Tuesday, July 17, 2012

ഗള്‍ഫിലെ അടിമയും മിനിഗള്‍ഫിലെ ഉടമയും

           വിദേശങ്ങളിലേക്ക് കുടിയേറി നരകയാതനകള്‍ സഹിച്ചു നാടിനും വീടിനും വേണ്ടി സ്വന്തം ജീവിതം മറന്ന അനവധി പ്രവാസജീവിതങ്ങള്‍ കേരളത്തിന്‍റെ എഴുതപ്പെടാതെ പോയ ചരിത്രങ്ങളാണ്.മരുഭൂമിയിലെ പൊള്ളുന്ന ചൂടില്‍ ഭാഷപോലുമറിയാതെ തൊഴിലുടമയുടെ ആട്ടും തുപ്പും ക്രൂരതയും അനുഭവിച്ച ഒരു തലമുറയുടെ പിന്മുറക്കാര്‍ക്ക് ഇപ്പോള്‍ അവിടത്തെ മാറിയ തൊഴില്‍ സാഹചര്യം-തൊഴിലവസരങ്ങള്‍ കുറഞ്ഞെങ്കിലും ശക്തമായ നിയമങ്ങളുടെ സംരക്ഷണം - തെല്ലൊന്നുമല്ല ആശ്വാസം പകരുന്നത്.ഈ മാറ്റത്തിന് കാരണമായത്‌ അവകാശ സമരങ്ങളോ പണിമുടക്കുകളോ അല്ല, സ്വന്തം സമ്പദ് വ്യവസ്ഥയില്‍ ഈ തൊഴിലാളികളുടെ പ്രാധാന്യം മനസ്സിലാക്കിയ അവിടത്തെ ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണവും നിയമങ്ങള്‍ നിര്‍മ്മിച്ച്‌ നടപ്പിലാക്കാനുള്ള അവരുടെ ഇച്ഛാശക്തിയും മാത്രമാണ്.അതുപോലെതന്നെ ദൃശ്യമാധ്യമങ്ങളുടെ വരവോടെ സ്വര്‍ണ്ണ ചെയിനും കൂളിംഗ് ഗ്ലാസ്സും ടേപ്പ് റിക്കാര്‍ഡറുമായി വര്‍ഷങ്ങള്‍ക്കിടെ പറന്നിറങ്ങുന്ന പ്രവാസിയുടെ യഥാര്‍ത്ഥ ചിത്രം മനസ്സിലാക്കിയ നാട്ടുകാര്‍ ഇന്ന് അവന്, അയക്കുന്ന ദിര്‍ഹത്തിന്‍റെ വിലയ്ക്കനുസരിച്ചുള്ള  വലിപ്പം  മാത്രമേ നല്കുന്നൂമുള്ളൂ.എങ്കിലും രൂപയുടെ മൂല്യമിടിയുമ്പോള്‍ കടം വാങ്ങിയെങ്കിലും അവന്‍ 'തള്ളി'വിടുന്ന പണം വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും വാഹനങ്ങളും മുന്തിയ ഭക്ഷണ ശീലങ്ങളുമായി ബന്ധുക്കള്‍ ആഘോഷിച്ചു തീര്‍ക്കുമ്പോള്‍, പ്രവാസം ഒരു തുടര്‍ക്കഥയായി,ജീവിതത്തിന്‍റെ നല്ലഭാഗം മണല്‍ക്കാടുകളില്‍ ഹോമിക്കേണ്ടി വരുന്ന പതിനായിരങ്ങള്‍ ഇന്നും ഗള്‍ഫ്‌ നാടുകളിലുണ്ട്.

വിദേശത്തേക്ക് വിമാനം കയറുന്ന മലയാളിയുടെ അതേ സ്വപ്നങ്ങളുമായി കേരളത്തിലേക്ക് കുടിയേറുന്ന എണ്ണം ഇന്ന് വളരെയധികം കൂടിയിട്ടുണ്ട്.സ്വന്തം നാട്ടില്‍ കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ കൂലി എന്ന വാഗ്ദാനം തന്നെയാണ് ഈ 'മിനി ഗള്‍ഫും' അവര്‍ക്ക് നല്‍കുന്നത്.പക്ഷേ നിര്‍ഭാഗ്യവശാല്‍ എഴുപതുകളിലെ ഗള്‍ഫിലെ മലയാളികളുടെ അവസ്ഥയ്ക്ക് സമാനമാണ് ഇന്ന് ഉത്തരേന്ത്യയില്‍ നിന്നും മറ്റുമെത്തുന്ന തൊഴിലാളികള്‍ക്ക് കേരളത്തില്‍ നേരിടേണ്ടിവരുന്നത്.മണിക്കൂറുകള്‍ക്കു വിലയില്ലാത്ത ജോലിസമയവും  പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും സൌകര്യങ്ങളില്ലാത്ത താമസസ്ഥലവും  മുതലാളിമാരുടെയും ഇടനിലക്കാരുടെയും ചൂഷണവും പീഡനവും എല്ലാം സമാനം.അന്ന് അപരിഷ്കൃതരായ അറബികള്‍ക്കിടയിലേക്കാണ് മലയാളികള്‍ എത്തപ്പെട്ടതെങ്കില്‍ ,അവകാശസമരങ്ങളുടെയും സോഷ്യലിസത്തിന്‍റെയും നാടായ കേരളം എന്ന വികസിത ഭൂവിലെ പരിഷ്കൃതരെന്നു സ്വയം ഭാവിക്കുന്ന സമൂഹത്തിലേക്കാണ് ഈ അന്യ സംസ്ഥാന തൊഴിലാളികള്‍ എത്തപ്പെടുന്നത് .അവര്‍ക്കു നേരെയുണ്ടാകുന്ന ക്രൂരതകള്‍ക്ക് എതിരെ ശബ്ദിക്കാന്‍ ഇവിടെ ഒരു തൊഴിലാളി പ്രസ്ഥാനവും മുന്നിട്ടിറങ്ങുന്നതായി കാണുന്നില്ല.ജോലി മറ്റുള്ളവര്‍ ചെയ്യട്ടെ ..കൂലി നമ്മള്‍ വാങ്ങാം .. എന്ന ശീലവും കണക്കുകൂട്ടലുമാകാം ഇതിനു പിന്നില്‍. 

                 പ്രവാസത്തിന്‍റെ എല്ലാ പ്രശ്നങ്ങളും മനസ്സിലാക്കിയ ഒരു സമൂഹം പക്ഷേ വിദേശത്ത് നിന്നും റബ്ബറില്‍ നിന്നും കിട്ടുന്ന 'അനര്‍ഹമായ' സമ്പാദ്യത്തില്‍ വളര്‍ന്ന് ഉപഭോഗ സംസ്കാരത്തിന്‍റെയും സ്വാര്‍ത്ഥതയുടെയും  പ്രതിരൂപങ്ങളായി മാറുകയാണിന്നു കേരളത്തില്‍...  ..ഇവര്‍ക്ക് കുപ്പി തുറന്നു കിട്ടിയ അടിമഭൂതങ്ങളാണ് ഈ മറുനാടന്‍ തൊഴിലാളികള്‍... മനുഷ്യരെന്ന പരിഗണനയെങ്കിലും ഇവര്‍ക്ക് നല്‍കാന്‍ മടിക്കുന്നവര്‍ ഓര്‍ക്കേണ്ടത് ഈ അപരിഷ്കൃത തൊഴിലാളി സമൂഹം നമ്മുടെ നാട്ടിലുണ്ടാക്കിയേക്കാവുന്ന സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചാണ്.തിരിച്ചറിയല്‍ രേഖകളുടെ അഭാവവും നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയും ഇവരെ എത്തിക്കുന്നത് കുറ്റകൃത്യങ്ങളുടെ മേഖലയിലേക്കാകും. വിസയും പാസ്പോര്‍ട്ടും ഒന്നും ബാധകമല്ലാത്തതിനാല്‍ എന്തും ചെയ്തു എങ്ങനെയും തിരിച്ചു പോകാന്‍ ഇവര്‍ക്ക് കഴിയും.മോഷണം ബലാല്‍സംഗം എന്നീ മേഖലകളില്‍ ഇവരില്‍ ചിലര്‍ കഴിവ് തെളിയിച്ചു കഴിഞ്ഞു.നമ്മുടെ രാഷ്ട്രീയ ശിങ്കങ്ങളുടെ ശിക്ഷണം കിട്ടിയാല്‍ ഇനി ക്വട്ടേഷന്‍ പരിപാടി കൂടി പഠിച്ചെടുത്തേക്കും.  ഇത്തരം അരാജകത്വത്തിലേക്ക് നമ്മുടെ നാട് വഴുതി വീഴാതിരിക്കാന്‍ ഈ തൊഴിലാളികള്‍ക്ക് ആധികാരികമായ തിരിച്ചറിയല്‍ രേഖയും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും നിര്‍ബന്ധമാക്കേണ്ടത് ഭരണകൂടങ്ങളുടെ പ്രധാന ചുമതലയാണ്.ഇന്നത്തെ കേരളത്തിന്‍റെ സാമൂഹ്യാവസ്ഥയില്‍ മറുനാടന്‍ തൊഴിലാളികളുടെ പ്രയത്നമില്ലാതെ ഇവിടത്തെ നോക്കുകൂലിക്കാരെക്കൊണ്ടുമാത്രം വികസനം എത്തിക്കാം എന്നത് വ്യാമോഹം മാത്രമാണ്.

വാല്‍ക്കഷ്ണം:ആടുജീവിതവും ഗദ്ദാമയുമൊക്കെ കേരളീയ പശ്ചാത്തലത്തില്‍ ഏതെങ്കിലും ബംഗാളികള്‍ എഴുതുന്ന കാലം വിദൂരമല്ല.

5 comments:

 1. ശ്രദ്ധിക്കപ്പെടാത്ത വേറെ ചില പ്രശ്നങ്ങളുമുണ്ട്.
  ബംഗാളിയെന്ന് പറഞ്ഞുവരുന്നവരില്‍ ഒരു വിഭാഗം ബംഗ്ലാദേശികളാണ്...

  വേറൊരു രാജ്യത്തെ പൌരന്മാര്‍

  ReplyDelete
  Replies
  1. അതു മാത്രമല്ല, ഇത്തരം കുടിയേറ്റം ഭീകരവാദ പ്രവർത്തനം വ്യാപകമാക്കുകയും ചെയ്യും..!!

   Delete
  2. ശരിയാണ്..അരാജകത്വത്തിന്റെ മറ്റൊരു മുഖമാണ് ഭീകരവാദം.

   Delete
 2. തൊഴിലാളി സ്വതത്ര്യത്തിന്റെയും, അവകാശങ്ങളുടെയം
  വക്താക്കളുടെ ഈറ്റില്ലം !!
  "അപ്പന് അടുപ്പിലും ആകാം"

  നല്ല നിരീക്ഷണം

  ReplyDelete
 3. കാര്യങ്ങള്‍ അക്ഷരം പ്രതി ശരിയാണ്..

  ReplyDelete

Related Posts Plugin for WordPress, Blogger...

അണികളെ... നിങ്ങൾ ക്യൂവിലാണ് ....

                       ഓ  ഇനി  എത്ര  നേരം  ഈ  ക്യുവിൽ  നിൽക്കണം ആവോ   ??? മറ്റുള്ളവർ കേൾക്കാനെന്നപോലെ  ഉറക്കെയുള്ള  ഒരു  ആത്മഗതം കേട്ടാണ്...