്ടിക്കാരും  കൂടി വന്നു ഇന്നലെ എനിക്കുള്ള ടിക്കറ്റും തന്നു....എന്റെ ദേഹത്തു അവരും  വെട്ടി അമ്പത്തൊന്ന് ...ആ സമയത്തു ..അളിയാ ..നിന്റെ മുഖമായിരിന്നു എന്റെ മുന്നിൽ  "

ഒരു വിതുമ്പലോടെ സംസാരം  നിർത്തിയ ജയകൃഷ്ണൻ തുടർന്നു ..."ഇപ്പൊ എന്നെയും വീട്ടുകാരെയുമോർത്ത്  അവനും കരയാൻ തുടങ്ങിക്കാണും....എന്നെ വെട്ടാൻ അവനു കിട്ടിയ ആരോഗ്യത്തിൽ എന്റെ അമ്മ വിളമ്പിയ ആഹാരം കൂടി  ഉണ്ടായിരുന്നല്ലോ..."

അവന്റെ   കണ്ണിൽ ഉരുണ്ടുകൂടിയ കണ്ണീരിൽ നിറഞ്ഞതു നിസ്സഹായതയോ നിരാശയോ എന്നറിയില്ല പക്ഷേ അത് ഫസലിനും  ഉള്ളു പിടയുന്നതായിരുന്നു..പെട്ടെന്ന്  ഒരു ഞെട്ടലോടെ..വിഹ്വലതയോടെ  അവൻ  പിറകിലേക്ക് തിരിഞ്ഞു നോക്കി..ആ ആൾക്കൂട്ടത്തിൽ ബിനീഷിന്റെ മുഖം അവൻ തിരഞ്ഞു.ഹാവൂ അവൻ ഇത് വരെ എത്തിയിട്ടില്ല ... അവന്റെ അമ്മയ്ക്കും പെങ്ങൾക്കും ആകെയുള്ള ആശ്രയം അവനാണ്.

"ഇന്നലെ വരെ നമ്മൾ ഫൈസലും  ജയകൃഷ്ണനുമായിരുന്നു. ഇന്ന് നമ്മൾ രക്തസാക്ഷിയും ബലിദാനിയും...നിനക്ക് വേണ്ടി ബക്കറ്റു പിരിവ് അവിടെ തകൃതിയായി നടക്കുന്നുണ്ട് ....ഇനി എന്റെ പേര് പറഞ്ഞു ഞങ്ങടെ ലോക്കൽ നേതാക്കൾക്ക് കേന്ദ്ര നേതാക്കളോട് വില പേശി വിഹിതം വാങ്ങണം ...ഞങ്ങൾക്ക് പിരിവു തരാൻ നാട്ടുകാർക്ക് ഇപ്പോഴും മടിയാണല്ലോ."ജയകൃഷ്ണന്റെ വാക്കുകൾ ഫൈസലിനെ ചിന്തയിൽ നിന്നുണർത്തി.

ഹാ ..എന്തായാലും നിന്റെ  സഖാവ് ഗൾഫിലെ കടമൊക്കെ തീർത്തു എന്നാ കേൾക്കുന്നത് .നേതാവും മക്കളും ഒക്കെ ഇന്ന് ദുബായിൽ അടിച്ചു പൊളിക്കുന്നുണ്ട്.എന്റെ  നേതാവ് ഇനി കറങ്ങാനുള്ള പുതിയ സ്‌ഥലം തിരക്കി ഗ്ലോബ് തിരിച്ചുകൊണ്ടിരിക്കുന്നു.എന്നാലും ..അതിലൊരു പങ്കു നമ്മുടെ പേരിലുള്ള പണപ്പിരിവിൽ നിന്നായിരിക്കും എന്ന് ആലോചിക്കുമ്പോൾ....ഇവർക്ക് വേണ്ടിയായിരിന്നല്ലോ അല്ലെങ്കിൽ ഇവർ കാണാൻ വേണ്ടിയായിരുന്നല്ലോ..നമ്മൾ തമ്മിലടിച്ചത്...

"ഈ തിരിച്ചറിവ് കഴിഞ്ഞയാഴ്ച നമുക്ക് രണ്ടുപേർക്കുമുണ്ടായിരുന്നെങ്കിൽ വീട്ടുകാരെയും നാട്ടുകാരെയും വിട്ട്  ഇന്ന് എങ്ങോട്ടെന്നറിയാത്ത ഈ യാത്രയ്ക്ക് ഊഴം കാത്തു നിൽക്കേണ്ടി വരില്ലായിരുന്നു".നിരാശയോടെ ഫൈസൽ പറഞ്ഞു നിർത്തി .




കുറച്ചു സമയത്തിന് ശേഷം ......


ഒടുവിൽ രണ്ടുപേരും ആ വാഹനത്തിൽ  അടുത്തടുത്ത സീറ്റുകളിൽ ഇരിപ്പുറപ്പിച്ചു .പെട്ടെന്ന് ..അടുത്ത് വന്നിരുന്ന ആളെ കണ്ടു രണ്ടു പേരും ഞെട്ടി ..തങ്ങളുടെ ആത്മാർത്ഥ സുഹൃത്തായിരുന്ന  സുലൈമാൻ  ..

ഡാ ... സുലൈമാനെ ...

ഐ ആം നോ സുലൈമാൻ...ഐ ആം ജിഹാദി ...അൽ ജിഹാദി..

നീ... സിറിയയിൽ ആട് മേയ്‌ച്ചു  ജീവിക്കാൻ പോയതല്ലേ... 

ഡാ ഫൈസലേ .....ആ ഉസ്താദ് എന്നെ  ചതിച്ചതാ ..സിറിയയിലേക്കെന്നും പറഞ്ഞു ആദ്യം ഉഗാണ്ടയിലേക്കാ  കൊണ്ട് പോയത്. പിന്നെ അവിടെ വച്ച് പരിചയപ്പെട്ട വേറൊരു ഉസ്താദ് പറഞ്ഞു  ...ഭൂമിയിൽ ആട് മേയ്ച്ചു  നടക്കുന്നതിലും നല്ലത് സ്വർഗ്ഗത്തിലെത്തി ഹൂറിമാരോടൊത്തു ജീവിക്കുന്നതാണെന്ന് ...അങ്ങനെ ഞാൻ  അഫ്ഗാൻ വഴി   ബോബെയിലെത്തി... ഒരു ബോംബും പൊട്ടിച്ചു  ഇപ്പൊ ഇവിടെയുമെത്തി ..ഇനി സ്വർഗത്തിൽ  നല്ല അടിപൊളി  ജീവിതം ജീവിക്കണം ..പരലോക ജീവിതത്തിൽ മദ്യപ്പുഴയിൽ ഞാൻ നീരാടും...

അല്ല സുലൈമാനെ ....ഇതൊക്കെ നിനക്ക് ഹറാമല്ലെ....

അതൊക്കെ ഒൺലി ഇൻ ഇഹലോകജീവിതം...പരലോകത്തു ഒരു ഹറാമും ഇല്ല ...ഹാ..

"ഓ ഇവന്റെ മണ്ടത്തരം ഇതുവരെ മാറിയില്ലേ ...."രക്തസാക്ഷി ബലിദാനിയുടെ ചെവിയിൽ പിറുപിറുത്തു .

"ഉവ്വാ... അവനെക്കാൾ ബുദ്ധിമാന്മാരായതുകൊണ്ടാണല്ലോ നമ്മൾ രണ്ടുപേരും അവന്റെ തൊട്ടടുത്ത് തന്നെ വന്നിരിക്കുന്നത്..." ബലിദാനിയുടെ മറുപടി കേട്ട് ഇരുവരും പൊട്ടിച്ചിരിച്ചു.

അങ്ങനെ ഭൂമിയിൽ മറ്റൊരിടത്തു അവരുടെ കുടുംബങ്ങൾ.. കണ്ണീരോടെ... മറ്റുള്ളവരുടെ ദയവിൽ... ജീവിതത്തെ നോക്കി പകച്ചു നിൽക്കുമ്പോൾ.. പുതിയ ജന്മത്തിലേക്കോ പുതിയലോകത്തിലേക്കോ എന്നറിയാതെ ബലിദാനിയും രക്തസാക്ഷിയും  ജിഹാദിയും ഒരുമിച്ച് അവരുടെ  യാത്ര തുടങ്ങി ....






Thursday, June 14, 2012

ദാസനും വിജയനും കണ്ണൂരില്‍




രാജപ്പന്‍ തെങ്ങുംമൂട് ഉദയന്‍റെ കയ്യില്‍ നിന്ന് തട്ടിയെടുത്ത തിരക്കഥ  ഞാന്‍ മോഷ്ടിച്ചെടുത്തതില്‍ നിന്നും  ചില പേജുകള്‍.





സീന്‍ 52
രാത്രി.
വിജയന്‍റെ വീട്.കട്ടിലില്‍ കിടക്കുന്ന ദാസനും വിജയനും (കട്ടില് മാത്രം കാണിക്കുക.വീടിന്‍റെ പടം സ്ക്രീനില്‍ വരാതെ നോക്കണം)

ദാസന്‍:എടാ വിജയാ...

വിജയന്‍:എന്താടാ ദാസാ?

ദാസന്‍:എടാ ..നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്?

വിജയന്‍:ഏതു ബുദ്ധി ?

ദാസന്‍:ഇതുപോലെ ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിക്കുന്ന ബുദ്ധി!

വിജയന്‍:ദാസാ..ഓരോന്നിനും അതിന്‍റേതായ സമയമുണ്ട് മോനെ..
ഇനി നമുക്കാ തടി സുനിയേം അന്ധേരി കോരയേം വിളിച്ചു ഒരു പാര്‍ട്ടി കൊടുക്കണം ..

ദാസന്‍:പിന്നേ ..കോരേടെ മോടെ കല്യാണപ്പാര്‍ട്ടിക്ക്  പോയതിന്‍റെ ബഹളം ആ കെളവനും ചാനലുകാരും നിര്‍ത്തിയിട്ടില്ല! ഇനി അവന്മാരെ കണ്ട ഭാവം പോലും വേണ്ട!

വിജയന്‍:എന്നാ വേണ്ട .ഇപ്പൊ ഒരെണ്ണം അല്ലേ തീര്‍ന്നുള്ളൂ ..അത് നാലായി,പത്തായി,നൂറായി,ആയിരമായി...കുലംകുത്തികളില്ലാത്ത ലോകം..ഹോ..നമുക്കങ്ങു സുഖിക്കണം....

ദാസന്‍:ആഹാ..തീര്‍ന്നവന്‍റെ   വീട്ടുകാരുടെ കരച്ചിലു കേള്‍ക്കാന്‍ തന്നെ എന്തൊരു  സുഖം...എന്തൊരു സംഗീതാത്മകം..ആഹാ..

വിജയന്‍:ഐശ്വര്യത്തിന്‍റെ സൈറന്‍ മുഴങ്ങുന്നത് പോലുണ്ട്.അല്ലേ?
ദാസന്‍:ഈശ്വരാ രക്ഷിക്കണേ...

വിജയന്‍:പതുക്കെപ്പറ..നമുക്ക് ഈശ്വരനൊന്നും ഇല്ലെന്നറിയില്ലേ?


പെട്ടന്ന് വെളിച്ചം അണയുന്നു.സ്ക്രീനില്‍ ഇരുട്ട് മാത്രം..എന്തോ തട്ടിവീഴുന്ന ശബ്ദം.

ദാസന്‍:ശ്ശെ ...പവര്‍ക്കട്ടിന്റെ സമയത്ത് മാത്രം വരുന്ന ആ കള്ളിപ്പൂച്ച എത്തിയിട്ടുണ്ട്.




സീന്‍ 53
പകല്‍
ഓഫീസ് റൂം
ഓഫീസിലിരുന്നു ടിവി കാണുന്ന ദാസനും വിജയനും.ടിവിയില്‍ വാര്ത്താവായനക്കാരന്‍റെ  കഥകളി.

"പ്രധാന വാര്‍ത്തകള്‍..ചന്ദ്രന്‍ വധക്കേസില്‍ മുഖ്യ പ്രതി തടി സുനിയും അന്ധേരി കോരയും പിടിയില്‍.ഗൂഡാലോചനയുടെ ചുരുളഴിയുന്നു...ദാസനും വിജയനും പോലിസ് നിരീക്ഷണത്തില്‍...."

(പേടിച്ചരണ്ട ദാസന്‍റെ മുഖം ക്ലോസപ്പില്‍ .ഒരു നിമിഷം നിശബ്ധത.ക്യാമറ വീണ്ടും ടിവിയിലെക്കെത്തുമ്പോള്‍ പരസ്യം)

"സണ്ണീ ...എനിക്കെന്തെങ്കിലും പുളിയുള്ളത് തിന്നാന്‍ തോന്നുന്നു..."

ദേഷ്യത്തോടെ ടിവി ഓഫ്‌ ചെയ്യുന്ന വിജയന്‍: അവളുടെ ഒരു പുളി തീറ്റി..മനുഷ്യനിവിടെ തീ തിന്നു കൊണ്ടിരിക്കുമ്പോഴാ....ഡാ ദാസാ ..നീയല്ലേ പറഞ്ഞത് ആരും പിടിക്കില്ല എന്ന്? ഇപ്പൊ എന്തായി?

ദാസനും ദേഷ്യത്തില്‍:നീയല്ലേ അന്ന് സി ബി ഐ ക്കാരോട് പറഞ്ഞത് ഇവിടെ മാത്രമല്ല പിടി അങ്ങ്  ടെല്ലീലുമൊണ്ടെന്നു?ടെല്ലീം ബംഗാളും പോയിട്ട് തോട്ടുമുക്കില്‍പ്പോലും പിടിയില്ലെന്നു ഇപ്പോഴാ മനസ്സിലായത്‌.അച്ചു അമ്മാവന്‍ അന്നേ പറഞ്ഞതാ..നിന്‍റെ കൂടെ കൂടിയാല്‍ ചൊമന്നവനും നാറുമെന്ന്‌.!

വിജയന്‍: ഡാ...ഡാ..നീയത്രയ്ക്ക്  ചൂടാവണ്ട...എന്തായാലും നീ വെറും ലോക്കല്‍ കമ്മിറ്റിയും ഞാന്‍ പീബിയുമാ..അത് മറക്കണ്ട!...നികൃഷ്ട ജീവീ..കുലംകുത്തീ....

ദാസന്‍ :പീബീന്നു വച്ചാല്‍ ഇങ്ങേരെ പോക്കറ്റിലല്ലേ ..(പിറുപിറുക്കുന്നു)പ്രകാശം പരത്തുന്നവനേ...... അങ്ങനെ മണിയാശാനും പണിയായി.എന്തൊക്കെയായിരുന്നു..വെടിവെച്ചുകൊന്നു..കുത്തിക്കൊന്നു...തല്ലിക്കൊന്നു...ഹോ.

വിജയന്‍:എടാ ദാസാ..നമുക്കീ നാടുവിട്ടാലോ?

ദാസന്‍:എങ്ങോട്ട്?


വിജയന്‍:മലപ്പൊറത്തെക്ക്‌ ...അവിടെ നമുക്കൊരാളുണ്ട്....പണ്ട് ക്യാനഡാ യിലേക്ക് വിസ ശരിയാക്കിത്തന്ന കുഞ്ഞാപ്പ.



സീന്‍ 54
തിരയൊഴിഞ്ഞ കടല്‍തീരം...ഒരു ബക്കറ്റിലെ വെള്ളം മാത്രം അലയടിച്ചുകൊണ്ടിരിക്കുന്നു.അതില്‍ നോക്കിയിരിക്കുന്ന കുട്ടിയില്‍ നിന്നും ക്യാമറ ദൂരേക്ക്‌ നോക്കി നില്‍ക്കുന്ന ദാസനെയും വിജയനെയും ഫോക്കസ് ചെയ്യുന്നു.അവരുടെ അടുത്തേക്ക് വരുന്ന കുഞ്ഞാപ്പ.

കുഞ്ഞാപ്പ :ബാലകൃഷ്ണാ ...കൊച്ചുകള്ളാ..

വിജയന്‍(അമ്പരപ്പോടെ):ഇത് ഞാനാ...വിജയന്‍.

കുഞ്ഞാപ്പ:യ്യോ..ഇതെന്‍റെയൊരു സ്ഥിരം ഡയലോഗാണ് പുള്ളേ...ന്താ  ഇന്‍റെ..പ്രശ്നം?മലപ്പൊറത്തെക്ക്‌  വരണം.. ല്ലേ? ദേ ..ആ കാണുന്നത് കാലിഫോര്ണിയെലേക്ക് ചരക്കു കേറ്റാന്‍പോന്ന ഉരുവാണ്‌. നിങ്ങക്ക് രണ്ടാക്കും വേണ്ടി വേണങ്കില് ഞമ്മളിത് മലപ്പൊറം കടപ്പൊറം വഴി തിരിച്ചുവിടാം...

അടുത്ത് കെട്ടിയിട്ടിരിക്കുന്ന കൊതുമ്പു വള്ളത്തിലേക്ക്‌ ക്യാമറ തിരിക്കുക.(നിര്‍മ്മാതാവേ കപ്പല് കാണിക്കണമെങ്കില്‍ ചെലവു കൂടും പറഞ്ഞേക്കാം)

ദാസന്‍:ഉമ്മന്‍ പോലീസിന്‍റെ കയ്യില്‍പെട്ടാലോ?  

കുഞ്ഞാപ്പ:അതിനു പോലീസിന്‍റെ  മൂക്കിനകത്തേക്കല്ലാലോ..നിങ്ങള് പോണത്.പോലീസും കില്ലിസ്സും ഇല്ലാത്ത ഒരുപാട് കടപ്പൊറം മലപ്പൊറത്തൊണ്ട്.അത് കുഞ്ഞാപ്പൂനു നല്ലപോലറിയാം. ങ്ങളൊരൊറ്റക്കാര്യം ചെയ്‌താല്‍ മതി.വെള്ളത്തോപ്പീം പച്ച ബെല്‍റ്റും കരുതണം .കരപറ്റ്യാലൊടന്‍ വെള്ള ബനിയന്റേം ലുങ്കീടേം കൂടെ അതെടുത്തിട്ടോളീന്‍.പിന്നെ അത്യാവശ്യം ചെല വാക്കുകള് ഞാനിപ്പം പഠിപ്പിച്ചു തരാം..ഒന്നൂല്യാ...അസലാമു അലൈക്കും....വലൈക്കും ഉസലാം...

ദാസന്‍:ഇയ്യാള് നമ്മളെ വലയ്ക്കുമോ?

കുഞ്ഞാപ്പ: ല്ലെടാ ശെയ്ത്താനേ ...ആരേലും ചോയ്ച്ചാല് ..കുഞ്ഞാപ്പൂ കാ ദോസ്ത് ..കുഞ്ഞാപ്പൂ കാ ദോസ്ത് ..എന്ന് പറഞ്ഞാ മതി ..ബാക്കിയൊക്കെ ഞമ്മളേറ്റു.പിന്നെ അവിടെച്ചെന്നു ഐസ്ക്രീം ..ചാക്ക്..റൌഫ് .എന്നൊന്നും മിണ്ടിയേക്കല്ല് ...അതൊക്കെ മുട്ടന്‍ ചീത്തവാക്കുകളാ...

വിജയന്‍:അപ്പൊ എല്ലാം പറഞ്ഞപോലെ കുഞ്ഞാപ്പാ ...

ദാസന്‍:കുഞ്ഞാപ്പ ഞമ്മടെ ദൈവാ ...കുഞ്ഞാപ്പ ഞമ്മടെ ദൈവാ ..

കണ്ണു തുടച്ചു നില്‍ക്കുന്ന കുഞ്ഞാപ്പുവിന്‍റെ അടുത്തേക്ക് വരുന്ന  ഐസ്ക്രീം വില്‍പനക്കാരന്‍റെ അവസ്ഥ പ്രേക്ഷകനിലേക്ക് വിട്ടുകൊണ്ടു
കൊതുമ്പു വള്ളത്തിലേറി തുഴഞ്ഞു പോകുന്ന ദാസന്‍റെയും വിജയന്‍റെയും പിന്നില്‍ ജ്വലിച്ചു നില്‍ക്കുന്ന ചുവന്ന സൂര്യനിലേക്കു ക്യാമറ പതുക്കെ തിരിയുമ്പോള്‍ എഴുതിക്കാണിക്കണം "ശുഭം"

(നിര്‍മ്മാതാവിന്‍റെ കയ്യില്‍ കാശ് ബാക്കിയുണ്ടെങ്കില്‍  
മലപ്പുറത്ത്‌ ഇറങ്ങുന്ന ദാസനെ നായിക കല്യാണം  കഴിക്കുന്നതായി തിരുവനന്തപുരത്തെക്കൊരു ക്ലൈമാക്സും വിജയനെ കല്യാണം കഴിക്കുന്നതായി കണ്ണൂരേക്കൊരു  ക്ലൈമാക്സും കടല് നീന്തി വന്നു കുഞ്ഞാപ്പ കെട്ടുന്നതായി മലപ്പുറത്തേക്കൊരു  ക്ലൈമാക്സും എടുത്തു വച്ചാല്‍ നന്നായിരിക്കും.)

Monday, June 11, 2012

സ്ഥലത്തെ പ്രധാന പരോപകാരികള്‍

                   ചാനലുകാരും രാഷ്ട്രീയക്കാരും ചേര്‍ന്നവതരിപ്പിച്ച നെയ്യാറ്റിന്‍കര റിയാലിറ്റി ഷോ അവസാനിച്ചു.ശെല്‍വരാജ് എന്ന പുതിയ സൂപ്പര്‍സ്റ്റാറിന്‍റെ  (പ്രിഥ്വിരാജ് ക്ഷമിക്കുക ഇതു മറ്റൊരു സുപ്പര്‍സ്റ്റാര്‍ രാജ് ആണ്) ഉദയം കണ്ട ഈ ഷോയുടെ ഫലം പതിനഞ്ചാം തീയതി വരുമ്പോള്‍  അഴിമതി നടത്താനുള്ള പുതിയ അവസരവും MLA  ക്വാര്‍ട്ടേഴ്സില്‍ ഒരു ഫ്ലാറ്റും സമ്മാനമായിക്കിട്ടുന്നതാര്‍ക്കെന്ന കാര്യവും എലിമിനേഷന്‍ റൌണ്ടില്‍ പുറത്തായ ജനങ്ങള്‍ക്ക്‌ കാണാം .എന്തിനാണ് നമ്മള്‍ വോട്ടു ചെയ്യേണ്ടതെന്ന ചോദ്യത്തിനു രാഷ്ട്രീയക്കാരില്‍ നിന്ന് കിട്ടിയ ഉത്തരം കാലുമാറ്റത്തിനും വഞ്ചനക്കുമെതിരെ,കൊലപാതകരാഷ്ട്രീയത്തിനെതിരെ,ഭൂരിപക്ഷ സമുദായത്തിന്മേലുള്ള  പീഡനത്തിനെതിരെ എന്നിങ്ങനെയായിരുന്നു.ഈ മണ്ഡലത്തിലെ ജനകീയ പ്രശ്നങ്ങളിളിടപെട്ടു നിയമസഭയില്‍ നിയമനിര്‍മ്മാണ പ്രക്രിയയില്‍ പങ്കെടുത്തു നാടിനു നന്മ ചെയ്യുന്ന ഒരു ജനപ്രതിനിധിയെ തരാം എന്ന് ആരും പറഞ്ഞില്ല.ഉത്സവത്തിനു അമ്പലത്തിലും പള്ളിയിലും പോകുന്ന ആവേശത്തില്‍ പോളിംഗ് ബൂത്തില്‍ ക്യൂ നിന്ന് വോട്ടു ചെയ്തു മടങ്ങിയ പൊതുജനവും ഇത്തരം ചോദ്യോത്തരങ്ങള്‍ക്കു സമയം കണ്ടെത്തിയതായി തോന്നുന്നില്ല.അല്ലെങ്കില്‍ ഏതവന്‍  ജയിച്ചാലും കഞ്ഞി കുടിച്ചു കഴിയണമെങ്കില്‍ സ്വയം അധ്വാനിച്ചു വക കണ്ടെത്തണമെന്ന തിരിച്ചറിവാകാം കാരണം.



               ചന്ദ്രശേഖരന്‍ വധം ഒരു രാഷ്ട്രീയ ക്രൂരതയായി ചര്‍ച്ച ചെയ്ത സമൂഹത്തിലേക്കാണ് വണ്‍..  ടൂ... ത്രീ ...പതിമൂന്ന്‌ എന്നു പറഞ്ഞു മണിയാശാന്‍റെ കടന്നുവരവ്.ബാറ്റ്മാന്‍ സീരീസില്‍ ഹീത്ത് ലെട്ജെര്‍ അനശ്വരമാക്കിയ വില്ലന്‍ ജോക്കറിനെപ്പോലെ പാര്‍ട്ടിക്കാരെയും ചാനലുകാരെയും ഞെട്ടിച്ചു ആശാന്‍റെ നാക്ക് വ്യതിചലിച്ചപ്പോള്‍ സഹായ സഹകരണ കൊലപാതകങ്ങളുടെ പുതിയ പഴയ കഥകളാണ് പുറത്തു വന്നത്.ചാനലുകള്‍ ഇവിടെ അവതരിക്കുന്നതിനു മുന്‍പേ മണ്മറഞ്ഞ അഞ്ചേരി ബേബിയും ബാലുവും നാല്‍പ്പാടി വാസുവും ജയകൃഷ്ണന്‍ മാഷുമൊക്കെ ശവമാടം പൊളിച്ചിറങ്ങി ഇടതന്‍റെയും വലതന്‍റെയും താമരക്കാരുടെയുമൊക്കെ ഉറക്കം കെടുത്താനിറങ്ങിയിരിക്കുകയാണ്.എങ്കിലും മാധ്യമങ്ങള്‍ എത്രനാള്‍ പ്രധാന വാര്‍ത്തയാക്കും എന്നതനുസരിച്ചിരിക്കും ഇവരുടെയൊക്കെ പുതിയ ജീവിതം.അല്ലെങ്കില്‍,കണ്ടാല്‍ പരസ്പരം കടിച്ചു കീറാന്‍ നില്‍ക്കുന്നവര്‍ക്ക് ചാണ്ടിച്ചന്‍റെ  താറാവുകറിയും കുഞ്ഞാപ്പയുടെ ബിരിയാണിയും കഴിച്ചു ഒരു അത്താഴപ്പാര്‍ട്ടിയിലൂടെ മുക്കിക്കളയാവുന്ന ചെറിയ പ്രശ്നം മാത്രമാണ് ഈ ശവക്കുഴി തോണ്ടല്‍ .


 
ഇപ്പോള്‍ മണിക്കെതിരെ പ്രസംഗത്തിന്‍റെ  പേരില്‍ കേസെടുത്ത പോലീസ്സ് തന്നെയാണ് ജഡ്ജി കൈക്കൂലി വാങ്ങുന്നതു കണ്ടെന്നു പറഞ്ഞ സുധാകരനെതിരെയും കേസെടുത്തത്.എന്നിട്ടെന്തായി?ഒരു സഖാവും അതിനെക്കുറിച്ചു ഇപ്പോള്‍ സൂചിപ്പിക്കുന്നതു പോലും ഇല്ല .തെരഞ്ഞെടുപ്പു കാലത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന മറ്റു ചില പ്രതിഭാസങ്ങളാണ് ലാവലിന്‍,ഐസ്ക്രീം,റൌഫ് തുടങ്ങിയവ.കയ്യാമം വച്ച് നടത്തപ്പെടും എന്ന് പറഞ്ഞവര്‍ അധികാര സ്ഥാനങ്ങളില്‍ തുടരുകയും കയ്യാമം വയ്പ്പിക്കും എന്ന് പറഞ്ഞയാള്‍ ഇപ്പോള്‍ കയ്യാമത്തിനരികെയുമായതും  പരോപകാരത്തിന്‍റെ  മറ്റൊരു ഉദാഹരണമല്ലേ?മൂന്നാറിലും മതികെട്ടാന്‍ മലയിലുമൊക്കെ നൂറുകണക്കിന് ഏക്കര്‍ സ്ഥലം വെട്ടിപ്പിടിച്ച മലയോര കൊണ്ഗ്രസ്സുകാര്‍ക്കും മണിയന്മാര്‍ക്കുമൊക്കെ വിഷമം വയനാട്ടിലെ രണ്ടരയേക്കറിനെക്കുറി ച്ചാണ്.നിയമത്തിന്‍റെ ബുള്‍ഡോസ്സറു മായിറങ്ങുമെന്നു പറഞ്ഞ തിരുവഞ്ജൂരിന്‍റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന് പറയേണ്ടി വരുന്നു.
                സ്കൂളും കോളേജും കോഴ്സുമെല്ലാം വാരിക്കോരി നല്‍കി സമുദായ നേതാക്കള്‍ക്ക് കച്ചവടം നടത്താന്‍ സഹായം ചെയ്യുന്നതില്‍  റബ്ബും റബ്ബര്‍ ജോസഫും പോളിറ്റ് ബേബിയുമൊക്കെ ഒരു പോലെ മത്സരിക്കുകയായിരുന്നല്ലോ. പരോപകാരത്തിന്‍റെ  എളമരം ചാണ്ടി കഥകള്‍ പറയുന്ന ടൈറ്റാനിയത്തിലെ അഴിമതിക്കും ഇന്നെന്തു സംഭവിച്ചു.അവിടെ ദ്രവിച്ചു കൊണ്ടിരിക്കുന്ന യന്ത്രസാമഗ്രികള്‍ ജനാധിപത്യത്തിന്‍റെ നാണക്കേടായി നമുക്ക് മുന്‍പില്‍ നില്‍ക്കുന്നു.അച്ചുമ്മാനും ഐസ്സക്കും അന്നുണ്ടാക്കിയ കോലാഹലങ്ങള്‍ കണ്ടു മുഖ്യമന്ത്രി ക്കുപ്പായം തുന്നിച്ച  ചെന്നിത്തലയോ വോട്ടിട്ട് ഇവരെയൊക്കെ ജയിപ്പിച്ചുവിട്ട പോതുജനമാണോ വിഡ്ഢിയായതെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.അഴിമതി കാട്ടി ജയിലു കണ്ട ഒരു പിള്ളേച്ചന്‍ രക്തത്തില്‍ ഇരുമ്പു കൂടുന്ന  ഒരു മഹാരോഗം പിടിപെട്ടു ഗുരുതരാവസ്ഥയില്‍ ഇപ്പോള്‍ സുഖമായി നമുക്കിടയില്‍ വിലസുന്നതും ഈ പരസഹായ ക്കമ്മിറ്റികള്‍ നമുക്ക് കാട്ടിത്തന്നു.(അദ്ദേഹത്തിന്റെ രക്തത്തിലെ ഇരുമ്പു കൊണ്ടാണ് പൂജപ്പുരയിലെ കമ്പികളുണ്ടാക്കിയതെന്നും പറയാന്‍പറ്റാത്തിടത്ത് കേറ്റാന്‍ പറ്റിയ പാരകള്‍ പണിയാന്‍ ആ ഇരുമ്പ് പഷ്ടാനെന്നും ചില ദ്രോഹികള്‍ പറഞ്ഞു നടക്കുന്നുണ്ട് കേട്ടോ).

                സ്വന്തം ജോലിയോട് ആത്മാര്‍ഥതയുള്ള ചില ഉദ്യോഗസ്ഥരെങ്കിലും ഇപ്പോഴും ഉള്ളതു കൊണ്ട് ഭരണയന്ത്രം പതുക്കെയാണെങ്കിലും തിരിഞ്ഞുകൊണ്ടെയിരിക്കുന്നു.ഇടയ്ക്കിടയ്ക്ക് ജനസമ്പര്‍ക്കം എന്ന റിയാലിറ്റി ഷോ നടത്തി ജനങ്ങളെ പറ്റിക്കാമെന്ന മുഖ്യന്‍റെയും കൂട്ടരുടെയും തന്ത്രത്തിന് എത്രനാള്‍ ആയുസ്സുണ്ടാകും.ഇതുവരെ തുടങ്ങാത്ത ബുള്ളറ്റ് ട്രെയിനിന്‍റെയും അതിവേഗ പാതയുടെയും പടം കാണിച്ചു വാര്‍ഷികപരസ്യം മിനിട്ടിനു മിനിട്ടിനു നല്‍കുന്നത് ജനങ്ങളെ പറ്റിക്കാനോ അതോ ചാനലുകാര്‍ക്ക് വരുമാനമുണ്ടാക്കിക്കൊടുക്കാനുള്ള പുതിയ പരസഹായ പ്രവര്‍ത്തനമാണോ  എന്നു നമ്മളാണ് ചിന്തിക്കേണ്ടത് .കാരണം പൊതുജനം കഴുതയെന്നു പറയുന്നത് ഈ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ചേര്‍ന്നാണ്!

Saturday, May 26, 2012

മണി വരുന്നേ… മണി!

ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ടു പാര്‍ട്ടിയുടെ നിരപരാധിത്വം തെളിയിക്കുവാന്‍ നേതാക്കള്‍ പെടാപ്പാട് പെടുമ്പോള്‍ വിചിത്രമായ ഒരു അവകാശവാദവുമായി സിപിഎം ഇടുക്കി ജില്ലാസെക്രട്ടറി  എം മണി എത്തിയിരിക്കുന്നു .രാഷ്ട്രീയ പ്രതിയോഗികളെ ഇതിനു മുന്‍പും തങ്ങള്‍ കൊന്നിട്ടുണ്ടെന്ന് അഭിമാനപൂര്‍വം തട്ടിവിട്ടിരിക്കുകയാണ് .തങ്ങള്‍ എങ്ങനെയാണ് പട്ടിക തയ്യാറാക്കിയതെന്നും ആരെയൊക്കെ എങ്ങനെ കൊന്നുവെന്നതും വിദ്വാന്‍ രസകരമായി അവതരിപ്പിച്ചിരിക്കുന്നു.പാര്‍ട്ടിക്കുണ്ടായ നാണക്കേടിന്‍റെ ആഴം വീണ്ടും കൂട്ടാന്‍ മണിമുഴക്കി ഹംസഗാനം പാടിയെത്തിയിരിക്കുന്ന ഇത്തരം സഖാക്കള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.


Thursday, May 24, 2012

സര്‍ദാര്‍ജീടെ ഡയറിക്കുറിപ്പുകള്‍

 സര്‍ദാര്‍ജീടെ  ഡയറിക്കുറിപ്പുകള്‍
 ----------------------------------------------------------------------------------------------------------------------------
 23/05/2012
"വെന"സ്ഡേ 
ഓംഅമേരിക്കായ നമഹ

ഇന്നലെ ...ങ്ങടെ മന്ത്രിസഭേടെ മൂന്നാം പിറന്നാളായിരുന്നു.അടിപൊളി പാരട്ടിയാര്‍ന്നു അറേഞ്ചു ചെയ്തത്. .മദാമ്മെടേം മക്കടേം ബ്രേക്ക് ഡാന്‍സും യാദവന്മാരുടെ സംഘ നൃത്തവും കലക്കി ..അറിയാതെ ഞാനും ഒന്ന് തുള്ളിപ്പോയി.ആ ബംഗാളി പെണ്ണുമ്പിള്ള വരാഞ്ഞത് നന്നായി. അവക്ക് ഈ യൂത്തിന്‍റെ പരിപാടീന്നു കേട്ടാലെ ചൊറിച്ചിലാ..ഒരുമാതിരി കാട്ടുജാതി പോലെ.

മ്ടെ അംബാനിക്കൊച്ചുങ്ങളും ടാറ്റാഭായിം ഒക്കെ കൊണ്ടുവന്ന സമ്മാനങ്ങളിടാന്‍ സ്വിസ് ബാങ്കില്‍ ഇനീം അക്കൗണ്ട്‌ തരാക്കണം .

ഇനി ..മ്മ്ടെ വക ഒരു സമ്മാനം ല്ലാര്‍ക്കും കൊടുക്കണം. മ്ടെ അംബാനി മോന് പ്രത്യേകിച്ചും.

Tuesday, May 22, 2012

ചന്ദ്രശേഖരനെ കൊല്ലിച്ചതാര് ?


          കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ പുത്തരിയല്ല.മരിച്ചവരുടെ കുടുംബാംഗങ്ങളുടെ നിശബ്ദ വേദനയില്‍ മാത്രം ഒതുങ്ങുന്ന സംഭവമായി ,ഒരു വൈകുന്നേരത്തെ ചാനല്‍ ചര്‍ച്ചയില്‍ ചൂട് പിടിപ്പിക്കുന്ന വാഗ്വാദങ്ങളായി മാത്രം  ഒടുങ്ങുന്ന ആ മരണങ്ങളില്‍ അവസാനത്തെതായിരുന്നു ഷുക്കൂര്‍ വധം.അതി നിഷ്ടൂരമായ വിചാരണ  ക്കൊലപാതകമായിട്ടും പ്രാദേശികമായ ചില പ്രതിഷേധങ്ങളല്ലാതെ കേരളമൊട്ടുക്കു അതൊരു 'വെറും സാധാരണ' രാഷ്ട്രീയ പകപോക്കല്‍ മാത്രമായാണ് കണ്ടത്.ശുക്കൂറിനെപ്പോലുള്ള യുവാക്കളെ എതിരാളികളുടെ കാറ് തടയാനും മന്ത്രിസ്ഥാനത്തിന് വേണ്ടി പ്രകടനം നടത്തിക്കാനും  'കറിവേപ്പിലപോലെ (അഭിസാരിക അല്ല)ഉപയോഗിച്ച് ഉപേക്ഷിക്കുന്ന  സ്വന്തം മുന്നണിക്കാര്‍ക്ക് പോലും ആ മരണത്തില്‍ വലിയ താല്പ്പര്യമുള്ളതായി തോന്നിയില്ല. പക്ഷെ ചന്ദ്രശേഖരന്‍ വധം കേരളത്തില്‍ അങ്ങോളമിങ്ങോളം ചര്‍ച്ചാവിഷയമായത് അദ്ദേഹത്തിന്‍റെ മുഖത്തേറ്റ അന്‍പത്തിരണ്ടു വെട്ടുകള്‍ കൊണ്ട് മാത്രമായിരുന്നില്ല . 'കമ്മ്യുണിസ്റ്റ്കേരളത്തി'ല്‍ ഉണ്ടായ അപചയങ്ങളെ കമ്മ്യൂണിസ്റ്റ് പാതയിലൂടെത്തന്നെ നേരിട്ട ധീര രക്തസാക്ഷിത്വം കൊണ്ട് കൂടിയായിരുന്നു.

Sunday, May 20, 2012

വീണ്ടും വി എസ് ( We Yes)

നിലവിലുള്ള സംസ്ഥാന നേതൃത്വത്തില്‍ മാറ്റം വേണമെന്നും ഈ രീതിയില്‍ രാഷ്ട്രീയപ്രവര്‍ത്തനം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായി റിപ്പോര്‍ട്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും സിതാറാം യെച്ചൂരിക്കുമാണ് കത്ത് അയച്ചിട്ടുള്ളത്.ഈ നീക്കത്തിലൂടെ കേരള രാഷ്ട്രീയത്തില്‍ ജനങ്ങളുടെ മനസ്സറിയുന്ന ജനനായകന്‍ തന്നെയാണ് താനെന്നു വി എസ് വീണ്ടും തെളിയിച്ചിരിക്കുന്നു.

ഒന്ന് കിട്ടിയാലേ നീയൊക്കെ നന്നാവൂ അല്ലേ...കുടുംബം മുടിക്കാനിറങ്ങിയവന്‍....പാര്‍ട്ടിയില്‍ നിന്നും സാധാരണക്കാര്‍ അകന്നു പോകുന്നുവെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി കുലംകുത്തികളുടെ പേരുപറഞ്ഞു അണികളുടെ വായ്മൂടാന്‍ ശ്രമിക്കുന്ന പിണറായിക്കില്ലെങ്കിലും ധീരമായ വിപ്ലവപ്രവര്‍ത്തനങ്ങളിലൂടെ സിപിഎം രൂപീകരിക്കാനും വളര്‍ത്താനും ജീവിതം ഉഴിഞ്ഞുവച്ച സഖാവിനു എത്രകാലം പ്രതികരിക്കാതിരിക്കാന്‍ കഴിയും? പാര്‍ട്ടി എന്തോ തീപ്പന്തം കത്തിക്കുമെന്ന് പറഞ്ഞ വിജയേട്ടന്‍ ഇനി തലയ്ക്കു തീ പിടിച്ച പോലെ പായുന്നത് കാണാം.

Friday, May 18, 2012

കള്ളച്ചിരിയുടെ ഒരു വര്‍ഷം

 എങ്ങനെയുണ്ടാശാനേ..????
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ (UDF സര്‍ക്കാര്‍ അല്ല! )   ഒരു വര്‍ഷം പിന്നിടുന്നു.ഈ ഭരണം എന്താണ് കേരളത്തിന്‌ നേടിത്തന്നത്?  21 മന്ത്രിമാരില്‍ എത്രപേരെ ജനങ്ങള്‍ക്ക്‌ ഓര്‍മ്മിച്ചെടുക്കാന്‍ കഴിയും?നമ്മുടെ നികുതിപ്പണം തിന്നു കൊഴുക്കുന്ന ഇവര്‍ക്ക് നിങ്ങള്‍ എത്ര മാര്‍ക്ക് കൊടുക്കുന്നു? കുഞ്ഞാലിക്കുട്ടിയും മാണിയും ചേര്‍ന്നു നിശബ്ധമായി നടത്തുന്ന അഴിമതികള്‍ പുറത്തുകൊണ്ടു വരാന്‍ മാധ്യമങ്ങള്‍ക്ക്  പോലും ധൈര്യമില്ലാതെ പോകുന്നതെന്തു കൊണ്ടാണ് ?
അനക്ക് ബെച്ചിട്ടൊണ്ട്..ഒരെട്ടിന്‍റെ പണി !   


                  ഭരണ തലത്തില്‍ അതിവേഗം ജനങ്ങളില്‍ നിന്ന് ബഹുദൂരം അകന്നു പോവുകയാണ് ഈ മന്ത്രിസഭ.  ഇനിഒരിക്കല്‍ക്കൂടി  പാര്‍ടിയുടെ  മുഖ്യമന്ത്രി ആകാന്‍ കഴിയില്ല എന്നറിയാവുന്ന ഉമ്മന്‍ ചാണ്ടി അധികാരം നിലനിര്‍ത്താന്‍ നട്ടെല്ല് വളച്ചു മുസ്ലിം ലീഗ് നേതാക്കളുടെയും സുകുമാരന്‍ നായ രുടേയും മുന്‍പില്‍ കുമ്പിട്ടു കിടക്കുന്ന ദയനീയ കാഴ്ചയാണ് നിലവില്‍ .മെട്രോ റെയില്‍ പദ്ധതിയില്‍ നിന്നും ഡല്‍ഹി മെട്രോയെ ഒഴിവാക്കാന്‍ നടത്തിയ നീക്കങ്ങളും അതിന്‍റെ അക്കൗണ്ട്‌ സ്വന്തക്കാരന്‍റെ ബാങ്കിലാക്കിയതും മാത്രം മതി ഈ മുഖ്യമന്ത്രിയുടെ  വികസന നയം (സ്വന്തം പോക്കെറ്റിന്‍റെ മാത്രം വികസനം ) മനസ്സിലാക്കാന്‍.കേസ്സുകളില്‍ നിന്ന് രക്ഷപെടാന്‍ നടക്കുന്നതിനിടയില്‍ ചാണ്ടിക്കും കുഞ്ഞാലിക്കക്കും എവിടെ ഭരിക്കാന്‍ സമയം ?

Tuesday, May 1, 2012

മെയ്‌ ദിന ചിന്തകള്‍


 1886 മെയ്‌ 1 നു ചിക്കാഗോ തെരുവീഥിയില്‍ ഒത്തുകൂടിയ ജനങ്ങളുടെ സമരാഗ്നി ഇന്ന്  വാള്‍സ്ട്രീറ്റ്  പ്രക്ഷോഭത്തിലെത്തി നില്‍ക്കുമ്പോള്‍ സമര പശ്ചാത്തലം മാത്രം മാറുന്നില്ല.അടിച്ചമര്‍ത്തപ്പെട്ടവന്റെ അമര്‍ഷം കൂടുതല്‍ ശക്തിയോടെ ജ്വലിക്കുന്നത് വീണ്ടും മുതലാളിത്വത്തിന്റെ ഉറക്കം കെടുത്തുന്നു.പക്ഷെ ഉദാരവല്കരണത്തിന്റെ ഫലമായി തുറക്കപ്പെട്ട കച്ചവട മായക്കാഴ്ച്ചകള്‍ക്ക്  മുന്നില്‍ മതിമറന്നു നില്‍ക്കുന്ന ഇന്ത്യന്‍ സമൂഹം ഈ ദിനത്തിന് എന്തു പ്രാധാന്യം  കല്പ്പിക്കുമെന്നു കരുതണം?

തൊഴിലാളി എന്ന് കേള്‍ക്കുമ്പോള്‍ ദളിതന്‍ എന്ന വാക്കുണ്ടാക്കുന്ന മനംപുരട്ടലോടെ മുഖം ചുളിക്കുന്ന ആധുനിക 'പ്രോഫെഷനലുകള്‍ തങ്ങളും ആ വിഭാഗത്തിലുള്ളവരാനെന്നത്  മറക്കുകയും സമരങ്ങള്‍ നേടിത്തന്ന അവകാശങ്ങള്‍ ആവോളം ആസ്വദിക്കുകയും സമരങ്ങളെ തമസ്കരിക്കുകയോ പരിഹസിക്കുകയോ ചെയ്തു പ്രായോഗികവാദി ചമയുകയുമാണ് ചെയ്യുന്നത് .     
മെയ്‌ ദിനം വിപ്ലവ പാര്‍ട്ടികള്‍ പോലും ചടങ്ങിനു വേണ്ടി മാത്രം ആചരിക്കുന്ന ഈ കാലത്ത് അക്ഷയ ത്രിതീയയും വാലെന്റ്ന്‍സ് ഡേയും മുന്‍ഗണന നേടുന്നത് കച്ചവട മാഫിയയുടെയും മാധ്യമ മാഫിയയുടെയും മാത്രം ശ്രമഫലമെന്നു കരുതാനാവില്ല . സമൂഹത്തിന്റെ മാറുന്ന മുഖം കാണിക്കുന്ന കണ്ണാടികളാണ് ഈ പ്രവണതകള്‍.പക്ഷെ നേഴ്സുമാരുടെ കാര്യത്തില്‍ സംഭവിച്ചത്  പോലെ ഗതികെട്ടാല്‍ വീണ്ടും യാഥാര്ത്യതിലേക്ക്  തിരിച്ചു വരാന്‍ കഴിയുമെന്ന് കാലം തെളിയിച്ചിരിക്കുന്നു .






...............................................................................................................



Monday, April 30, 2012

പൊളി ....ട്രിക്ക്സ്.......

പൊളി ....ട്രിക്ക്സ്.......







രാഷ്ട്രീയത്തില്‍ മിടുക്കന്മാര്‍ ആകാന്‍ ചില പൊടിക്കൈകള്‍ .....






ആമുഖമായി നമുക്ക്  ചില പൊതു തത്വങ്ങള്‍ പഠിക്കാം 

1.ഏപ്പോഴും ഒരു കൂട്ടം മണ്ടന്മാരെ നക്കാപ്പിച്ച സഹായം നല്‍കി കൂടെ നിര്‍ത്തണം. കാറില്‍ വന്നിറങ്ങുമ്പോള്‍ മുദ്രാവാക്യ സംഗീതം മുഴക്കാനും എതിര്‍ ഗ്രൂപുകരുടെ കാലു തല്ലി ഒടിക്കാനും മുണ്ട് പറിക്കാനുമൊക്കെ ഉപയോഗപ്പെടും (ഉമ്മന്‍ ചാണ്ടി,മുരളീധരന്‍ )

2. ഏതെങ്കിലും മത സാമുദായിക സംഘടനയുമായി അടുത്ത ബന്ധമുണ്ടെന്നു വരുത്തിതീര്‍ക്കണം .പല തരത്തിലുള്ള വിലപേശലുകള്‍ക്കും അത് ഉപകാരപ്പെടും (രമേശ്‌ ചെന്നിത്തല ,കുഞ്ഞാലിക്കുട്ടി )

3.മാധ്യമ പ്രവര്‍ത്തകരോട്  വെളുക്കെ ചിരിച്ചു കൊണ്ട് തമാശയും കള്ളവും ഉളുപ്പില്ലാതെ പറയാനും പരിശീലനം നേടുക.(പി സി  ജോര്‍ജ് )

4.വികസനം.... വികസനം....അതിവേഗം ....ബഹുദൂരം..സുതാര്യത.....  തുടങ്ങിയ ചില വാക്കുകള്‍ പ്രസംഗത്തില്‍ എടുത്തിട്ടലയ്ക്കുക..പ്രസംഗത്തില്‍ മാത്രം.... .ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടു പൊതുമുതല്‍ കട്ടുമുടിക്കാന്‍ അത് സഹായിക്കും.(ഉമ്മന്‍ചാണ്ടി )

5.സ്വന്തം പാര്‍ട്ടിയില്‍ ഉള്ള  ശല്ല്യങ്ങളെ  ആദ്യം വെട്ടിനിരത്താന്‍ മറക്കല്ലേ.....(പിണറായി  )

 കൂടുതല്‍ വിവരങ്ങള്‍ക്കും വിജ്ഞാനങ്ങള്‍ക്കും മുകളില്‍ സൂചിപ്പിച്ച വ്യക്തികളെ പിന്തുടരുക
 
(തുടരും ....) 


Related Posts Plugin for WordPress, Blogger...

അണികളെ... നിങ്ങൾ ക്യൂവിലാണ് ....

                       ഓ  ഇനി  എത്ര  നേരം  ഈ  ക്യുവിൽ  നിൽക്കണം ആവോ   ??? മറ്റുള്ളവർ കേൾക്കാനെന്നപോലെ  ഉറക്കെയുള്ള  ഒരു  ആത്മഗതം കേട്ടാണ്...