Tuesday, February 20, 2018

അണികളെ... നിങ്ങൾ ക്യൂവിലാണ് ....                       ഓ  ഇനി  എത്ര  നേരം  ഈ  ക്യുവിൽ  നിൽക്കണം ആവോ   ??? മറ്റുള്ളവർ കേൾക്കാനെന്നപോലെ  ഉറക്കെയുള്ള  ഒരു  ആത്മഗതം കേട്ടാണ്    ഫൈസൽ    തിരിഞ്ഞു  നോക്കിയത്  .നാലഞ്ചു പേർക്ക് പിറകിലായി ജയകൃഷ്ണൻ."ഇവൻ  ഇവിടെയെത്തിയോ.." ദേഷ്യം ഇരച്ചു കയറിയ മുഖത്തോടെ അവൻ പിറുപിറുത്തു.ഒരു കൂട്ടുകാരനായല്ല കൂടെപ്പിറപ്പായാണ് അവനെ താൻ കരുതിയത് .പക്ഷേ ..അവൻ തന്നെ ഇങ്ങനെ ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല .

ഒരു പരുങ്ങലോടെ ജയകൃഷ്ണൻ ഫൈസലിന്റെ അടുത്തേക്ക് വന്നു."അളിയാ  സോറി  അപ്പോഴത്തെ  ഒരു  ദേഷ്യത്തിന് ...അവന്മാരൊക്കെ  പിരി  കേറ്റിയപ്പോ  ഞാൻ   അറിയാതെ  ചെയ്തു  പോയതാ ...."


"സാരമില്ലെടാ  ..എന്നാലും  ഒന്നാം ക്ലാസ് മുതൽ  നമ്മൾ  ഒരുമിച്ചു  പഠിച്ചതല്ലേ.ഒരുമിച്ച് നടന്നതല്ലേ.എന്നിട്ടും നിനക്ക്  എങ്ങനെ  തോന്നി ...?" ഉത്തരം പ്രതീക്ഷിച്ചില്ലെങ്കിലും ഫൈസൽ ദുർബലമായ ശബ്ദത്തിൽ ചോദിച്ചു." എന്നാലും.... നിനക്ക് എന്റെ മുഖത്തു വെട്ടുമ്പോൾ  കൈ പോലും  വിറച്ചില്ലേ ...ഹൊ ..അമ്പത്തൊന്നു വെട്ടുകൾ....ആലോചിക്കുമ്പോൾ എനിക്ക് പോലും ദേഹം  വിറയ്ക്കുന്നു ..."

"കിട്ടാൻപോകുന്ന പണത്തേക്കാളും.. പാർട്ടിക്കാർക്കിടയിലെ സ്‌ഥാനം ..നേതാക്കളുടെ അഭിനന്ദനം ... ഇതൊക്കെ ആലോചിച്ചപ്പോൾ അന്ന് കൂട്ടുകാരൻ എന്നതിനേക്കാൾ നീ എനിക്ക് എതിർ പാർട്ടിയിലെ ഒരു ശല്യം മാത്രമായി തോന്നിപ്പോയി..."ഒരു നിമിഷം ജയകൃഷ്ണൻ എന്തോ ആലോചിച്ചു നിർത്തി..

"അപ്പൊ അങ്ങനെ തോന്നി...  പക്ഷേ പിറ്റേന്ന്  മുതൽ നിന്നെയോർത്തു നീറി നീറിയാണ് ഞാൻ കഴിഞ്ഞത്.നിന്റെ അമ്മയുടെയും ഭാര്യയുടെയും കരച്ചിൽ ...അത് മറ്റുള്ളവർ പറഞ്ഞു അറിഞ്ഞപ്പോൾ ...ആത്മഹത്യ ചെയ്താലോ എന്ന് പോലും തോന്നി ...എന്തായാലും അതിന്റെ ആവശ്യം വന്നില്ല ..നമ്മുടെ കൂട്ടുകാരൻ ബിനീഷും  നിന്റെ കുറെ പാർട്ടിക്കാരും  കൂടി വന്നു ഇന്നലെ എനിക്കുള്ള ടിക്കറ്റും തന്നു....എന്റെ ദേഹത്തു അവരും  വെട്ടി അമ്പത്തൊന്ന് ...ആ സമയത്തു ..അളിയാ ..നിന്റെ മുഖമായിരിന്നു എന്റെ മുന്നിൽ  "

ഒരു വിതുമ്പലോടെ സംസാരം  നിർത്തിയ ജയകൃഷ്ണൻ തുടർന്നു ..."ഇപ്പൊ എന്നെയും വീട്ടുകാരെയുമോർത്ത്  അവനും കരയാൻ തുടങ്ങിക്കാണും....എന്നെ വെട്ടാൻ അവനു കിട്ടിയ ആരോഗ്യത്തിൽ എന്റെ അമ്മ വിളമ്പിയ ആഹാരം കൂടി  ഉണ്ടായിരുന്നല്ലോ..."

അവന്റെ   കണ്ണിൽ ഉരുണ്ടുകൂടിയ കണ്ണീരിൽ നിറഞ്ഞതു നിസ്സഹായതയോ നിരാശയോ എന്നറിയില്ല പക്ഷേ അത് ഫസലിനും  ഉള്ളു പിടയുന്നതായിരുന്നു..പെട്ടെന്ന്  ഒരു ഞെട്ടലോടെ..വിഹ്വലതയോടെ  അവൻ  പിറകിലേക്ക് തിരിഞ്ഞു നോക്കി..ആ ആൾക്കൂട്ടത്തിൽ ബിനീഷിന്റെ മുഖം അവൻ തിരഞ്ഞു.ഹാവൂ അവൻ ഇത് വരെ എത്തിയിട്ടില്ല ... അവന്റെ അമ്മയ്ക്കും പെങ്ങൾക്കും ആകെയുള്ള ആശ്രയം അവനാണ്.

"ഇന്നലെ വരെ നമ്മൾ ഫൈസലും  ജയകൃഷ്ണനുമായിരുന്നു. ഇന്ന് നമ്മൾ രക്തസാക്ഷിയും ബലിദാനിയും...നിനക്ക് വേണ്ടി ബക്കറ്റു പിരിവ് അവിടെ തകൃതിയായി നടക്കുന്നുണ്ട് ....ഇനി എന്റെ പേര് പറഞ്ഞു ഞങ്ങടെ ലോക്കൽ നേതാക്കൾക്ക് കേന്ദ്ര നേതാക്കളോട് വില പേശി വിഹിതം വാങ്ങണം ...ഞങ്ങൾക്ക് പിരിവു തരാൻ നാട്ടുകാർക്ക് ഇപ്പോഴും മടിയാണല്ലോ."ജയകൃഷ്ണന്റെ വാക്കുകൾ ഫൈസലിനെ ചിന്തയിൽ നിന്നുണർത്തി.

ഹാ ..എന്തായാലും നിന്റെ  സഖാവ് ഗൾഫിലെ കടമൊക്കെ തീർത്തു എന്നാ കേൾക്കുന്നത് .നേതാവും മക്കളും ഒക്കെ ഇന്ന് ദുബായിൽ അടിച്ചു പൊളിക്കുന്നുണ്ട്.എന്റെ  നേതാവ് ഇനി കറങ്ങാനുള്ള പുതിയ സ്‌ഥലം തിരക്കി ഗ്ലോബ് തിരിച്ചുകൊണ്ടിരിക്കുന്നു.എന്നാലും ..അതിലൊരു പങ്കു നമ്മുടെ പേരിലുള്ള പണപ്പിരിവിൽ നിന്നായിരിക്കും എന്ന് ആലോചിക്കുമ്പോൾ....ഇവർക്ക് വേണ്ടിയായിരിന്നല്ലോ അല്ലെങ്കിൽ ഇവർ കാണാൻ വേണ്ടിയായിരുന്നല്ലോ..നമ്മൾ തമ്മിലടിച്ചത്...

"ഈ തിരിച്ചറിവ് കഴിഞ്ഞയാഴ്ച നമുക്ക് രണ്ടുപേർക്കുമുണ്ടായിരുന്നെങ്കിൽ വീട്ടുകാരെയും നാട്ടുകാരെയും വിട്ട്  ഇന്ന് എങ്ങോട്ടെന്നറിയാത്ത ഈ യാത്രയ്ക്ക് ഊഴം കാത്തു നിൽക്കേണ്ടി വരില്ലായിരുന്നു".നിരാശയോടെ ഫൈസൽ പറഞ്ഞു നിർത്തി .
കുറച്ചു സമയത്തിന് ശേഷം ......


ഒടുവിൽ രണ്ടുപേരും ആ വാഹനത്തിൽ  അടുത്തടുത്ത സീറ്റുകളിൽ ഇരിപ്പുറപ്പിച്ചു .പെട്ടെന്ന് ..അടുത്ത് വന്നിരുന്ന ആളെ കണ്ടു രണ്ടു പേരും ഞെട്ടി ..തങ്ങളുടെ ആത്മാർത്ഥ സുഹൃത്തായിരുന്ന  സുലൈമാൻ  ..

ഡാ ... സുലൈമാനെ ...

ഐ ആം നോ സുലൈമാൻ...ഐ ആം ജിഹാദി ...അൽ ജിഹാദി..

നീ... സിറിയയിൽ ആട് മേയ്‌ച്ചു  ജീവിക്കാൻ പോയതല്ലേ... 

ഡാ ഫൈസലേ .....ആ ഉസ്താദ് എന്നെ  ചതിച്ചതാ ..സിറിയയിലേക്കെന്നും പറഞ്ഞു ആദ്യം ഉഗാണ്ടയിലേക്കാ  കൊണ്ട് പോയത്. പിന്നെ അവിടെ വച്ച് പരിചയപ്പെട്ട വേറൊരു ഉസ്താദ് പറഞ്ഞു  ...ഭൂമിയിൽ ആട് മേയ്ച്ചു  നടക്കുന്നതിലും നല്ലത് സ്വർഗ്ഗത്തിലെത്തി ഹൂറിമാരോടൊത്തു ജീവിക്കുന്നതാണെന്ന് ...അങ്ങനെ ഞാൻ  അഫ്ഗാൻ വഴി   ബോബെയിലെത്തി... ഒരു ബോംബും പൊട്ടിച്ചു  ഇപ്പൊ ഇവിടെയുമെത്തി ..ഇനി സ്വർഗത്തിൽ  നല്ല അടിപൊളി  ജീവിതം ജീവിക്കണം ..പരലോക ജീവിതത്തിൽ മദ്യപ്പുഴയിൽ ഞാൻ നീരാടും...

അല്ല സുലൈമാനെ ....ഇതൊക്കെ നിനക്ക് ഹറാമല്ലെ....

അതൊക്കെ ഒൺലി ഇൻ ഇഹലോകജീവിതം...പരലോകത്തു ഒരു ഹറാമും ഇല്ല ...ഹാ..

"ഓ ഇവന്റെ മണ്ടത്തരം ഇതുവരെ മാറിയില്ലേ ...."രക്തസാക്ഷി ബലിദാനിയുടെ ചെവിയിൽ പിറുപിറുത്തു .

"ഉവ്വാ... അവനെക്കാൾ ബുദ്ധിമാന്മാരായതുകൊണ്ടാണല്ലോ നമ്മൾ രണ്ടുപേരും അവന്റെ തൊട്ടടുത്ത് തന്നെ വന്നിരിക്കുന്നത്..." ബലിദാനിയുടെ മറുപടി കേട്ട് ഇരുവരും പൊട്ടിച്ചിരിച്ചു.

അങ്ങനെ ഭൂമിയിൽ മറ്റൊരിടത്തു അവരുടെ കുടുംബങ്ങൾ.. കണ്ണീരോടെ... മറ്റുള്ളവരുടെ ദയവിൽ... ജീവിതത്തെ നോക്കി പകച്ചു നിൽക്കുമ്പോൾ.. പുതിയ ജന്മത്തിലേക്കോ പുതിയലോകത്തിലേക്കോ എന്നറിയാതെ ബലിദാനിയും രക്തസാക്ഷിയും  ജിഹാദിയും ഒരുമിച്ച് അവരുടെ  യാത്ര തുടങ്ങി ....


Sunday, September 29, 2013

ശുനകന്റെ ലവ് ജിഹാദ്

നിലാവ് തെളിഞ്ഞു നിന്ന രാത്രിയിൽ തെരുവോരത്തെ ചവറ്റുകൂനക്കരികിൽ തൊട്ടുരുമ്മിയിരിക്കുകയായിരുന്നു ജിമ്മിയും ആമിനയും. "ജിമ്മീ   എന്റെ ഏതു ഭാഗമാണ് നിനക്കേറ്റവും ഇഷ്ടം?" ന്യു ജെനറേഷൻ കാമുകിയുടെ  ചോദ്യം കേട്ട് അവൻ ഒന്നു ഞെട്ടി .മനസ്സില് വന്ന ഉത്തരം വിഴുങ്ങി അവൻ പറഞ്ഞു."പ്രിയേ ..ഉച്ചിഷ്ടം   മണ്ണിട്ട്‌ മൂടാനും ശരീരം നക്കി വൃത്തിയാക്കാനും  ഉള്ള നിങ്ങളുടെ ശീലമുണ്ടല്ലോ,ഞങ്ങളുടെ ശുനകവർഗ്ഗത്തിൽ ഒറ്റയൊന്നിനുമില്ല .അതാ നിന്നെ എനിക്കിഷ്ടമായത്." ആ ഉത്തരത്തിനു മറുപടിയായി അവൾ തന്റെ വാലു കൊണ്ട് അവനെ സ്നേഹപൂർവ്വം തഴുകുക മാത്രം  ചെയ്തു. 

                    അപ്പോൾ അവരെച്ചുറ്റി ആ ചവറ്റുകൂനയ്ക്കു ചുറ്റും   മാത്രം കാണുന്ന ഒരു കാറ്റ് വട്ടം കറങ്ങുന്നുണ്ടായിരുന്നു,കൂടെ മദ്യശാലയ്ക്കടുത്തു നിന്ന് വന്ന കുറച്ചു ശ്വാനന്മാരും .അതിൽ നേതാവെന്നു തോന്നിച്ചവൻ  മുരണ്ടു. "നമ്മുടെ സമുദായത്തിലെ പയ്യനെ വശീകരിച്ചു കൊണ്ട് പോകുവാൻ ആ പൂച്ചകൾ മനപ്പൂർവം അയച്ചിരിക്കുകയാ അവളെ .പകരം വീട്ടിയില്ലെങ്കിൽ നമ്മൾ പട്ടികളാണെന്നു പറഞ്ഞിട്ട് കാര്യമില്ല"കേട്ട് നിന്ന പട്ടികൾ ആവേശപൂർവ്വം ഓരിയിട്ടു.എല്ലാവരും ഒരുമിച്ചു ആ കമിതാക്കളുടെ മുകളിൽ ചാടിവീണു. 
                                       കുടുംബശ്രീക്കാർ സർക്കാരിനെതിരെ സമരത്തിലായിരുന്നതിനാൽ   അഞ്ചാറു പട്ടികൾ കടിച്ചു കീറിയ ആ പൂച്ചയുടെ ശരീരം ദിവസങ്ങളോളം ആ ചവറ്റു കൂനയിൽ കിടന്നു.അവൾക്കു വേണ്ടി ഹർത്താല്   നടത്താനും മെഴുകുതിരി കത്തിക്കാനും ആരുമുണ്ടായിരുന്നില്ല. .പൂച്ചകൾക്ക് ഫേസ് ബുക്കിൽ പോസ്റ്റിട്ടു   പ്രതിഷേധിക്കാനും അറിയില്ലായിരുന്നല്ലോ.... 

Thursday, August 29, 2013

സംഘികളേ.. സുടാപ്പികളേ.. ഫേസ്ബുക്ക് വിളിക്കുന്നു!.

 
        നവ മാധ്യമങ്ങളുടെയും ഇന്റർനെറ്റ്‌ ലഭ്യതയുടെയും വികാസത്തോടെ നമ്മുടെ ശ്രേഷ്ട ഭാഷ മലയാളത്തിനു ലഭിച്ച ചില പുതിയ പദങ്ങളാണ് സംഘി ,സുടാപ്പി,കമ്മി തുടങ്ങിയവ.കുറച്ചുനാൾ മുൻപ് പുറത്തുവന്ന ചെത്ത്,അടിപൊളി ,പോലെ നിരുപദ്രവകാരികളല്ല ഈ വാക്കുകൾ.സൈബർ ലോകത്ത് കൂടി മത പ്രചരണം നടത്തുന്ന മൂത്ത പണ്ഡിതന്മാർ സ്വയം എടുത്തണിയുന്നതും എതിരാളിക്ക് ചാർത്തിക്കൊടുക്കുന്നതുമായ വിശേഷണങ്ങൾ ആണ് ഇവ.എന്നാൽ സ്വന്തം മതത്തിന്റെ സംരക്ഷകരാണെന്നു സ്വയം കരുതുന്ന ഇവർ വാസ്തവത്തിൽ അറിഞ്ഞോ അറിയാതെയോ സമൂഹത്തിൽ മതസ്പർദ്ധ വളര്ത്തുകയാണ് എന്നതാണ് വാസ്തവം .അന്യ മതങ്ങളുടെ ഏതെങ്കിലും നേതാക്കൾ അവരുടെ യോഗത്തിൽ പ്രസംഗിച്ച വാചകങ്ങളോ അവരുടെ മുഖ പത്രങ്ങളിൽ വരുന്ന വാർത്തകളോചുരണ്ടി പൊതു വേദിയിൽ ഉന്നയിച്ചു വമ്പൻ ചർച്ച നടത്തുക എന്നതാണ് ഇവരുടെ പ്രധാന സൈബർ മതപ്രവർത്തനം.  അതോടു കൂടി തങ്ങൾക്കു ശത്രുവായി സങ്കൽപ്പിക്കാൻ പുതിയ  ആളുകളെക്കൂടി വിശ്വാസികൾക്ക് നല്കുന്നു.ശത്രുതാപരമല്ലാതെ സഹിഷ്ണുതയോടെയുള്ള വാർത്തകൾ ഒരിക്കലും ഇവരുടെ കണ്ണിൽപ്പെടാറില്ല എന്ന് തോന്നും.നിരന്തരമുള്ള പോസ്റ്റുകൾ കാണുമ്പോൾ.

ആദ്യകാലങ്ങളിൽ മതപരമായ പോസ്റ്റുകളെന്നത് വിശേഷ ദിവസങ്ങളിലെ ആശംസകളായും വചനങ്ങളായും അങ്ങേയറ്റം 'ഫോട്ടോഷോപ്പ്' വഴിയുള്ള അത്ഭുത ചിത്രങ്ങളും മാത്രമായിരുന്നു.പക്ഷേ ഇപ്പോൾ ഫേസ്ബുക്കിന്റെ  സ്വാതന്ത്ര്യം മനസ്സിലാക്കിയ മത തീവ്രവാദികൾ തങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും സമാനമനസ്ക്കരെ  തെരഞ്ഞെടുക്കാനും സംഘടിപ്പിക്കാനും   ഉപ യോഗിക്കുന്നത് കൂടാതെ സാധാരണ വിശ്വാസികളും ദൈവത്തോട്(?) സംവദിക്കാനുള്ള മാധ്യമമായി ഇതിനെ ഉപയോഗിക്കുന്നതാണ് വിചിത്രം .തങ്ങളുടെ മതത്തിൽപ്പെട്ടവർ ഇവിടെയും അവിടെയും പീഡിപ്പിക്കപ്പെടുന്നു ...ആ മതം ഭീകരവാദികളുടെതാണ്..അവരെ സൂക്ഷിക്കണം...അതാ ചിലർ മതം മാറ്റാൻ ഇറങ്ങിയിരിക്കുന്നു...നമ്മുടെ ദൈവത്തെ അതാ മറ്റവന്മാർ കളിയാക്കുന്നു..ഇതൊക്കെയായി പിന്നീടുള്ള വെളിപാടുകൾ.ഇപ്പോൾ അതും കടന്നു മറ്റു മതങ്ങളുടെ ആചാരങ്ങളെയും ചിഹ്നങ്ങളെയും വെറുതെ കളിയാക്കുക അതുവഴി  പ്രകോപനം സൃഷ്ടിക്കുക   എന്ന നിലയിലെക്കെത്തിയിരിക്കുന്നു.ഇതെല്ലാം സ്വന്തം ദൈവത്തിന്റെ പ്രീതി പിടിച്ചുപറ്റാനും ഭാവിയിലെ സ്വർഗരാജ്യം ഉറപ്പു വരുത്താനുമാണെന്നതാണ്  തമാശ .എന്നാൽ മതങ്ങളുടെ വലിപ്പച്ചെറു പ്പങ്ങളെക്കുറിച്ചു വാചാലരാകുന്ന ഇവർ സ്വന്തം മതത്തിന്റെ മുല്യങ്ങൾ മറ്റുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്കുന്ന ഒരു വരിയോ ലേഖനമോ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നില്ല .
                                     ഒരു ഹിന്ദുവിന്  അവന്റെ മതത്തിലെ ദൈവസങ്കൽപ്പത്തെക്കുറിച്ച്, അല്ലെങ്കിൽ വേദങ്ങളും ഉപനിഷത്തുക്കളും പുരാണങ്ങളും നല്കുന്ന വിജ്ഞാനം, പൊതു സമൂഹത്തിനു മുന്നിലവതരിപ്പിച്ചു അവരിൽ ആ മതത്തെക്കുറിച്ച് അവബോധമുണ്ടാക്കാൻ കഴിയും.അതുപോലെ ഒരു മുസ്ലിമിനു തന്റെ വിശുദ്ധ ഗ്രന്ഥത്തിലെ ആശയങ്ങളും വിശദീകരണങ്ങളും മറ്റുള്ളവരിലേക്ക് എത്തിക്കാനും ഇത്തരം മാധ്യമങ്ങൾ ഉപയോഗിക്കാം.ഇത്തരം കാര്യങ്ങൾ തെറ്റില്ലാതെ വിശദീകരിക്കണമെങ്കിൽ ശരിയായ രീതിയിൽ നേടിയ അറിവ് സ്വന്തം മതത്തെക്കുറിച്ച് ഉണ്ടായിരിക്കണമല്ലോ?ഇതിനു മെനക്കെടാൻ വയ്യാത്ത മതവാദികളാണ് മുസ്ലിമിന്റെ താടിയും തൊപ്പിയും ബുർഖയുമൊക്കെ അലട്ടുന്ന ഹിന്ദുവായും ഹിന്ദുവിന്റെ  വിഗ്രഹാരാധനയും കുറിയും ശിവലിംഗവുമൊക്കെ  ബുദ്ധിമുട്ടായി തോന്നുന്ന മുസ്ലിമായുമൊക്കെ  ഫെസ്ബുക്കിലും മറ്റും അവതരിക്കുന്നത്.പരസ്പരം ബാധിക്കാത്ത മതനിഷ്ടകളെ എന്തിനിവർ പരിഹസിക്കാൻ മാത്രം എതിർക്കുന്നു?എന്നാൽ ഏതെങ്കിലും മതത്തിൽപ്പെട്ടവർ അതതു മതങ്ങളിലെ അനാചാരങ്ങളെ എതിർത്താൽ അവർ സന്ഘി ചാരൻ ,സുടാപ്പി ചാരൻ,ഉത്തിവാദി,കമ്മി ...എന്തെല്ലാം വിശേഷണങ്ങൾ.

അസഹിഷ്ണുത മുഖമുദ്രയാക്കിയ ഇന്നത്തെ സമൂഹത്തിൽ മതാന്ധത ബാധിച്ച കുറുക്കന്മാർക്ക് അല്പജ്ഞാനികളായ വിശ്വാസികളെ എങ്ങനെയും ഉപയോഗിക്കാൻ കഴിയും എന്നത് പല കലാപങ്ങളുടെയും കാരണങ്ങൾ തിരയുമ്പോൾ മനസ്സിലാക്കാം..തെറ്റിദ്ധാരണ പരത്താൻ മാത്രം മാധ്യമങ്ങളെ ഉപയോഗിക്കുന്നവരിൽ നിന്ന് വിശ്വാസികളെ രക്ഷിക്കാൻ കഴിയുക അതതു മതങ്ങളിലെ അറിവുള്ളവർക്ക് മാത്രമാണ്.ആദ്യം സ്വന്തം മതത്തിലേയും മറ്റു മതങ്ങളിലെയും നന്മകളെ ഒരു പോലെ അംഗീകരിക്കാനും പോരായ്മകൾക്കെതിരെ സമചിത്തതയോടെ പ്രതികരിക്കാനും വിമർശനങ്ങളെ സഹിഷ്ണുതയോടെ നേരിടാനുമായിരിക്കണം ആചാര്യന്മാർ പഠിപ്പിക്കേണ്ടത്.എല്ലാ മതങ്ങളുടെയും ദൈവം ഒന്നാണെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിലും മറ്റുള്ളവരെ നശിപ്പിക്കാൻ പറയുന്ന ഒരു അധമനല്ല തന്റെ ദൈവമെന്നെങ്കിലും വിശ്വാസികൾക്ക് ബോധ്യപ്പെട്ടിരുന്നെങ്കിൽ.....    

Tuesday, July 17, 2012

ഗള്‍ഫിലെ അടിമയും മിനിഗള്‍ഫിലെ ഉടമയും

           വിദേശങ്ങളിലേക്ക് കുടിയേറി നരകയാതനകള്‍ സഹിച്ചു നാടിനും വീടിനും വേണ്ടി സ്വന്തം ജീവിതം മറന്ന അനവധി പ്രവാസജീവിതങ്ങള്‍ കേരളത്തിന്‍റെ എഴുതപ്പെടാതെ പോയ ചരിത്രങ്ങളാണ്.മരുഭൂമിയിലെ പൊള്ളുന്ന ചൂടില്‍ ഭാഷപോലുമറിയാതെ തൊഴിലുടമയുടെ ആട്ടും തുപ്പും ക്രൂരതയും അനുഭവിച്ച ഒരു തലമുറയുടെ പിന്മുറക്കാര്‍ക്ക് ഇപ്പോള്‍ അവിടത്തെ മാറിയ തൊഴില്‍ സാഹചര്യം-തൊഴിലവസരങ്ങള്‍ കുറഞ്ഞെങ്കിലും ശക്തമായ നിയമങ്ങളുടെ സംരക്ഷണം - തെല്ലൊന്നുമല്ല ആശ്വാസം പകരുന്നത്.ഈ മാറ്റത്തിന് കാരണമായത്‌ അവകാശ സമരങ്ങളോ പണിമുടക്കുകളോ അല്ല, സ്വന്തം സമ്പദ് വ്യവസ്ഥയില്‍ ഈ തൊഴിലാളികളുടെ പ്രാധാന്യം മനസ്സിലാക്കിയ അവിടത്തെ ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണവും നിയമങ്ങള്‍ നിര്‍മ്മിച്ച്‌ നടപ്പിലാക്കാനുള്ള അവരുടെ ഇച്ഛാശക്തിയും മാത്രമാണ്.അതുപോലെതന്നെ ദൃശ്യമാധ്യമങ്ങളുടെ വരവോടെ സ്വര്‍ണ്ണ ചെയിനും കൂളിംഗ് ഗ്ലാസ്സും ടേപ്പ് റിക്കാര്‍ഡറുമായി വര്‍ഷങ്ങള്‍ക്കിടെ പറന്നിറങ്ങുന്ന പ്രവാസിയുടെ യഥാര്‍ത്ഥ ചിത്രം മനസ്സിലാക്കിയ നാട്ടുകാര്‍ ഇന്ന് അവന്, അയക്കുന്ന ദിര്‍ഹത്തിന്‍റെ വിലയ്ക്കനുസരിച്ചുള്ള  വലിപ്പം  മാത്രമേ നല്കുന്നൂമുള്ളൂ.എങ്കിലും രൂപയുടെ മൂല്യമിടിയുമ്പോള്‍ കടം വാങ്ങിയെങ്കിലും അവന്‍ 'തള്ളി'വിടുന്ന പണം വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും വാഹനങ്ങളും മുന്തിയ ഭക്ഷണ ശീലങ്ങളുമായി ബന്ധുക്കള്‍ ആഘോഷിച്ചു തീര്‍ക്കുമ്പോള്‍, പ്രവാസം ഒരു തുടര്‍ക്കഥയായി,ജീവിതത്തിന്‍റെ നല്ലഭാഗം മണല്‍ക്കാടുകളില്‍ ഹോമിക്കേണ്ടി വരുന്ന പതിനായിരങ്ങള്‍ ഇന്നും ഗള്‍ഫ്‌ നാടുകളിലുണ്ട്.

വിദേശത്തേക്ക് വിമാനം കയറുന്ന മലയാളിയുടെ അതേ സ്വപ്നങ്ങളുമായി കേരളത്തിലേക്ക് കുടിയേറുന്ന എണ്ണം ഇന്ന് വളരെയധികം കൂടിയിട്ടുണ്ട്.സ്വന്തം നാട്ടില്‍ കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ കൂലി എന്ന വാഗ്ദാനം തന്നെയാണ് ഈ 'മിനി ഗള്‍ഫും' അവര്‍ക്ക് നല്‍കുന്നത്.പക്ഷേ നിര്‍ഭാഗ്യവശാല്‍ എഴുപതുകളിലെ ഗള്‍ഫിലെ മലയാളികളുടെ അവസ്ഥയ്ക്ക് സമാനമാണ് ഇന്ന് ഉത്തരേന്ത്യയില്‍ നിന്നും മറ്റുമെത്തുന്ന തൊഴിലാളികള്‍ക്ക് കേരളത്തില്‍ നേരിടേണ്ടിവരുന്നത്.മണിക്കൂറുകള്‍ക്കു വിലയില്ലാത്ത ജോലിസമയവും  പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും സൌകര്യങ്ങളില്ലാത്ത താമസസ്ഥലവും  മുതലാളിമാരുടെയും ഇടനിലക്കാരുടെയും ചൂഷണവും പീഡനവും എല്ലാം സമാനം.അന്ന് അപരിഷ്കൃതരായ അറബികള്‍ക്കിടയിലേക്കാണ് മലയാളികള്‍ എത്തപ്പെട്ടതെങ്കില്‍ ,അവകാശസമരങ്ങളുടെയും സോഷ്യലിസത്തിന്‍റെയും നാടായ കേരളം എന്ന വികസിത ഭൂവിലെ പരിഷ്കൃതരെന്നു സ്വയം ഭാവിക്കുന്ന സമൂഹത്തിലേക്കാണ് ഈ അന്യ സംസ്ഥാന തൊഴിലാളികള്‍ എത്തപ്പെടുന്നത് .അവര്‍ക്കു നേരെയുണ്ടാകുന്ന ക്രൂരതകള്‍ക്ക് എതിരെ ശബ്ദിക്കാന്‍ ഇവിടെ ഒരു തൊഴിലാളി പ്രസ്ഥാനവും മുന്നിട്ടിറങ്ങുന്നതായി കാണുന്നില്ല.ജോലി മറ്റുള്ളവര്‍ ചെയ്യട്ടെ ..കൂലി നമ്മള്‍ വാങ്ങാം .. എന്ന ശീലവും കണക്കുകൂട്ടലുമാകാം ഇതിനു പിന്നില്‍. 

                 പ്രവാസത്തിന്‍റെ എല്ലാ പ്രശ്നങ്ങളും മനസ്സിലാക്കിയ ഒരു സമൂഹം പക്ഷേ വിദേശത്ത് നിന്നും റബ്ബറില്‍ നിന്നും കിട്ടുന്ന 'അനര്‍ഹമായ' സമ്പാദ്യത്തില്‍ വളര്‍ന്ന് ഉപഭോഗ സംസ്കാരത്തിന്‍റെയും സ്വാര്‍ത്ഥതയുടെയും  പ്രതിരൂപങ്ങളായി മാറുകയാണിന്നു കേരളത്തില്‍...  ..ഇവര്‍ക്ക് കുപ്പി തുറന്നു കിട്ടിയ അടിമഭൂതങ്ങളാണ് ഈ മറുനാടന്‍ തൊഴിലാളികള്‍... മനുഷ്യരെന്ന പരിഗണനയെങ്കിലും ഇവര്‍ക്ക് നല്‍കാന്‍ മടിക്കുന്നവര്‍ ഓര്‍ക്കേണ്ടത് ഈ അപരിഷ്കൃത തൊഴിലാളി സമൂഹം നമ്മുടെ നാട്ടിലുണ്ടാക്കിയേക്കാവുന്ന സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചാണ്.തിരിച്ചറിയല്‍ രേഖകളുടെ അഭാവവും നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയും ഇവരെ എത്തിക്കുന്നത് കുറ്റകൃത്യങ്ങളുടെ മേഖലയിലേക്കാകും. വിസയും പാസ്പോര്‍ട്ടും ഒന്നും ബാധകമല്ലാത്തതിനാല്‍ എന്തും ചെയ്തു എങ്ങനെയും തിരിച്ചു പോകാന്‍ ഇവര്‍ക്ക് കഴിയും.മോഷണം ബലാല്‍സംഗം എന്നീ മേഖലകളില്‍ ഇവരില്‍ ചിലര്‍ കഴിവ് തെളിയിച്ചു കഴിഞ്ഞു.നമ്മുടെ രാഷ്ട്രീയ ശിങ്കങ്ങളുടെ ശിക്ഷണം കിട്ടിയാല്‍ ഇനി ക്വട്ടേഷന്‍ പരിപാടി കൂടി പഠിച്ചെടുത്തേക്കും.  ഇത്തരം അരാജകത്വത്തിലേക്ക് നമ്മുടെ നാട് വഴുതി വീഴാതിരിക്കാന്‍ ഈ തൊഴിലാളികള്‍ക്ക് ആധികാരികമായ തിരിച്ചറിയല്‍ രേഖയും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും നിര്‍ബന്ധമാക്കേണ്ടത് ഭരണകൂടങ്ങളുടെ പ്രധാന ചുമതലയാണ്.ഇന്നത്തെ കേരളത്തിന്‍റെ സാമൂഹ്യാവസ്ഥയില്‍ മറുനാടന്‍ തൊഴിലാളികളുടെ പ്രയത്നമില്ലാതെ ഇവിടത്തെ നോക്കുകൂലിക്കാരെക്കൊണ്ടുമാത്രം വികസനം എത്തിക്കാം എന്നത് വ്യാമോഹം മാത്രമാണ്.

വാല്‍ക്കഷ്ണം:ആടുജീവിതവും ഗദ്ദാമയുമൊക്കെ കേരളീയ പശ്ചാത്തലത്തില്‍ ഏതെങ്കിലും ബംഗാളികള്‍ എഴുതുന്ന കാലം വിദൂരമല്ല.

LinkWithin

Related Posts Plugin for WordPress, Blogger...