നിലാവ് തെളിഞ്ഞു നിന്ന രാത്രിയിൽ തെരുവോരത്തെ ചവറ്റുകൂനക്കരികിൽ തൊട്ടുരുമ്മിയിരിക്കുകയായിരുന്നു ജിമ്മിയും ആമിനയും. "ജിമ്മീ എന്റെ ഏതു ഭാഗമാണ് നിനക്കേറ്റവും ഇഷ്ടം?" ന്യു ജെനറേഷൻ കാമുകിയുടെ ചോദ്യം കേട്ട് അവൻ ഒന്നു ഞെട്ടി .മനസ്സില്‍ വന്ന ഉത്തരം വിഴുങ്ങി അവൻ പറഞ്ഞു."പ്രിയേ ..ഉച്ചിഷ്ടം മണ്ണിട്ട് മൂടാനും ശരീരം നക്കി വൃത്തിയാക്കാനും ഉള്ള നിങ്ങളുടെ ശീലമുണ്ടല്ലോ,ഞങ്ങളുടെ ശുനകവർഗ്ഗത്തിൽ ഒറ്റയൊന്നിനുമില്ല .അതാ നിന്നെ എനിക്കിഷ്ടമായത്." ആ ഉത്തരത്തിനു മറുപടിയായി അവൾ തന്റെ വാലു കൊണ്ട് അവനെ സ്നേഹപൂർവ്വം തഴുകുക മാത്രം ചെയ്തു.
അപ്പോൾ അവരെച്ചുറ്റി ആ ചവറ്റുകൂനയ്ക്കു ചുറ്റും മാത്രം കാണുന്ന ഒരു കാറ്റ് വട്ടം കറങ്ങുന്നുണ്ടായിരുന്നു,കൂടെ മദ്യശാലയ്ക്കടുത്തു നിന്ന് വന്ന കുറച്ചു ശ്വാനന്മാരും .അതിൽ നേതാവെന്നു തോന്നിച്ചവൻ മുരണ്ടു. "നമ്മുടെ സമുദായത്തിലെ പയ്യനെ വശീകരിച്ചു കൊണ്ട് പോകുവാൻ ആ പൂച്ചകൾ മനപ്പൂർവം അയച്ചിരിക്കുകയാ അവളെ .പകരം വീട്ടിയില്ലെങ്കിൽ നമ്മൾ പട്ടികളാണെന്നു പറഞ്ഞിട്ട് കാര്യമില്ല"കേട്ട് നിന്ന പട്ടികൾ ആവേശപൂർവ്വം ഓരിയിട്ടു.എല്ലാവരും ഒരുമിച്ചു ആ കമിതാക്കളുടെ മുകളിൽ ചാടിവീണു.
കുടുംബശ്രീക്കാർ സർക്കാരിനെതിരെ സമരത്തിലായിരുന്നതിനാൽ അഞ്ചാറു പട്ടികൾ കടിച്ചു കീറിയ ആ പൂച്ചയുടെ ശരീരം ദിവസങ്ങളോളം ആ ചവറ്റു കൂനയിൽ കിടന്നു.അവൾക്കു വേണ്ടി ഹർത്താല്‍ നടത്താനും മെഴുകുതിരി കത്തിക്കാനും ആരുമുണ്ടായിരുന്നില്ല. .പൂച്ചകൾക്ക് ഫേസ് ബുക്കിൽ പോസ്റ്റിട്ടു പ്രതിഷേധിക്കാനും അറിയില്ലായിരുന്നല്ലോ....