Thursday, August 29, 2013

സംഘികളേ.. സുടാപ്പികളേ.. ഫേസ്ബുക്ക് വിളിക്കുന്നു!.

 
        നവ മാധ്യമങ്ങളുടെയും ഇന്റർനെറ്റ്‌ ലഭ്യതയുടെയും വികാസത്തോടെ നമ്മുടെ ശ്രേഷ്ട ഭാഷ മലയാളത്തിനു ലഭിച്ച ചില പുതിയ പദങ്ങളാണ് സംഘി ,സുടാപ്പി,കമ്മി തുടങ്ങിയവ.കുറച്ചുനാൾ മുൻപ് പുറത്തുവന്ന ചെത്ത്,അടിപൊളി ,പോലെ നിരുപദ്രവകാരികളല്ല ഈ വാക്കുകൾ.സൈബർ ലോകത്ത് കൂടി മത പ്രചരണം നടത്തുന്ന മൂത്ത പണ്ഡിതന്മാർ സ്വയം എടുത്തണിയുന്നതും എതിരാളിക്ക് ചാർത്തിക്കൊടുക്കുന്നതുമായ വിശേഷണങ്ങൾ ആണ് ഇവ.എന്നാൽ സ്വന്തം മതത്തിന്റെ സംരക്ഷകരാണെന്നു സ്വയം കരുതുന്ന ഇവർ വാസ്തവത്തിൽ അറിഞ്ഞോ അറിയാതെയോ സമൂഹത്തിൽ മതസ്പർദ്ധ വളര്ത്തുകയാണ് എന്നതാണ് വാസ്തവം .അന്യ മതങ്ങളുടെ ഏതെങ്കിലും നേതാക്കൾ അവരുടെ യോഗത്തിൽ പ്രസംഗിച്ച വാചകങ്ങളോ അവരുടെ മുഖ പത്രങ്ങളിൽ വരുന്ന വാർത്തകളോചുരണ്ടി പൊതു വേദിയിൽ ഉന്നയിച്ചു വമ്പൻ ചർച്ച നടത്തുക എന്നതാണ് ഇവരുടെ പ്രധാന സൈബർ മതപ്രവർത്തനം.  അതോടു കൂടി തങ്ങൾക്കു ശത്രുവായി സങ്കൽപ്പിക്കാൻ പുതിയ  ആളുകളെക്കൂടി വിശ്വാസികൾക്ക് നല്കുന്നു.ശത്രുതാപരമല്ലാതെ സഹിഷ്ണുതയോടെയുള്ള വാർത്തകൾ ഒരിക്കലും ഇവരുടെ കണ്ണിൽപ്പെടാറില്ല എന്ന് തോന്നും.നിരന്തരമുള്ള പോസ്റ്റുകൾ കാണുമ്പോൾ.

ആദ്യകാലങ്ങളിൽ മതപരമായ പോസ്റ്റുകളെന്നത് വിശേഷ ദിവസങ്ങളിലെ ആശംസകളായും വചനങ്ങളായും അങ്ങേയറ്റം 'ഫോട്ടോഷോപ്പ്' വഴിയുള്ള അത്ഭുത ചിത്രങ്ങളും മാത്രമായിരുന്നു.പക്ഷേ ഇപ്പോൾ ഫേസ്ബുക്കിന്റെ  സ്വാതന്ത്ര്യം മനസ്സിലാക്കിയ മത തീവ്രവാദികൾ തങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും സമാനമനസ്ക്കരെ  തെരഞ്ഞെടുക്കാനും സംഘടിപ്പിക്കാനും   ഉപ യോഗിക്കുന്നത് കൂടാതെ സാധാരണ വിശ്വാസികളും ദൈവത്തോട്(?) സംവദിക്കാനുള്ള മാധ്യമമായി ഇതിനെ ഉപയോഗിക്കുന്നതാണ് വിചിത്രം .തങ്ങളുടെ മതത്തിൽപ്പെട്ടവർ ഇവിടെയും അവിടെയും പീഡിപ്പിക്കപ്പെടുന്നു ...ആ മതം ഭീകരവാദികളുടെതാണ്..അവരെ സൂക്ഷിക്കണം...അതാ ചിലർ മതം മാറ്റാൻ ഇറങ്ങിയിരിക്കുന്നു...നമ്മുടെ ദൈവത്തെ അതാ മറ്റവന്മാർ കളിയാക്കുന്നു..ഇതൊക്കെയായി പിന്നീടുള്ള വെളിപാടുകൾ.ഇപ്പോൾ അതും കടന്നു മറ്റു മതങ്ങളുടെ ആചാരങ്ങളെയും ചിഹ്നങ്ങളെയും വെറുതെ കളിയാക്കുക അതുവഴി  പ്രകോപനം സൃഷ്ടിക്കുക   എന്ന നിലയിലെക്കെത്തിയിരിക്കുന്നു.ഇതെല്ലാം സ്വന്തം ദൈവത്തിന്റെ പ്രീതി പിടിച്ചുപറ്റാനും ഭാവിയിലെ സ്വർഗരാജ്യം ഉറപ്പു വരുത്താനുമാണെന്നതാണ്  തമാശ .എന്നാൽ മതങ്ങളുടെ വലിപ്പച്ചെറു പ്പങ്ങളെക്കുറിച്ചു വാചാലരാകുന്ന ഇവർ സ്വന്തം മതത്തിന്റെ മുല്യങ്ങൾ മറ്റുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്കുന്ന ഒരു വരിയോ ലേഖനമോ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നില്ല .
                                     ഒരു ഹിന്ദുവിന്  അവന്റെ മതത്തിലെ ദൈവസങ്കൽപ്പത്തെക്കുറിച്ച്, അല്ലെങ്കിൽ വേദങ്ങളും ഉപനിഷത്തുക്കളും പുരാണങ്ങളും നല്കുന്ന വിജ്ഞാനം, പൊതു സമൂഹത്തിനു മുന്നിലവതരിപ്പിച്ചു അവരിൽ ആ മതത്തെക്കുറിച്ച് അവബോധമുണ്ടാക്കാൻ കഴിയും.അതുപോലെ ഒരു മുസ്ലിമിനു തന്റെ വിശുദ്ധ ഗ്രന്ഥത്തിലെ ആശയങ്ങളും വിശദീകരണങ്ങളും മറ്റുള്ളവരിലേക്ക് എത്തിക്കാനും ഇത്തരം മാധ്യമങ്ങൾ ഉപയോഗിക്കാം.ഇത്തരം കാര്യങ്ങൾ തെറ്റില്ലാതെ വിശദീകരിക്കണമെങ്കിൽ ശരിയായ രീതിയിൽ നേടിയ അറിവ് സ്വന്തം മതത്തെക്കുറിച്ച് ഉണ്ടായിരിക്കണമല്ലോ?ഇതിനു മെനക്കെടാൻ വയ്യാത്ത മതവാദികളാണ് മുസ്ലിമിന്റെ താടിയും തൊപ്പിയും ബുർഖയുമൊക്കെ അലട്ടുന്ന ഹിന്ദുവായും ഹിന്ദുവിന്റെ  വിഗ്രഹാരാധനയും കുറിയും ശിവലിംഗവുമൊക്കെ  ബുദ്ധിമുട്ടായി തോന്നുന്ന മുസ്ലിമായുമൊക്കെ  ഫെസ്ബുക്കിലും മറ്റും അവതരിക്കുന്നത്.പരസ്പരം ബാധിക്കാത്ത മതനിഷ്ടകളെ എന്തിനിവർ പരിഹസിക്കാൻ മാത്രം എതിർക്കുന്നു?എന്നാൽ ഏതെങ്കിലും മതത്തിൽപ്പെട്ടവർ അതതു മതങ്ങളിലെ അനാചാരങ്ങളെ എതിർത്താൽ അവർ സന്ഘി ചാരൻ ,സുടാപ്പി ചാരൻ,ഉത്തിവാദി,കമ്മി ...എന്തെല്ലാം വിശേഷണങ്ങൾ.

അസഹിഷ്ണുത മുഖമുദ്രയാക്കിയ ഇന്നത്തെ സമൂഹത്തിൽ മതാന്ധത ബാധിച്ച കുറുക്കന്മാർക്ക് അല്പജ്ഞാനികളായ വിശ്വാസികളെ എങ്ങനെയും ഉപയോഗിക്കാൻ കഴിയും എന്നത് പല കലാപങ്ങളുടെയും കാരണങ്ങൾ തിരയുമ്പോൾ മനസ്സിലാക്കാം..തെറ്റിദ്ധാരണ പരത്താൻ മാത്രം മാധ്യമങ്ങളെ ഉപയോഗിക്കുന്നവരിൽ നിന്ന് വിശ്വാസികളെ രക്ഷിക്കാൻ കഴിയുക അതതു മതങ്ങളിലെ അറിവുള്ളവർക്ക് മാത്രമാണ്.ആദ്യം സ്വന്തം മതത്തിലേയും മറ്റു മതങ്ങളിലെയും നന്മകളെ ഒരു പോലെ അംഗീകരിക്കാനും പോരായ്മകൾക്കെതിരെ സമചിത്തതയോടെ പ്രതികരിക്കാനും വിമർശനങ്ങളെ സഹിഷ്ണുതയോടെ നേരിടാനുമായിരിക്കണം ആചാര്യന്മാർ പഠിപ്പിക്കേണ്ടത്.എല്ലാ മതങ്ങളുടെയും ദൈവം ഒന്നാണെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിലും മറ്റുള്ളവരെ നശിപ്പിക്കാൻ പറയുന്ന ഒരു അധമനല്ല തന്റെ ദൈവമെന്നെങ്കിലും വിശ്വാസികൾക്ക് ബോധ്യപ്പെട്ടിരുന്നെങ്കിൽ.....    

8 comments:

  1. അറിവില്ലായ്മയാണ് അസഹിഷ്ണുതയിലേയ്ക്ക് നയിക്കുന്നത്

    ReplyDelete
    Replies
    1. അറിവില്ലായ്മ മാത്രമല്ല അല്‍പ്പജ്ഞാനവും ആപല്‍ക്കരം അല്ലേ?

      Delete
  2. ഏക ദൈവമെന്ന വിശ്വാസം വളര്‍ത്താതെ , ആ ദൈവത്തെ പലതായി വെട്ടി മുറിച്ച് അതിന്‍റെ പേരില്‍ കോലാഹലങ്ങള്‍ സൃഷ്ടിക്കുന്ന വിദ്യാസമ്പന്നരായവര്‍ .

    ആശംസകള്‍

    ReplyDelete
    Replies
    1. ദൈവം ആണ് പ്രപഞ്ചം ഉണ്ടാക്കിയിരിക്കുന്നതെങ്കിൽ ഓരോ മതങ്ങളുടെ ദൈവവും പ്രത്യേകം പ്രപഞ്ചങ്ങൾ സൃഷ്ടിക്കണമായിരുന്നല്ലോ? അത് പോലും ഇവർ ചിന്തിക്കുന്നില്ല !

      Delete
  3. @@

    വിവരമുള്ള ബ്ലോഗര്‍ E-ലോകത്ത് സ്വന്തമായൊരു identity ഉണ്ടാക്കാനുള്ള ശ്രമത്തിലും അന്വേഷണത്തിലുമായിരിക്കണം. ഞാനൊരു ബ്ലോഗറാണ് എന്ന അവകാശവാദം കൊണ്ട് ബ്ലോഗില്‍ പിടിച്ചുനില്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. എഴുത്താണ് പ്രധാനം. അത് ചിലര്‍ക്ക് മതപരമായ ഒരു കര്‍മ്മമായിരിക്കുമ്പോള്‍ വേറെ ചിലര്‍ക്ക് രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കാനുള്ള ഇടവഴിയായിരിക്കും. ആശയത്തില്‍ നിന്നും വിഭിന്നമാണ് ആദര്‍ശം. ഒന്ന് ജീവിതവും മറ്റൊന്ന് ഉപജീവനുമായി മാറിക്കഴിഞ്ഞ ഒരു സമൂഹമാണ് നമ്മുടേത്. അതിന്റെ അലയൊലികള്‍ ബ്ലോഗിലെത്തിയതില്‍ അത്ഭുതപ്പെടാനില്ല.
    -------
    ഇത്തരം ബ്ലോഗുകളില്‍ ആദ്യം മുതല്‍ക്കേ പോകാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അത്തരം പോസ്റ്റുകള്‍ വായിക്കുന്നതേ വെറുപ്പാണ്. ഇവിടെ എന്തെല്ലാം വിഷയങ്ങള്‍ വേറെ കിടക്കുന്നു. എന്തിനു അന്യമനസ്സുകളെ വേദനിപ്പിക്കണം!
    അന്യന്റെ മതത്തെയോ സംസ്ക്കാരത്തെയോ സംഘടനയേയോ പാര്‍ട്ടിയേയോ വിശ്വാസ സംഹിതകളെയോ കുറിച്ച് എഴുതപ്പെടുന്ന ബ്ലോഗുകളില്‍ കമന്ടിടുന്നവരില്‍ കൂടുതലും സാധാരണ ബ്ലോഗുകളില്‍ കാണാത്തവരാണ്. മഴക്കാലത്ത് മാത്രം കാണപ്പെടുന്ന പൊക്രാച്ചിത്തവളകളെപ്പോലെ എവിടുന്നെല്ലാമോ ഒലിച്ചുവരുന്നവര്‍ ! എന്നിട്ട് ഉളുപ്പില്ലാതെ തലതല്ലിക്കീറും. ഒടുവില്‍ കമന്റു ബോക്സ് നിറയുമ്പോള്‍ ബ്ലോഗര്‍ക്ക് രതിമൂര്‍ച്ച! ഹൌ.. യാഹുവാനന്ദ ഭവന്തു സ്വാഹ..!

    http://entevara.blogspot.ae/2011/07/man-behind-name_22.html

    ***



    ReplyDelete
    Replies
    1. //അന്യന്റെ മതത്തെയോ സംസ്ക്കാരത്തെയോ സംഘടനയേയോ പാര്‍ട്ടിയേയോ വിശ്വാസ സംഹിതകളെയോ കുറിച്ച് എഴുതപ്പെടുന്ന ബ്ലോഗുകളില്‍ കമന്ടിടുന്നവരില്‍ കൂടുതലും സാധാരണ ബ്ലോഗുകളില്‍ കാണാത്തവരാണ്. മഴക്കാലത്ത് മാത്രം കാണപ്പെടുന്ന പൊക്രാച്ചിത്തവളകളെപ്പോലെ എവിടുന്നെല്ലാമോ ഒലിച്ചുവരുന്നവര്‍ ! എന്നിട്ട് ഉളുപ്പില്ലാതെ തലതല്ലിക്കീറും. ഒടുവില്‍ കമന്റു ബോക്സ് നിറയുമ്പോള്‍ ബ്ലോഗര്‍ക്ക് രതിമൂര്‍ച്ച! ഹൌ.. യാഹുവാനന്ദ ഭവന്തു സ്വാഹ..!//

      കണ്ണൂരാനേ... ഇതിനപ്പുറം ഒരു വിശദീകരണം ഈ വിഷയത്തിനില്ല..ഇത് തന്നെയാണ് ഞാൻ പറയാൻ ഉദ്ദേശിച്ചതും...നന്ദി ....

      Delete
  4. പ്രചരണം നടത്തുന്ന മൂത്ത പണ്ഡിതന്മാർ സ്വയം എടുത്തണിയുന്നതും എതിരാളിക്ക് ചാർത്തിക്കൊടുക്കുന്നതുമായ വിശേഷണങ്ങൾ ആണ് ഇവ. >> സ്വയം എടുത്തണിയാറുണ്ടോ ? മറുപക്ഷത്തു നിൽക്കുന്നവർക്ക് ഒരു ആക്ഷേപഹാസ്യ ചുവയോടെ നൽകുന്ന വിശേഷണങ്ങൾ അല്ലേ.

    ഓൺലൈൻ മാധ്യമങ്ങളിൽ മതപ്രചരണം നടത്തുന്നവർക്ക് വ്യക്തമായ അജണ്ടയുണ്ട് എന്നു തന്നെയാണ് തോന്നിയിട്ടുള്ളത്. ചിലർ പ്രത്യക്ഷത്തിൽ വളരെ നിഷ്പക്ഷരും സംയമനം പാലിക്കുന്നവരുമായി കാണപ്പെടും. തങ്ങളുടെ മതത്തിന്റെ നന്മയും പാരമ്പര്യവും ആദർശ, ആശയ ശുദ്ധികളെല്ലാമാണ് ഇവർ പ്രചരിപ്പിക്കുക. ഇതിന് ഇക്കൂട്ടർ പല 'ശാസ്ത്രീയ' തെളിവുകളും പിൻബലങ്ങളും നിരത്തുകയും ചെയ്യും. മറ്റൊരു കൂട്ടർ അന്യമതങ്ങളിലെ ദുരാചാരങ്ങളേയും ആശയവൈരുദ്ധ്യങ്ങളുമെല്ലാം എടുത്തു കാണിക്കുന്നതിൽ മാത്രം ബദ്ധശ്രദ്ധരായിരിക്കും.അവർ പല നിലവാരത്തിലുമുള്ള സംവാദങ്ങൾക്കും തയ്യാറായേക്കും. ഇവർക്കിടയിലായിരിക്കും ഒരു യഥാർത്ഥമതവിശ്വാസിയുടെ സ്ഥാനം. ഇവരെ കൂടുതലായി തങ്ങളോടടുപ്പിക്കുക എന്നുള്ളത് ഈ മതപ്രചാരകരുടെ ലക്ഷ്യവും.

    ReplyDelete
  5. >> സ്വയം എടുത്തണിയാറുണ്ടോ ? //
    ഉണ്ടെന്നാണ് പല ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ ചെല്ലുമ്പോഴും തോന്നാറുള്ളത്.അവര്ക്ക് അതൊരു അലങ്കാലവും അഭിമാനവുമായി തോന്നും...

    ReplyDelete

Related Posts Plugin for WordPress, Blogger...

അണികളെ... നിങ്ങൾ ക്യൂവിലാണ് ....

                       ഓ  ഇനി  എത്ര  നേരം  ഈ  ക്യുവിൽ  നിൽക്കണം ആവോ   ??? മറ്റുള്ളവർ കേൾക്കാനെന്നപോലെ  ഉറക്കെയുള്ള  ഒരു  ആത്മഗതം കേട്ടാണ്...