ജാതിവ്യവസ്ഥയും അനാചാരങ്ങളും കണ്ടു ഒരിക്കല്‍ സ്വാമി വിവേകാനന്ദന്‍ കേരളത്തെ വിളിച്ചത് ഭ്രാന്താലയമെന്നായിരുന്നു.ശ്രീ നാരായണഗുരുവും അയ്യങ്കാളിയും വി ടി ഭട്ടതിരിപ്പാടും നയിച്ച സാമൂഹ്യപരിഷ്കര്‍ത്തന പ്രസ്ഥാനം വക്കം അബ്ദുള്‍ഖാദര്‍ മൌലവിയും മന്നത്ത് പദ്മനാഭനും ആദ്യകാല കമ്മ്യുണിസ്റ്റ് പ്രവര്‍ത്തകരും ത്യാഗപൂര്‍ണ്ണമായ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടു കൊണ്ടുപോയപ്പോള്‍ ആ ദുഷ്പ്പേര് ഒരു പരിധി വരെ മാറ്റിയെടുക്കാന്‍ കഴിഞ്ഞു.പക്ഷെ പതിറ്റാണ്ടുകള്‍ക്കിപ്പുറം 'ദൈവത്തിന്റെ സ്വന്തം നാടായ' കേരളം വീണ്ടും ജാതിമത ചിന്തകളുടെയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കാര്‍മേഘത്താല്‍ മൂടപ്പെട്ടുകൊണ്ടിരിക്കുന്നു.അറിവിന്‍റെയും ചിന്താശേഷിയുടെയും പ്രകാശം മറഞ്ഞുകൊണ്ടിരിക്കുന്നു എന്ന സത്യം സമ്പൂര്‍ണ്ണ 'സാച്ചരതയും ' ഉയര്‍ന്ന ജീവിത നിലവാരവും അവകാശപ്പെടുന്ന ഒരു സമൂഹം ഇനിയും മനസ്സിലാക്കിയിട്ടില്ല.രാഷ്ട്രീയത്തെയും മതങ്ങളെയും നയിക്കുന്ന നവലിബറല്‍ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും ഇക്കാര്യത്തില്‍ ഒരുപോലെ പങ്കുണ്ട്.മത രാഷ്ട്രീയ തത്വങ്ങളെ സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് വളച്ചൊടിച്ചു പ്രചരിപ്പിക്കുക എന്നതാണ് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
സഞ്ജയന്‍റെ 'രുദ്രാക്ഷ മാഹാത്മ്യം ' എന്ന കഥ വായിക്കാത്ത മലയാളികള്‍ ചുരുക്കമായിരിക്കും.വെറുതെ കിട്ടിയ രുദ്രാക്ഷത്തെ അത്ഭുത സിദ്ധിയുള്ളതെന്നു പരസ്യം ചെയ്തു വിറ്റു പണക്കാരായ രണ്ടു പേരുടെ കഥ പറഞ്ഞ ആ മഹാന്‍റെ ദീര്‍ഘദര്‍ശിത്വം ഇന്നും പ്രസക്തമാകുന്നു.'മതമില്ലാത്ത ജീവന്' സംഭവിച്ച ദുരവസ്ഥ ഈ കഥയ്ക്ക് വരാതിരുന്നത് അന്നത്തെ കേരളീയരുടെ മാനസികാരോഗ്യം വെളിപ്പെടുത്തുന്നുവെന്നത് ഒരു പ്രധാന കാര്യമാണ്.ഇതൊക്കെ പഠിച്ചു വളര്‍ന്ന ഒരു തലമുറയാണ് ഇന്ന് വലം പിരി ശംഖും ഏലസ്സും രുദ്രാക്ഷവും (!)വാങ്ങാന്‍ മത്സരിക്കുന്നത്,ടെലി മാര്‍ക്കെറ്റിങ്ങിലും പത്രപ്പരസ്യത്തിലും വീണു പോകാന്‍ മാത്രം സാമാന്യ ബോധം ഇല്ലാത്തവരായി മാറിയിരിക്കുന്നത്.ചാത്തന്‍ സേവ മുതല്‍ അറബി മാന്ത്രികം വരെ പരസ്യം നല്‍കി ഇരകളെ കാത്തിരിക്കുകയാണ്.ലൈംഗികോത്തേജന മരുന്നുകള്‍ പോലെ ഇവയുടെയും ആശ്വാസം അബദ്ധം പറ്റിയവര്‍ പുറത്തുപറയില്ല എന്നതു തന്നെ.ഇത്തരം തട്ടിപ്പുകാരുടെ മറ്റൊരു രൂപമാണ് ആള്‍ദൈവങ്ങളും പ്രവാചകന്മാരും സുവിശേഷകന്മാരുമായി വിലസുന്ന ചിലര്‍.ബിസിനസ്സിലും മറ്റും പൊളിഞ്ഞു കുത്തുപാളയെടുത്ത സായിപ്പന്മ്മാരെ വിസയെടുത്ത് കൊണ്ടുവന്ന് ശിഷ്യന്മാരാക്കി കാട്ടി ഈ ദൈവങ്ങള്‍ ഇന്റര്‍നാഷണല്‍ പ്രസ്ഥാനങ്ങളായി സ്വയം പ്രഖ്യാപിക്കപ്പെടുകയാണ്.ഇവറ്റകളുടെ ശിഷ്യന്മാരായി ഇതുവരെ തൊലിവെളുത്തവന്മാരല്ലാതെ കറുത്ത വിദേശികളെ കണ്ടിട്ടുണ്ടോ? .തോക്ക് സ്വാമിയും സന്തോഷ്മാധവനും നിത്യാനന്ദയുമൊക്കെ പിടിയിലായിട്ടും അവരുടെ ശിഷ്യന്മ്മാരുടെ എണ്ണത്തിന് കുറവൊന്നും വന്നിട്ടില്ല.വിശുദ്ധ ഗ്രന്ഥ ങ്ങളിലെയും പുരാണങ്ങളിലെയും കഥകളും യോഗയും എടുത്താണ് ഇവര്‍ കച്ചവടത്തിനിറങ്ങിയിരിക്കുന്നത്.ഇത്തരം വിഷയങ്ങളില്‍ അപാരമായ അറിവുള്ള ധാരാളം പേരുള്ള നമ്മുടെ നാട്ടില്‍ ആള്‍ക്കൂട്ടം തട്ടിപ്പുകാരിലേക്ക് മാത്രം അടുക്കുന്നത് 'ദൈവാംശം','അനുഗ്രഹം' തുടങ്ങിയ പ്രലോഭനങ്ങള്‍ കൊണ്ട് മാത്രമല്ലേ?
പുരാണ സീരിയലുകള്‍ വന്നതോടു കൂടി ദൈവ ഭയം കുറഞ്ഞത് കൊണ്ടാണോ(ദൈവങ്ങളുടെ തമ്മിലടിയും കുശുമ്പും കുന്നായ്മയുമാണല്ലോ അവയുടെ പ്രമേയം.)അതോ ആധുനികരെന്ന മനോഭാവം മുതലെടുക്കാനാണോ എന്നറിയില്ല ഇപ്പോള്‍ തട്ടിപ്പുകാര്‍ മതവും ശാസ്ത്രവും കൂട്ടിക്കുഴച്ചാണ് പ്രയോഗം.അന്തരീക്ഷത്തിലൂടെ വരുന്ന 'കോസ്മിക്' കിരണങ്ങളെ 'ആഗിരണം' ചെയ്തു 'ഊര്‍ജം' നല്‍കുന്ന വിവിധയിനം രത്നക്കല്ലുകളാണ് ഇന്ന് ജൂവലറികളുടെ പ്രധാന വരുമാനമാര്‍ഗം. ഒന്ന് വാങ്ങിയുപയോഗിച്ചാല്‍ പിന്നെ വെച്ചടിവെച്ചടി കേറ്റമായിരിക്കും(കച്ചവടക്കാരന്..അല്ല പിന്നെ...)അഥവാ ഇനം തെറ്റിയെങ്ങാനും രത്നം ധരിച്ചാല്‍ അവന്‍റെ കാര്യം കട്ടപ്പൊക(അവനു അങ്ങനെ തന്നെ വേണം).വിപരീതഫലമുണ്ടാകുമത്രേ!(ഇതാണ് രണ്ടു മുഴം നീട്ടിയുള്ള ഏറു .ഫലം കിട്ടിയില്ലെങ്കില്‍ പറയാന്‍ കാരണം കിട്ടിയല്ലോ).സ്വര്‍ണ്ണം ഏതെങ്കിലും കിരണങ്ങളെ 'ആഗിരണം' ചെയ്യുന്നതായി അറിയാത്തത് കൊണ്ടാവും സ്വര്‍ണ്ണം വാങ്ങാന്‍ ഒരു പ്രത്യേക ദിവസം തന്നെ അവതരിച്ചിരിക്കുന്നത്. അക്ഷയ ത്രിതീയ!ഏറ്റവും കൂടുതല്‍ പരസ്യം കിട്ടുന്ന കാര്യമായതിനാല്‍ മാധ്യമങ്ങള്‍ക്കും വളരെ സന്തോഷം.
റിയല്‍എസ്റ്റേറ്റ് വ്യവസായം കേരളത്തില്‍ തഴച്ചു വളര്‍ന്നപ്പോള്‍ പൊടിതട്ടിയെടുക്കപ്പെട്ട ഒരു ശാസ്ത്രമാണ് 'വാസ്തു'.നല്ല വിലയുള്ള വീടോ വസ്തുവോ വിലയില്ലാത്തതാക്കാനും വീട്ടുകാരെ ഓടിക്കാനും പ്രേതബാധയെക്കാള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് വാസ്തു ദോഷം എന്ന പുതിയ തന്ത്രമാണ്. എന്തെങ്കിലും പ്രശ്നങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകാത്തവരില്ല.അതിനു കാരണം വര്‍ഷങ്ങളായി തങ്ങള്‍ സുഖമായി താമസിച്ചുവന്ന വീടാണെന്നു 'വാസ്തു വിദഗ്ധര്‍' പറഞ്ഞു തരുമ്പോള്‍ വീട്ടുകാര്‍ക്ക് കിട്ടുന്ന 'ആശ്വാസം' പറഞ്ഞറിയിക്കാന്‍ പറ്റില്ല.പിന്നെ തങ്ങളുടെ വീടാകും അവരുടെ പ്രധാന ശത്രു.പൊളിച്ചുപണിയുക,വില്‍ക്കുക എന്നിങ്ങനെയാകും പ്രതികാര നടപടികള്‍.പ്രതികാരം നടത്തി പുതിയ ലാവണം കണ്ടെത്തുമ്പോഴേക്കും പുതിയ പ്രശ്നങ്ങള്‍ വന്നിരിക്കും എന്നത് വേറെ കാര്യം.ഭൂമിശാസ്ത്രപരമായി കാറ്റും വെളിച്ചവും വെള്ളവും ലഭിക്കുന്ന രീതിയിലുള്ള കെട്ടിട നിര്‍മ്മാണം മാത്രമാണ് വാസ്തു ശാസ്ത്ര തത്വം എന്നത് സൌകര്യപൂര്‍വ്വം മറക്കപ്പെടുന്നു,ഇവിടെ പോസിറ്റീവ് എനെര്‍ജിയും കോസ്മിക് കിരണങ്ങളും തിരുകിക്കയറ്റി ദോഷങ്ങള്‍ വര്‍ണ്ണിക്കുകയാണ് ആധുനിക വിശ്വകര്‍മ്മാക്കള്‍.
ഉദാരവല്‍ക്കരണത്തിന്‍റെ ഇക്കാലത്ത് മതങ്ങളും പുതിയ കമ്പോളങ്ങള്‍ തേടുകയാണ്.മകരജ്യോതി എന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ട തട്ടിപ്പ് പുറത്തായിട്ടും അത്ഭുതത്തോടെ കുന്നിന്മുകളിലേക്ക് പ്രവഹിക്കുന്ന ജനലക്ഷങ്ങളും (ശബരിമല ദര്‍ശനത്തിനു പോകുന്നവരെയല്ല ഉദ്ദേശിച്ചത്)തുറന്നു വച്ചിരിക്കുന്ന ചാനല്‍ ലൈവുകളും സൂചിപ്പിക്കുന്നത് ദൈവത്തിന്‍റെ പേരില്‍ എന്ത് തട്ടിപ്പും നടത്താം എന്നല്ലേ?മുംബെയില്‍ കുരിശില്‍ നിന്ന് ജലപ്രവാഹമെന്ന പേരില്‍ പണപ്പിരിവ് നടത്തിയവര്‍ അത് കാപ്പിലരി ആക്ഷന്‍ എന്ന ശാസ്ത്ര പ്രതിഭാസമെന്നു തെളിയിച്ച വ്യക്തിയെ മതനിന്ദ ആരോപിച്ചു ജയിലിലടപ്പിക്കാനാണ് ശ്രമിച്ചത്.ഇതിനെതിരെ പ്രതികരിച്ചു 'നരകത്തില്‍ പോകാന്‍' ഒരു വിശ്വാസിക്കും ധൈര്യമില്ലല്ലോ?ഈ നാട്ടില്‍ത്തന്നെ ഒരു മാന്യദേഹം ഒരു 'മുടി'യുമായി തന്‍റെ സാമ്പത്തിക ദൌത്യം വിജയകരമായി പൂര്‍ത്തീകരിച്ചു കൊണ്ട് ലോകം ചുറ്റുന്നു. ഇന്റര്‍നെറ്റും ഫേസ്ബുക്കും വ്യാപകമായ ഇക്കാലത്ത് മതപ്രചാരണങ്ങള്‍ക്ക് പുതിയ പുതിയ രീതികളാണ് ഇവര്‍ പ്രയോഗിക്കുന്നത്.പണ്ട് പത്രത്തില്‍ വന്നിരുന്ന "ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ:വി.യൂദാസ്ലീഹായെ ... "എന്ന് തുടങ്ങുന്ന പരസ്യങ്ങളും "ഇത് ചുരുട്ടിക്കൂട്ടിക്കളഞ്ഞ ഗോപാലനെ ആന ചവിട്ടിക്കൂട്ടി .അത് കൊണ്ട് നൂറു കോപ്പിയെടുത്ത്..."എന്ന നോട്ടീസുകളും ഓര്‍മ്മയില്ലേ?ഇന്ന് സ്ഥിതി മാറി.ദൈവങ്ങള്‍ തക്കാളിയിലും ഉരുളക്കിഴങ്ങിലും നേരിട്ടിറങ്ങി പരസ്യപ്രവര്‍ത്തനം നടത്തുകയാണ്(അറ്റ്ലസ് രാമചന്ദ്രനെ ആണ് ദൈവങ്ങള്‍ മാതൃകയാക്കിയിരിക്കുന്നത് എന്ന് തോന്നുന്നു.പരസ്യചെലവ് കുറയ്ക്കാമല്ലോ.പിന്നെ അഡോബ് ഫോട്ടോഷോപ്പിനും നന്ദി) ഫേസ്ബുക്കില്‍ ലേഡീസ് പ്രൊഫൈല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലൈക്കും ഷെയറും കിട്ടുന്നത് ഇത്തരം പോസ്ടുകള്‍ക്കാണെന്നതാണ് വാസ്തവം(വെറുതെ കിട്ടുന്ന അനുഗ്രഹമല്ലേ അങ്ങ് വാങ്ങിയേക്കാം അല്ലേ?).ഭാവിയില്‍ ദൈവങ്ങള്‍ സ്വന്തമായി ഫേസ്ബുക്ക് അക്കൌണ്ട് തുടങ്ങി അനുഗ്രഹം ലൈക്കുകളായി അയച്ചുകൊടുക്കുന്ന കാലം വരുമായിരിക്കും.
ഇവിടെ ഏറ്റവും ചിന്തനീയമായ വസ്തുത ജീവിക്കാന്‍ വകയുള്ള ഇടത്തരക്കാരും ബിസിനസ് രാഷ്ട്രീയ കലാകായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പണക്കാരുമാണ് ഈ തട്ടിപ്പുകളിലും വിശ്വാസങ്ങളിലും എളുപ്പം വീണു പോകുന്നതെന്നതാണ്.അടുത്തു നില്‍ക്കുന്നവനെക്കാള്‍ വലുതാകണമെന്ന അത്യാഗ്രഹവും പണം കാരണമുള്ള മനസമാധാനമില്ലായ്മയുമാണ് ഇവരെ യഥാര്‍ത്ഥത്തില്‍ ഈ ചങ്ങലയിലെ കണ്ണികളാക്കുന്നത്.അന്നന്നത്തെ അധ്വാനം കൊണ്ട് ആഹാരം വാങ്ങാന്‍ ശ്രമിക്കുന്ന പാവങ്ങള്‍ കൂടിയാല്‍ ഒരു ലോട്ടറിടിക്കറ്റ് വരെ മാത്രമാണ് എത്തുന്നത്. അപൂര്‍ണ്ണമായ മത പഠനവും ശാസ്ത്ര പഠനവും ഈ ദുരവസ്ഥയുടെ മറ്റു കാരണങ്ങളാണ്.ഇതെല്ലാം അറിയാമെങ്കിലും മതനിഷേധി എന്ന പേര് പതിയാതിരിക്കാന്‍ വേണ്ടി വായടച്ചിരിക്കുന്നവര്‍ സ്വന്തം മതത്തിന്‍റെയും സമൂഹത്തിന്‍റെയും ശവക്കുഴി തോണ്ടാന്‍ സഹായിക്കുകയാണെന്നോര്‍ക്കുക.
വളരെ ശരിയാണ് ജയേഷ് പറഞ്ഞത്........എത്ര പ്രാവശ്യം രുദ്രാക്ഷ മഹാത്മ്യം വായിച്ചാലും നമ്മുടെ നാട്ടുകാര്‍ വീണ്ടും എന്നെ പറ്റിക്ക് എന്നു പറഞ്ഞു അടുത്തതില്‍ ചാടും.....
ReplyDeleteഞാന്‍ പുതിയ എന്തെങ്കിലും പദ്ധതിയെപ്പറ്റി ആലോചിക്കുകയാണ്. ധനാകര്‍ഷണയന്ത്രവും കാമാകര്‍ഷണയന്ത്രവും വശ്യയന്ത്രവുമൊക്കെ വന്നുപോയി. ഒരു റിയാലിറ്റിഷോവിജയയന്ത്രമായാലോന്ന് ഒരു ശങ്ക. നല്ല മാര്‍ക്കറ്റായിരിക്കും. ഷെയര്‍ കൂടുന്നോ..??!!
ReplyDeleteറിയാലിടി ഷോവിന്റെയൊക്കെ മാര്‍ക്കെറ്റ് ഇടിഞ്ഞുകൊണ്ടിരിക്കുകയാ ചേട്ടാ.ആദ്യം പറഞ്ഞ യന്ത്രങ്ങളാ ഇപ്പോഴും ആവശ്യക്കാരേറെയുള്ളത്. ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുന്ന തരത്തിലുള്ള യന്ത്രങ്ങളിറക്കാം.എന്താ?
Deleteസത്യസന്തമായ കുറച്ച് കാര്യങ്ങള്‍ വളച്ചുകെട്ടില്ലാതെ, ആരുടെയും മുഖം നോക്കാതെ വിളിച്ചു പറഞ്ഞിരിക്കുന്നു ..അഭിനന്ദനങള്‍ ..ഇനിയും തുടരുക
ReplyDelete