Monday, June 25, 2012

പുതിയ പുതിയ രുദ്രാക്ഷ മാഹാത്മ്യങ്ങള്‍



                       ജാതിവ്യവസ്ഥയും അനാചാരങ്ങളും കണ്ടു ഒരിക്കല്‍ സ്വാമി വിവേകാനന്ദന്‍ കേരളത്തെ വിളിച്ചത് ഭ്രാന്താലയമെന്നായിരുന്നു.ശ്രീ നാരായണഗുരുവും അയ്യങ്കാളിയും വി ടി ഭട്ടതിരിപ്പാടും നയിച്ച സാമൂഹ്യപരിഷ്കര്‍ത്തന പ്രസ്ഥാനം വക്കം അബ്ദുള്‍ഖാദര്‍ മൌലവിയും മന്നത്ത് പദ്മനാഭനും ആദ്യകാല കമ്മ്യുണിസ്റ്റ് പ്രവര്‍ത്തകരും ത്യാഗപൂര്‍ണ്ണമായ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടു കൊണ്ടുപോയപ്പോള്‍ ആ ദുഷ്പ്പേര് ഒരു പരിധി വരെ മാറ്റിയെടുക്കാന്‍ കഴിഞ്ഞു.പക്ഷെ പതിറ്റാണ്ടുകള്‍ക്കിപ്പുറം 'ദൈവത്തിന്റെ സ്വന്തം നാടായ' കേരളം വീണ്ടും ജാതിമത ചിന്തകളുടെയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കാര്‍മേഘത്താല്‍ മൂടപ്പെട്ടുകൊണ്ടിരിക്കുന്നു.അറിവിന്‍റെയും  ചിന്താശേഷിയുടെയും പ്രകാശം മറഞ്ഞുകൊണ്ടിരിക്കുന്നു എന്ന സത്യം സമ്പൂര്‍ണ്ണ 'സാച്ചരതയും ' ഉയര്‍ന്ന ജീവിത നിലവാരവും അവകാശപ്പെടുന്ന ഒരു സമൂഹം ഇനിയും മനസ്സിലാക്കിയിട്ടില്ല.രാഷ്ട്രീയത്തെയും മതങ്ങളെയും നയിക്കുന്ന  നവലിബറല്‍  നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും ഇക്കാര്യത്തില്‍ ഒരുപോലെ പങ്കുണ്ട്.മത രാഷ്ട്രീയ തത്വങ്ങളെ സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ വളച്ചൊടിച്ചു പ്രചരിപ്പിക്കുക എന്നതാണ് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

                    സഞ്ജയന്‍റെ  'രുദ്രാക്ഷ മാഹാത്മ്യം ' എന്ന കഥ വായിക്കാത്ത മലയാളികള്‍  ചുരുക്കമായിരിക്കും.വെറുതെ കിട്ടിയ രുദ്രാക്ഷത്തെ അത്ഭുത സിദ്ധിയുള്ളതെന്നു പരസ്യം ചെയ്തു വിറ്റു പണക്കാരായ രണ്ടു പേരുടെ കഥ പറഞ്ഞ ആ മഹാന്‍റെ  ദീര്‍ഘദര്‍ശിത്വം ഇന്നും പ്രസക്തമാകുന്നു.'മതമില്ലാത്ത ജീവന്' സംഭവിച്ച ദുരവസ്ഥ ഈ കഥയ്ക്ക്‌ വരാതിരുന്നത് അന്നത്തെ കേരളീയരുടെ മാനസികാരോഗ്യം വെളിപ്പെടുത്തുന്നുവെന്നത് ഒരു പ്രധാന കാര്യമാണ്.ഇതൊക്കെ പഠിച്ചു വളര്‍ന്ന ഒരു തലമുറയാണ് ഇന്ന് വലം പിരി ശംഖും ഏലസ്സും രുദ്രാക്ഷവും (!)വാങ്ങാന്‍ മത്സരിക്കുന്നത്,ടെലി മാര്‍ക്കെറ്റിങ്ങിലും  പത്രപ്പരസ്യത്തിലും വീണു പോകാന്‍ മാത്രം സാമാന്യ ബോധം ഇല്ലാത്തവരായി മാറിയിരിക്കുന്നത്.ചാത്തന്‍ സേവ മുതല്‍ അറബി മാന്ത്രികം വരെ പരസ്യം നല്‍കി ഇരകളെ കാത്തിരിക്കുകയാണ്.ലൈംഗികോത്തേജന മരുന്നുകള്‍ പോലെ ഇവയുടെയും ആശ്വാസം അബദ്ധം പറ്റിയവര്‍ പുറത്തുപറയില്ല എന്നതു തന്നെ.ഇത്തരം തട്ടിപ്പുകാരുടെ മറ്റൊരു രൂപമാണ് ആള്‍ദൈവങ്ങളും പ്രവാചകന്മാരും സുവിശേഷകന്മാരുമായി വിലസുന്ന ചിലര്‍.ബിസിനസ്സിലും മറ്റും പൊളിഞ്ഞു കുത്തുപാളയെടുത്ത സായിപ്പന്മ്മാരെ വിസയെടുത്ത് കൊണ്ടുവന്ന് ശിഷ്യന്മാരാക്കി കാട്ടി ഈ  ദൈവങ്ങള്‍ ഇന്റര്‍നാഷണല്‍ പ്രസ്ഥാനങ്ങളായി സ്വയം പ്രഖ്യാപിക്കപ്പെടുകയാണ്.ഇവറ്റകളുടെ ശിഷ്യന്മാരായി ഇതുവരെ തൊലിവെളുത്തവന്മാരല്ലാതെ കറുത്ത വിദേശികളെ കണ്ടിട്ടുണ്ടോ? .തോക്ക് സ്വാമിയും സന്തോഷ്മാധവനും നിത്യാനന്ദയുമൊക്കെ പിടിയിലായിട്ടും അവരുടെ ശിഷ്യന്മ്മാരുടെ എണ്ണത്തിന് കുറവൊന്നും വന്നിട്ടില്ല.വിശുദ്ധ ഗ്രന്ഥ ങ്ങളിലെയും പുരാണങ്ങളിലെയും കഥകളും യോഗയും എടുത്താണ് ഇവര്‍ കച്ചവടത്തിനിറങ്ങിയിരിക്കുന്നത്.ഇത്തരം വിഷയങ്ങളില്‍ അപാരമായ അറിവുള്ള  ധാരാളം പേരുള്ള നമ്മുടെ നാട്ടില്‍ ആള്‍ക്കൂട്ടം തട്ടിപ്പുകാരിലേക്ക് മാത്രം അടുക്കുന്നത് 'ദൈവാംശം','അനുഗ്രഹം' തുടങ്ങിയ പ്രലോഭനങ്ങള്‍ കൊണ്ട് മാത്രമല്ലേ?
                 
                       പുരാണ സീരിയലുകള്‍ വന്നതോടു കൂടി ദൈവ ഭയം കുറഞ്ഞത്‌ കൊണ്ടാണോ(ദൈവങ്ങളുടെ തമ്മിലടിയും കുശുമ്പും കുന്നായ്മയുമാണല്ലോ അവയുടെ പ്രമേയം.)അതോ ആധുനികരെന്ന മനോഭാവം മുതലെടുക്കാനാണോ എന്നറിയില്ല ഇപ്പോള്‍ തട്ടിപ്പുകാര്‍ മതവും ശാസ്ത്രവും  കൂട്ടിക്കുഴച്ചാണ് പ്രയോഗം.അന്തരീക്ഷത്തിലൂടെ വരുന്ന 'കോസ്മിക്' കിരണങ്ങളെ 'ആഗിരണം' ചെയ്തു 'ഊര്‍ജം' നല്‍കുന്ന വിവിധയിനം രത്നക്കല്ലുകളാണ് ഇന്ന് ജൂവലറികളുടെ പ്രധാന വരുമാനമാര്‍ഗം. ഒന്ന് വാങ്ങിയുപയോഗിച്ചാല്‍ പിന്നെ വെച്ചടിവെച്ചടി കേറ്റമായിരിക്കും(കച്ചവടക്കാരന്..അല്ല പിന്നെ...)അഥവാ ഇനം തെറ്റിയെങ്ങാനും രത്നം ധരിച്ചാല്‍ അവന്‍റെ കാര്യം കട്ടപ്പൊക(അവനു അങ്ങനെ തന്നെ വേണം).വിപരീതഫലമുണ്ടാകുമത്രേ!(ഇതാണ് രണ്ടു മുഴം നീട്ടിയുള്ള ഏറു .ഫലം കിട്ടിയില്ലെങ്കില്‍ പറയാന്‍ കാരണം കിട്ടിയല്ലോ).സ്വര്‍ണ്ണം ഏതെങ്കിലും കിരണങ്ങളെ 'ആഗിരണം' ചെയ്യുന്നതായി അറിയാത്തത് കൊണ്ടാവും സ്വര്‍ണ്ണം വാങ്ങാന്‍ ഒരു പ്രത്യേക ദിവസം തന്നെ അവതരിച്ചിരിക്കുന്നത്. അക്ഷയ ത്രിതീയ!ഏറ്റവും കൂടുതല്‍ പരസ്യം കിട്ടുന്ന കാര്യമായതിനാല്‍ മാധ്യമങ്ങള്‍ക്കും വളരെ സന്തോഷം.

                    റിയല്‍എസ്റ്റേറ്റ് വ്യവസായം കേരളത്തില്‍ തഴച്ചു വളര്‍ന്നപ്പോള്‍ പൊടിതട്ടിയെടുക്കപ്പെട്ട ഒരു  ശാസ്ത്രമാണ് 'വാസ്തു'.നല്ല വിലയുള്ള വീടോ വസ്തുവോ വിലയില്ലാത്തതാക്കാനും വീട്ടുകാരെ ഓടിക്കാനും പ്രേതബാധയെക്കാള്‍  ഇപ്പോള്‍ ഉപയോഗിക്കുന്നത് വാസ്തു ദോഷം എന്ന പുതിയ തന്ത്രമാണ്. എന്തെങ്കിലും പ്രശ്നങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകാത്തവരില്ല.അതിനു കാരണം വര്‍ഷങ്ങളായി തങ്ങള്‍ സുഖമായി താമസിച്ചുവന്ന വീടാണെന്നു 'വാസ്തു വിദഗ്ധര്‍' പറഞ്ഞു തരുമ്പോള്‍ വീട്ടുകാര്‍ക്ക് കിട്ടുന്ന 'ആശ്വാസം' പറഞ്ഞറിയിക്കാന്‍ പറ്റില്ല.പിന്നെ തങ്ങളുടെ വീടാകും അവരുടെ പ്രധാന ശത്രു.പൊളിച്ചുപണിയുക,വില്‍ക്കുക എന്നിങ്ങനെയാകും പ്രതികാര നടപടികള്‍.പ്രതികാരം നടത്തി പുതിയ ലാവണം കണ്ടെത്തുമ്പോഴേക്കും പുതിയ പ്രശ്നങ്ങള്‍ വന്നിരിക്കും എന്നത് വേറെ കാര്യം.ഭൂമിശാസ്ത്രപരമായി കാറ്റും വെളിച്ചവും വെള്ളവും ലഭിക്കുന്ന രീതിയിലുള്ള കെട്ടിട നിര്‍മ്മാണം മാത്രമാണ് വാസ്തു ശാസ്ത്ര തത്വം എന്നത് സൌകര്യപൂര്‍വ്വം മറക്കപ്പെടുന്നു,ഇവിടെ പോസിറ്റീവ് എനെര്‍ജിയും കോസ്മിക് കിരണങ്ങളും തിരുകിക്കയറ്റി ദോഷങ്ങള്‍ വര്‍ണ്ണിക്കുകയാണ് ആധുനിക വിശ്വകര്‍മ്മാക്കള്‍.

                    ഉദാരവല്‍ക്കരണത്തിന്‍റെ  ഇക്കാലത്ത് മതങ്ങളും പുതിയ കമ്പോളങ്ങള്‍ തേടുകയാണ്.മകരജ്യോതി എന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ട തട്ടിപ്പ് പുറത്തായിട്ടും അത്ഭുതത്തോടെ കുന്നിന്മുകളിലേക്ക് പ്രവഹിക്കുന്ന ജനലക്ഷങ്ങളും (ശബരിമല ദര്‍ശനത്തിനു പോകുന്നവരെയല്ല ഉദ്ദേശിച്ചത്)തുറന്നു വച്ചിരിക്കുന്ന ചാനല്‍ ലൈവുകളും സൂചിപ്പിക്കുന്നത് ദൈവത്തിന്‍റെ പേരില്‍ എന്ത് തട്ടിപ്പും നടത്താം എന്നല്ലേ?മുംബെയില്‍ കുരിശില്‍ നിന്ന് ജലപ്രവാഹമെന്ന പേരില്‍ പണപ്പിരിവ് നടത്തിയവര്‍ അത് കാപ്പിലരി ആക്ഷന്‍ എന്ന ശാസ്ത്ര പ്രതിഭാസമെന്നു തെളിയിച്ച വ്യക്തിയെ മതനിന്ദ ആരോപിച്ചു ജയിലിലടപ്പിക്കാനാണ് ശ്രമിച്ചത്.ഇതിനെതിരെ പ്രതികരിച്ചു 'നരകത്തില്‍ പോകാന്‍' ഒരു വിശ്വാസിക്കും ധൈര്യമില്ലല്ലോ?ഈ നാട്ടില്‍ത്തന്നെ ഒരു മാന്യദേഹം ഒരു 'മുടി'യുമായി തന്‍റെ സാമ്പത്തിക ദൌത്യം വിജയകരമായി പൂര്‍ത്തീകരിച്ചു കൊണ്ട് ലോകം ചുറ്റുന്നു. ഇന്റര്‍നെറ്റും ഫേസ്ബുക്കും വ്യാപകമായ ഇക്കാലത്ത് മതപ്രചാരണങ്ങള്‍ക്ക് പുതിയ പുതിയ രീതികളാണ് ഇവര്‍ പ്രയോഗിക്കുന്നത്.പണ്ട് പത്രത്തില്‍ വന്നിരുന്ന "ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ:വി.യൂദാസ്ലീഹായെ ... "എന്ന് തുടങ്ങുന്ന പരസ്യങ്ങളും "ഇത് ചുരുട്ടിക്കൂട്ടിക്കളഞ്ഞ ഗോപാലനെ ആന ചവിട്ടിക്കൂട്ടി .അത് കൊണ്ട്  നൂറു കോപ്പിയെടുത്ത്..."എന്ന നോട്ടീസുകളും ഓര്‍മ്മയില്ലേ?ഇന്ന് സ്ഥിതി മാറി.ദൈവങ്ങള്‍ തക്കാളിയിലും ഉരുളക്കിഴങ്ങിലും നേരിട്ടിറങ്ങി പരസ്യപ്രവര്‍ത്തനം നടത്തുകയാണ്(അറ്റ്ലസ് രാമചന്ദ്രനെ ആണ് ദൈവങ്ങള്‍ മാതൃകയാക്കിയിരിക്കുന്നത്‌ എന്ന് തോന്നുന്നു.പരസ്യചെലവ് കുറയ്ക്കാമല്ലോ.പിന്നെ അഡോബ് ഫോട്ടോഷോപ്പിനും നന്ദി) ഫേസ്ബുക്കില്‍ ലേഡീസ് പ്രൊഫൈല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലൈക്കും ഷെയറും കിട്ടുന്നത് ഇത്തരം പോസ്ടുകള്‍ക്കാണെന്നതാണ് വാസ്തവം(വെറുതെ കിട്ടുന്ന അനുഗ്രഹമല്ലേ അങ്ങ് വാങ്ങിയേക്കാം അല്ലേ?).ഭാവിയില്‍ ദൈവങ്ങള്‍ സ്വന്തമായി ഫേസ്ബുക്ക് അക്കൌണ്ട് തുടങ്ങി അനുഗ്രഹം ലൈക്കുകളായി അയച്ചുകൊടുക്കുന്ന കാലം വരുമായിരിക്കും.

                      ഇവിടെ ഏറ്റവും ചിന്തനീയമായ വസ്തുത ജീവിക്കാന്‍ വകയുള്ള ഇടത്തരക്കാരും ബിസിനസ് രാഷ്ട്രീയ കലാകായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പണക്കാരുമാണ്‌ ഈ തട്ടിപ്പുകളിലും വിശ്വാസങ്ങളിലും  എളുപ്പം വീണു പോകുന്നതെന്നതാണ്.അടുത്തു നില്‍ക്കുന്നവനെക്കാള്‍ വലുതാകണമെന്ന അത്യാഗ്രഹവും പണം കാരണമുള്ള മനസമാധാനമില്ലായ്മയുമാണ് ഇവരെ യഥാര്‍ത്ഥത്തില്‍ ഈ ചങ്ങലയിലെ  കണ്ണികളാക്കുന്നത്.അന്നന്നത്തെ അധ്വാനം കൊണ്ട്  ആഹാരം വാങ്ങാന്‍ ശ്രമിക്കുന്ന പാവങ്ങള്‍ കൂടിയാല്‍ ഒരു ലോട്ടറിടിക്കറ്റ് വരെ മാത്രമാണ് എത്തുന്നത്. അപൂര്‍ണ്ണമായ മത പഠനവും ശാസ്ത്ര പഠനവും ഈ ദുരവസ്ഥയുടെ മറ്റു കാരണങ്ങളാണ്.ഇതെല്ലാം അറിയാമെങ്കിലും മതനിഷേധി എന്ന പേര് പതിയാതിരിക്കാന്‍ വേണ്ടി വായടച്ചിരിക്കുന്നവര്‍ സ്വന്തം മതത്തിന്‍റെയും സമൂഹത്തിന്‍റെയും  ശവക്കുഴി തോണ്ടാന്‍ സഹായിക്കുകയാണെന്നോര്‍ക്കുക.

Thursday, June 14, 2012

ദാസനും വിജയനും കണ്ണൂരില്‍




രാജപ്പന്‍ തെങ്ങുംമൂട് ഉദയന്‍റെ കയ്യില്‍ നിന്ന് തട്ടിയെടുത്ത തിരക്കഥ  ഞാന്‍ മോഷ്ടിച്ചെടുത്തതില്‍ നിന്നും  ചില പേജുകള്‍.





സീന്‍ 52
രാത്രി.
വിജയന്‍റെ വീട്.കട്ടിലില്‍ കിടക്കുന്ന ദാസനും വിജയനും (കട്ടില് മാത്രം കാണിക്കുക.വീടിന്‍റെ പടം സ്ക്രീനില്‍ വരാതെ നോക്കണം)

ദാസന്‍:എടാ വിജയാ...

വിജയന്‍:എന്താടാ ദാസാ?

ദാസന്‍:എടാ ..നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്?

വിജയന്‍:ഏതു ബുദ്ധി ?

ദാസന്‍:ഇതുപോലെ ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിക്കുന്ന ബുദ്ധി!

വിജയന്‍:ദാസാ..ഓരോന്നിനും അതിന്‍റേതായ സമയമുണ്ട് മോനെ..
ഇനി നമുക്കാ തടി സുനിയേം അന്ധേരി കോരയേം വിളിച്ചു ഒരു പാര്‍ട്ടി കൊടുക്കണം ..

ദാസന്‍:പിന്നേ ..കോരേടെ മോടെ കല്യാണപ്പാര്‍ട്ടിക്ക്  പോയതിന്‍റെ ബഹളം ആ കെളവനും ചാനലുകാരും നിര്‍ത്തിയിട്ടില്ല! ഇനി അവന്മാരെ കണ്ട ഭാവം പോലും വേണ്ട!

വിജയന്‍:എന്നാ വേണ്ട .ഇപ്പൊ ഒരെണ്ണം അല്ലേ തീര്‍ന്നുള്ളൂ ..അത് നാലായി,പത്തായി,നൂറായി,ആയിരമായി...കുലംകുത്തികളില്ലാത്ത ലോകം..ഹോ..നമുക്കങ്ങു സുഖിക്കണം....

ദാസന്‍:ആഹാ..തീര്‍ന്നവന്‍റെ   വീട്ടുകാരുടെ കരച്ചിലു കേള്‍ക്കാന്‍ തന്നെ എന്തൊരു  സുഖം...എന്തൊരു സംഗീതാത്മകം..ആഹാ..

വിജയന്‍:ഐശ്വര്യത്തിന്‍റെ സൈറന്‍ മുഴങ്ങുന്നത് പോലുണ്ട്.അല്ലേ?
ദാസന്‍:ഈശ്വരാ രക്ഷിക്കണേ...

വിജയന്‍:പതുക്കെപ്പറ..നമുക്ക് ഈശ്വരനൊന്നും ഇല്ലെന്നറിയില്ലേ?


പെട്ടന്ന് വെളിച്ചം അണയുന്നു.സ്ക്രീനില്‍ ഇരുട്ട് മാത്രം..എന്തോ തട്ടിവീഴുന്ന ശബ്ദം.

ദാസന്‍:ശ്ശെ ...പവര്‍ക്കട്ടിന്റെ സമയത്ത് മാത്രം വരുന്ന ആ കള്ളിപ്പൂച്ച എത്തിയിട്ടുണ്ട്.




സീന്‍ 53
പകല്‍
ഓഫീസ് റൂം
ഓഫീസിലിരുന്നു ടിവി കാണുന്ന ദാസനും വിജയനും.ടിവിയില്‍ വാര്ത്താവായനക്കാരന്‍റെ  കഥകളി.

"പ്രധാന വാര്‍ത്തകള്‍..ചന്ദ്രന്‍ വധക്കേസില്‍ മുഖ്യ പ്രതി തടി സുനിയും അന്ധേരി കോരയും പിടിയില്‍.ഗൂഡാലോചനയുടെ ചുരുളഴിയുന്നു...ദാസനും വിജയനും പോലിസ് നിരീക്ഷണത്തില്‍...."

(പേടിച്ചരണ്ട ദാസന്‍റെ മുഖം ക്ലോസപ്പില്‍ .ഒരു നിമിഷം നിശബ്ധത.ക്യാമറ വീണ്ടും ടിവിയിലെക്കെത്തുമ്പോള്‍ പരസ്യം)

"സണ്ണീ ...എനിക്കെന്തെങ്കിലും പുളിയുള്ളത് തിന്നാന്‍ തോന്നുന്നു..."

ദേഷ്യത്തോടെ ടിവി ഓഫ്‌ ചെയ്യുന്ന വിജയന്‍: അവളുടെ ഒരു പുളി തീറ്റി..മനുഷ്യനിവിടെ തീ തിന്നു കൊണ്ടിരിക്കുമ്പോഴാ....ഡാ ദാസാ ..നീയല്ലേ പറഞ്ഞത് ആരും പിടിക്കില്ല എന്ന്? ഇപ്പൊ എന്തായി?

ദാസനും ദേഷ്യത്തില്‍:നീയല്ലേ അന്ന് സി ബി ഐ ക്കാരോട് പറഞ്ഞത് ഇവിടെ മാത്രമല്ല പിടി അങ്ങ്  ടെല്ലീലുമൊണ്ടെന്നു?ടെല്ലീം ബംഗാളും പോയിട്ട് തോട്ടുമുക്കില്‍പ്പോലും പിടിയില്ലെന്നു ഇപ്പോഴാ മനസ്സിലായത്‌.അച്ചു അമ്മാവന്‍ അന്നേ പറഞ്ഞതാ..നിന്‍റെ കൂടെ കൂടിയാല്‍ ചൊമന്നവനും നാറുമെന്ന്‌.!

വിജയന്‍: ഡാ...ഡാ..നീയത്രയ്ക്ക്  ചൂടാവണ്ട...എന്തായാലും നീ വെറും ലോക്കല്‍ കമ്മിറ്റിയും ഞാന്‍ പീബിയുമാ..അത് മറക്കണ്ട!...നികൃഷ്ട ജീവീ..കുലംകുത്തീ....

ദാസന്‍ :പീബീന്നു വച്ചാല്‍ ഇങ്ങേരെ പോക്കറ്റിലല്ലേ ..(പിറുപിറുക്കുന്നു)പ്രകാശം പരത്തുന്നവനേ...... അങ്ങനെ മണിയാശാനും പണിയായി.എന്തൊക്കെയായിരുന്നു..വെടിവെച്ചുകൊന്നു..കുത്തിക്കൊന്നു...തല്ലിക്കൊന്നു...ഹോ.

വിജയന്‍:എടാ ദാസാ..നമുക്കീ നാടുവിട്ടാലോ?

ദാസന്‍:എങ്ങോട്ട്?


വിജയന്‍:മലപ്പൊറത്തെക്ക്‌ ...അവിടെ നമുക്കൊരാളുണ്ട്....പണ്ട് ക്യാനഡാ യിലേക്ക് വിസ ശരിയാക്കിത്തന്ന കുഞ്ഞാപ്പ.



സീന്‍ 54
തിരയൊഴിഞ്ഞ കടല്‍തീരം...ഒരു ബക്കറ്റിലെ വെള്ളം മാത്രം അലയടിച്ചുകൊണ്ടിരിക്കുന്നു.അതില്‍ നോക്കിയിരിക്കുന്ന കുട്ടിയില്‍ നിന്നും ക്യാമറ ദൂരേക്ക്‌ നോക്കി നില്‍ക്കുന്ന ദാസനെയും വിജയനെയും ഫോക്കസ് ചെയ്യുന്നു.അവരുടെ അടുത്തേക്ക് വരുന്ന കുഞ്ഞാപ്പ.

കുഞ്ഞാപ്പ :ബാലകൃഷ്ണാ ...കൊച്ചുകള്ളാ..

വിജയന്‍(അമ്പരപ്പോടെ):ഇത് ഞാനാ...വിജയന്‍.

കുഞ്ഞാപ്പ:യ്യോ..ഇതെന്‍റെയൊരു സ്ഥിരം ഡയലോഗാണ് പുള്ളേ...ന്താ  ഇന്‍റെ..പ്രശ്നം?മലപ്പൊറത്തെക്ക്‌  വരണം.. ല്ലേ? ദേ ..ആ കാണുന്നത് കാലിഫോര്ണിയെലേക്ക് ചരക്കു കേറ്റാന്‍പോന്ന ഉരുവാണ്‌. നിങ്ങക്ക് രണ്ടാക്കും വേണ്ടി വേണങ്കില് ഞമ്മളിത് മലപ്പൊറം കടപ്പൊറം വഴി തിരിച്ചുവിടാം...

അടുത്ത് കെട്ടിയിട്ടിരിക്കുന്ന കൊതുമ്പു വള്ളത്തിലേക്ക്‌ ക്യാമറ തിരിക്കുക.(നിര്‍മ്മാതാവേ കപ്പല് കാണിക്കണമെങ്കില്‍ ചെലവു കൂടും പറഞ്ഞേക്കാം)

ദാസന്‍:ഉമ്മന്‍ പോലീസിന്‍റെ കയ്യില്‍പെട്ടാലോ?  

കുഞ്ഞാപ്പ:അതിനു പോലീസിന്‍റെ  മൂക്കിനകത്തേക്കല്ലാലോ..നിങ്ങള് പോണത്.പോലീസും കില്ലിസ്സും ഇല്ലാത്ത ഒരുപാട് കടപ്പൊറം മലപ്പൊറത്തൊണ്ട്.അത് കുഞ്ഞാപ്പൂനു നല്ലപോലറിയാം. ങ്ങളൊരൊറ്റക്കാര്യം ചെയ്‌താല്‍ മതി.വെള്ളത്തോപ്പീം പച്ച ബെല്‍റ്റും കരുതണം .കരപറ്റ്യാലൊടന്‍ വെള്ള ബനിയന്റേം ലുങ്കീടേം കൂടെ അതെടുത്തിട്ടോളീന്‍.പിന്നെ അത്യാവശ്യം ചെല വാക്കുകള് ഞാനിപ്പം പഠിപ്പിച്ചു തരാം..ഒന്നൂല്യാ...അസലാമു അലൈക്കും....വലൈക്കും ഉസലാം...

ദാസന്‍:ഇയ്യാള് നമ്മളെ വലയ്ക്കുമോ?

കുഞ്ഞാപ്പ: ല്ലെടാ ശെയ്ത്താനേ ...ആരേലും ചോയ്ച്ചാല് ..കുഞ്ഞാപ്പൂ കാ ദോസ്ത് ..കുഞ്ഞാപ്പൂ കാ ദോസ്ത് ..എന്ന് പറഞ്ഞാ മതി ..ബാക്കിയൊക്കെ ഞമ്മളേറ്റു.പിന്നെ അവിടെച്ചെന്നു ഐസ്ക്രീം ..ചാക്ക്..റൌഫ് .എന്നൊന്നും മിണ്ടിയേക്കല്ല് ...അതൊക്കെ മുട്ടന്‍ ചീത്തവാക്കുകളാ...

വിജയന്‍:അപ്പൊ എല്ലാം പറഞ്ഞപോലെ കുഞ്ഞാപ്പാ ...

ദാസന്‍:കുഞ്ഞാപ്പ ഞമ്മടെ ദൈവാ ...കുഞ്ഞാപ്പ ഞമ്മടെ ദൈവാ ..

കണ്ണു തുടച്ചു നില്‍ക്കുന്ന കുഞ്ഞാപ്പുവിന്‍റെ അടുത്തേക്ക് വരുന്ന  ഐസ്ക്രീം വില്‍പനക്കാരന്‍റെ അവസ്ഥ പ്രേക്ഷകനിലേക്ക് വിട്ടുകൊണ്ടു
കൊതുമ്പു വള്ളത്തിലേറി തുഴഞ്ഞു പോകുന്ന ദാസന്‍റെയും വിജയന്‍റെയും പിന്നില്‍ ജ്വലിച്ചു നില്‍ക്കുന്ന ചുവന്ന സൂര്യനിലേക്കു ക്യാമറ പതുക്കെ തിരിയുമ്പോള്‍ എഴുതിക്കാണിക്കണം "ശുഭം"

(നിര്‍മ്മാതാവിന്‍റെ കയ്യില്‍ കാശ് ബാക്കിയുണ്ടെങ്കില്‍  
മലപ്പുറത്ത്‌ ഇറങ്ങുന്ന ദാസനെ നായിക കല്യാണം  കഴിക്കുന്നതായി തിരുവനന്തപുരത്തെക്കൊരു ക്ലൈമാക്സും വിജയനെ കല്യാണം കഴിക്കുന്നതായി കണ്ണൂരേക്കൊരു  ക്ലൈമാക്സും കടല് നീന്തി വന്നു കുഞ്ഞാപ്പ കെട്ടുന്നതായി മലപ്പുറത്തേക്കൊരു  ക്ലൈമാക്സും എടുത്തു വച്ചാല്‍ നന്നായിരിക്കും.)

Monday, June 11, 2012

സ്ഥലത്തെ പ്രധാന പരോപകാരികള്‍

                   ചാനലുകാരും രാഷ്ട്രീയക്കാരും ചേര്‍ന്നവതരിപ്പിച്ച നെയ്യാറ്റിന്‍കര റിയാലിറ്റി ഷോ അവസാനിച്ചു.ശെല്‍വരാജ് എന്ന പുതിയ സൂപ്പര്‍സ്റ്റാറിന്‍റെ  (പ്രിഥ്വിരാജ് ക്ഷമിക്കുക ഇതു മറ്റൊരു സുപ്പര്‍സ്റ്റാര്‍ രാജ് ആണ്) ഉദയം കണ്ട ഈ ഷോയുടെ ഫലം പതിനഞ്ചാം തീയതി വരുമ്പോള്‍  അഴിമതി നടത്താനുള്ള പുതിയ അവസരവും MLA  ക്വാര്‍ട്ടേഴ്സില്‍ ഒരു ഫ്ലാറ്റും സമ്മാനമായിക്കിട്ടുന്നതാര്‍ക്കെന്ന കാര്യവും എലിമിനേഷന്‍ റൌണ്ടില്‍ പുറത്തായ ജനങ്ങള്‍ക്ക്‌ കാണാം .എന്തിനാണ് നമ്മള്‍ വോട്ടു ചെയ്യേണ്ടതെന്ന ചോദ്യത്തിനു രാഷ്ട്രീയക്കാരില്‍ നിന്ന് കിട്ടിയ ഉത്തരം കാലുമാറ്റത്തിനും വഞ്ചനക്കുമെതിരെ,കൊലപാതകരാഷ്ട്രീയത്തിനെതിരെ,ഭൂരിപക്ഷ സമുദായത്തിന്മേലുള്ള  പീഡനത്തിനെതിരെ എന്നിങ്ങനെയായിരുന്നു.ഈ മണ്ഡലത്തിലെ ജനകീയ പ്രശ്നങ്ങളിളിടപെട്ടു നിയമസഭയില്‍ നിയമനിര്‍മ്മാണ പ്രക്രിയയില്‍ പങ്കെടുത്തു നാടിനു നന്മ ചെയ്യുന്ന ഒരു ജനപ്രതിനിധിയെ തരാം എന്ന് ആരും പറഞ്ഞില്ല.ഉത്സവത്തിനു അമ്പലത്തിലും പള്ളിയിലും പോകുന്ന ആവേശത്തില്‍ പോളിംഗ് ബൂത്തില്‍ ക്യൂ നിന്ന് വോട്ടു ചെയ്തു മടങ്ങിയ പൊതുജനവും ഇത്തരം ചോദ്യോത്തരങ്ങള്‍ക്കു സമയം കണ്ടെത്തിയതായി തോന്നുന്നില്ല.അല്ലെങ്കില്‍ ഏതവന്‍  ജയിച്ചാലും കഞ്ഞി കുടിച്ചു കഴിയണമെങ്കില്‍ സ്വയം അധ്വാനിച്ചു വക കണ്ടെത്തണമെന്ന തിരിച്ചറിവാകാം കാരണം.



               ചന്ദ്രശേഖരന്‍ വധം ഒരു രാഷ്ട്രീയ ക്രൂരതയായി ചര്‍ച്ച ചെയ്ത സമൂഹത്തിലേക്കാണ് വണ്‍..  ടൂ... ത്രീ ...പതിമൂന്ന്‌ എന്നു പറഞ്ഞു മണിയാശാന്‍റെ കടന്നുവരവ്.ബാറ്റ്മാന്‍ സീരീസില്‍ ഹീത്ത് ലെട്ജെര്‍ അനശ്വരമാക്കിയ വില്ലന്‍ ജോക്കറിനെപ്പോലെ പാര്‍ട്ടിക്കാരെയും ചാനലുകാരെയും ഞെട്ടിച്ചു ആശാന്‍റെ നാക്ക് വ്യതിചലിച്ചപ്പോള്‍ സഹായ സഹകരണ കൊലപാതകങ്ങളുടെ പുതിയ പഴയ കഥകളാണ് പുറത്തു വന്നത്.ചാനലുകള്‍ ഇവിടെ അവതരിക്കുന്നതിനു മുന്‍പേ മണ്മറഞ്ഞ അഞ്ചേരി ബേബിയും ബാലുവും നാല്‍പ്പാടി വാസുവും ജയകൃഷ്ണന്‍ മാഷുമൊക്കെ ശവമാടം പൊളിച്ചിറങ്ങി ഇടതന്‍റെയും വലതന്‍റെയും താമരക്കാരുടെയുമൊക്കെ ഉറക്കം കെടുത്താനിറങ്ങിയിരിക്കുകയാണ്.എങ്കിലും മാധ്യമങ്ങള്‍ എത്രനാള്‍ പ്രധാന വാര്‍ത്തയാക്കും എന്നതനുസരിച്ചിരിക്കും ഇവരുടെയൊക്കെ പുതിയ ജീവിതം.അല്ലെങ്കില്‍,കണ്ടാല്‍ പരസ്പരം കടിച്ചു കീറാന്‍ നില്‍ക്കുന്നവര്‍ക്ക് ചാണ്ടിച്ചന്‍റെ  താറാവുകറിയും കുഞ്ഞാപ്പയുടെ ബിരിയാണിയും കഴിച്ചു ഒരു അത്താഴപ്പാര്‍ട്ടിയിലൂടെ മുക്കിക്കളയാവുന്ന ചെറിയ പ്രശ്നം മാത്രമാണ് ഈ ശവക്കുഴി തോണ്ടല്‍ .


 
ഇപ്പോള്‍ മണിക്കെതിരെ പ്രസംഗത്തിന്‍റെ  പേരില്‍ കേസെടുത്ത പോലീസ്സ് തന്നെയാണ് ജഡ്ജി കൈക്കൂലി വാങ്ങുന്നതു കണ്ടെന്നു പറഞ്ഞ സുധാകരനെതിരെയും കേസെടുത്തത്.എന്നിട്ടെന്തായി?ഒരു സഖാവും അതിനെക്കുറിച്ചു ഇപ്പോള്‍ സൂചിപ്പിക്കുന്നതു പോലും ഇല്ല .തെരഞ്ഞെടുപ്പു കാലത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന മറ്റു ചില പ്രതിഭാസങ്ങളാണ് ലാവലിന്‍,ഐസ്ക്രീം,റൌഫ് തുടങ്ങിയവ.കയ്യാമം വച്ച് നടത്തപ്പെടും എന്ന് പറഞ്ഞവര്‍ അധികാര സ്ഥാനങ്ങളില്‍ തുടരുകയും കയ്യാമം വയ്പ്പിക്കും എന്ന് പറഞ്ഞയാള്‍ ഇപ്പോള്‍ കയ്യാമത്തിനരികെയുമായതും  പരോപകാരത്തിന്‍റെ  മറ്റൊരു ഉദാഹരണമല്ലേ?മൂന്നാറിലും മതികെട്ടാന്‍ മലയിലുമൊക്കെ നൂറുകണക്കിന് ഏക്കര്‍ സ്ഥലം വെട്ടിപ്പിടിച്ച മലയോര കൊണ്ഗ്രസ്സുകാര്‍ക്കും മണിയന്മാര്‍ക്കുമൊക്കെ വിഷമം വയനാട്ടിലെ രണ്ടരയേക്കറിനെക്കുറി ച്ചാണ്.നിയമത്തിന്‍റെ ബുള്‍ഡോസ്സറു മായിറങ്ങുമെന്നു പറഞ്ഞ തിരുവഞ്ജൂരിന്‍റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന് പറയേണ്ടി വരുന്നു.
                സ്കൂളും കോളേജും കോഴ്സുമെല്ലാം വാരിക്കോരി നല്‍കി സമുദായ നേതാക്കള്‍ക്ക് കച്ചവടം നടത്താന്‍ സഹായം ചെയ്യുന്നതില്‍  റബ്ബും റബ്ബര്‍ ജോസഫും പോളിറ്റ് ബേബിയുമൊക്കെ ഒരു പോലെ മത്സരിക്കുകയായിരുന്നല്ലോ. പരോപകാരത്തിന്‍റെ  എളമരം ചാണ്ടി കഥകള്‍ പറയുന്ന ടൈറ്റാനിയത്തിലെ അഴിമതിക്കും ഇന്നെന്തു സംഭവിച്ചു.അവിടെ ദ്രവിച്ചു കൊണ്ടിരിക്കുന്ന യന്ത്രസാമഗ്രികള്‍ ജനാധിപത്യത്തിന്‍റെ നാണക്കേടായി നമുക്ക് മുന്‍പില്‍ നില്‍ക്കുന്നു.അച്ചുമ്മാനും ഐസ്സക്കും അന്നുണ്ടാക്കിയ കോലാഹലങ്ങള്‍ കണ്ടു മുഖ്യമന്ത്രി ക്കുപ്പായം തുന്നിച്ച  ചെന്നിത്തലയോ വോട്ടിട്ട് ഇവരെയൊക്കെ ജയിപ്പിച്ചുവിട്ട പോതുജനമാണോ വിഡ്ഢിയായതെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.അഴിമതി കാട്ടി ജയിലു കണ്ട ഒരു പിള്ളേച്ചന്‍ രക്തത്തില്‍ ഇരുമ്പു കൂടുന്ന  ഒരു മഹാരോഗം പിടിപെട്ടു ഗുരുതരാവസ്ഥയില്‍ ഇപ്പോള്‍ സുഖമായി നമുക്കിടയില്‍ വിലസുന്നതും ഈ പരസഹായ ക്കമ്മിറ്റികള്‍ നമുക്ക് കാട്ടിത്തന്നു.(അദ്ദേഹത്തിന്റെ രക്തത്തിലെ ഇരുമ്പു കൊണ്ടാണ് പൂജപ്പുരയിലെ കമ്പികളുണ്ടാക്കിയതെന്നും പറയാന്‍പറ്റാത്തിടത്ത് കേറ്റാന്‍ പറ്റിയ പാരകള്‍ പണിയാന്‍ ആ ഇരുമ്പ് പഷ്ടാനെന്നും ചില ദ്രോഹികള്‍ പറഞ്ഞു നടക്കുന്നുണ്ട് കേട്ടോ).

                സ്വന്തം ജോലിയോട് ആത്മാര്‍ഥതയുള്ള ചില ഉദ്യോഗസ്ഥരെങ്കിലും ഇപ്പോഴും ഉള്ളതു കൊണ്ട് ഭരണയന്ത്രം പതുക്കെയാണെങ്കിലും തിരിഞ്ഞുകൊണ്ടെയിരിക്കുന്നു.ഇടയ്ക്കിടയ്ക്ക് ജനസമ്പര്‍ക്കം എന്ന റിയാലിറ്റി ഷോ നടത്തി ജനങ്ങളെ പറ്റിക്കാമെന്ന മുഖ്യന്‍റെയും കൂട്ടരുടെയും തന്ത്രത്തിന് എത്രനാള്‍ ആയുസ്സുണ്ടാകും.ഇതുവരെ തുടങ്ങാത്ത ബുള്ളറ്റ് ട്രെയിനിന്‍റെയും അതിവേഗ പാതയുടെയും പടം കാണിച്ചു വാര്‍ഷികപരസ്യം മിനിട്ടിനു മിനിട്ടിനു നല്‍കുന്നത് ജനങ്ങളെ പറ്റിക്കാനോ അതോ ചാനലുകാര്‍ക്ക് വരുമാനമുണ്ടാക്കിക്കൊടുക്കാനുള്ള പുതിയ പരസഹായ പ്രവര്‍ത്തനമാണോ  എന്നു നമ്മളാണ് ചിന്തിക്കേണ്ടത് .കാരണം പൊതുജനം കഴുതയെന്നു പറയുന്നത് ഈ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ചേര്‍ന്നാണ്!

Tuesday, June 5, 2012

ചെകുത്താന് സ്നേഹപൂര്‍വ്വം ദൈവം

 " ഈ മെയില്‍ വിവാദത്തില്‍ ചോര്‍ത്തപ്പെട്ട ഒരു രഹസ്യ സന്ദേശം ഇവിടെ ഫോര്‍വേഡ് ചെയ്യുന്നു . ഇതെഴുതിയ ദൈവം എന്ന ആളുടെ പേരിലെ  മത തീവ്രവാദ ബന്ധം ഇതുവരെ തെളിയിക്കപ്പെടാത്തതിനാല്‍ വിവാ ദങ്ങളുണ്ടാകില്ലെന്നു പ്രതീക്ഷിക്കാം".

------------------------------------------------------------------------------------------------------------------------------
 From:daivam@email.com
 To:chekuthaan@aamail.com

പ്രിയ സ്നേഹിതാ...താങ്കള്‍ക്കു സുഖമല്ലേ?
                      
                 ആശയപരമായ ചില തെറ്റിദ്ധാരണകള്‍ മൂലം ഞാന്‍ താങ്കളെ ഇത്രനാളും അകറ്റി നിര്‍ത്തിയതില്‍ ക്ഷമിക്കുക.ഈ പ്രപഞ്ചത്തില്‍ ഏറ്റവും മോശക്കാരന്‍ താങ്കളാണെന്ന് കരുതിയ എനിക്ക് തെറ്റ് പറ്റിയെന്നു ഭൂമിയിലെ എന്‍റെ അനുയായികള്‍ എന്നു പറഞ്ഞു നടക്കുന്നവരുടെ ചെയ്തികള്‍ കണ്ടപ്പോള്‍ മനസ്സിലായി.എന്‍റെ പേരില്‍ അവര്‍ അവിടെ പല മതങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ എന്‍റെ മാര്‍ഗം അതിവേഗം ബഹുദൂരം കൂടുതല്‍പ്പേരില്‍ എത്തുമെന്ന് ഞാന്‍ കരുതി.പക്ഷെ ...മതപണ്ഡിതന്മാര്‍ എന്ന കൂട്ടര്‍ എന്‍റെ പ്രതീക്ഷകളെല്ലാം തെറ്റിച്ചു.യേശു ,നബി,കൃഷ്ണന്‍ തുടങ്ങിയ പ്രവാചകരിലൂടെ ഞാന്‍ നല്‍കിയ പ്രമാണങ്ങള്‍ അവരവരുടെ സ്വാര്‍ത്ഥ  താല്പര്യങ്ങള്‍ക്ക് വേണ്ടി വളച്ചൊടിച്ചു വ്യാഖ്യാനം നല്‍കുകയാണ് ഇക്കൂട്ടര്‍ ചെയ്തത്.ആദ്യം തന്നെ ഞാനൊരു കൈക്കൂലിക്കാരനും സ്വജനപക്ഷപാതിയുമാണെന്നു അവര്‍ പറഞ്ഞു പരത്തി.ക്ഷിപ്രകോപവും ക്ഷിപ്രപ്രസാദവും ആണ് എന്‍റെ സ്വഭാവമെന്നു പറഞ്ഞു സംഭാവനകള്‍ വാരിക്കൂട്ടി.സ്വര്‍ഗത്തിന്‍റെയും  നരകത്തിന്‍റെയും  മരണാനന്തര ജീവിതത്തിന്‍റെയും  പേര് പറഞ്ഞു ആളുകളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും സ്വന്തം മതത്തിലേക്ക് ആളെക്കൂട്ടി ശക്തികാണിക്കാന്‍ അവര്‍ ശ്രമിച്ചു.
                  മറ്റൊന്ന് പൊതുസ്ഥലങ്ങളും പാതയുമൊക്കെ കയ്യേറി അവയ്ക്ക് മുന്‍പില്‍ വലിയ ഭണ്ടാരങ്ങള്‍ നിരത്തി നടത്തുന്ന കച്ചവടം. ലക്ഷക്കണക്കിനു പേര്‍ താമസിക്കാനൊരു കൂരയില്ലാതെ ചൂടും തണുപ്പുമേറ്റു മരിച്ചു വീഴുന്ന ഭൂമിയിലാണ് ഈ കയ്യേറ്റവും മണിമന്ദിരങ്ങളും!വാഹനങ്ങളില്‍ നിന്നും ഭണ്ടാരത്തിലേക്ക് ചില്ലറകള്‍ വലിച്ചെറിഞ്ഞു വണങ്ങി മനുഷ്യര്‍ പോകുമ്പോള്‍ അവരിലെ "പിച്ചക്കാര്‍" എന്ന കൂട്ടരിലൊരുവനാണോ ഞാനെന്നു ചിന്തിച്ചിട്ടുണ്ട്.കുരിശില്‍ നിന്ന് വെള്ളമിറ്റിച്ചും തക്കാളിയില്‍ വചനങ്ങളെഴുതിവച്ചും വിഗ്രഹ രൂപത്തില്‍ പാല്‍കുടിച്ചും പരസ്യം ചെയ്യുന്ന കോര്‍പ്പറേറ്റ് മുതലാളിയാണ് ഞാനെന്നു വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു.എന്‍റെ കാലടിപ്പാടെന്നും മുടിയെന്നും കണ്ണീരെന്നും പറഞ്ഞു പുതിയ പുതിയ വിപണന സാധ്യതകളാണ് അവര്‍ തുറക്കുന്നത്.വലം പിരി ശംഖെന്നും  രുദ്രാക്ഷമെന്നും പറഞ്ഞു മറ്റു ചിലര്‍.അതുകൊണ്ട് അബദ്ധത്തില്‍പ്പോലും എന്‍റെ മുടിയോ നഖമോ ഭൂമിയില്‍ വീഴാതെ ഞാന്‍ ശ്രദ്ധിക്കാറുണ്ട്.
                 മറ്റൊരു കാര്യം സ്ത്രീകളുടെ ഉടുപ്പിലും നടപ്പിലും നിബന്ധനകള്‍ വയ്ക്കുന്ന ഒരു മെയ്ല്‍ ഷോവനിസ്റ്റാണ്  ഞാനെന്നുള്ള കള്ള പ്രചരണം .അതില്‍ ഓരോ മതങ്ങളും മത്സരിക്കുകയാണ്.വിശുദ്ധ ദിനങ്ങളില്‍ തലയറ്റു വീഴുന്ന കോഴിയുടെയും ആടിന്‍റെയും വെയിലേറ്റു വാടുന്ന ആനകളുടെയും ശാപം...ഹോ ...പലപ്പോഴും ഉറക്കം കൂടി കെടുത്താറുണ്ട്.ആ വെള്ളി മൂങ്ങകള്‍ പരാതിയുമായി വന്ന ദിവസം ഞാന്‍ നാണക്കേട്‌ കൊണ്ട് ചൂളിപ്പോയി.എന്‍റെ പേരില്‍ നേര്‍ച്ചയും ബലിയും നടത്തി പങ്കിട്ടു വെജ്ജും നോണ്‍ വെജ്ജും മദ്യവുമൊക്കെ ഭക്തിപുരസ്സരം അകത്താക്കുന്ന മനുഷ്യരുടെ വിഡ്ഢിത്തം പലപ്പോഴും ഒരു തമാശയായി തോന്നിയിട്ടുണ്ട്.പ്രാര്‍ത്ഥിക്കാന്‍ മാത്രമല്ല തിന്നാനും വേണ്ടേ ഓരോരോ കാരണങ്ങള്‍...!
                   മാലിന്യം കൊണ്ട് വീര്‍പ്പു മുട്ടുന്ന ഗംഗാ നദി മുതല്‍ പമ്പാ നദി വരെയുള്ളവയുടെ നിലവിളി ഇപ്പോഴും എന്‍റെ കാതില്‍ അലയടിക്കുന്നു.ജീവജാലങ്ങള്‍ക്ക് കുടിക്കാനും ദേഹശുദ്ധി വരുത്താനും വളരാനും ഞാന്‍ കൊടുത്ത ജലാശയങ്ങള്‍ ശവങ്ങളും വെണ്ണീറും വസ്ത്രങ്ങളും മുതല്‍ മലം വരെ നിറച്ചു പുണ്യ നദിയായി കൊണ്ടാടുകയാണല്ലോ.വ്യവസായ വികസനത്തിന്‌ വേണ്ടി അവര്‍ ജലവും പരിസ്ഥിതിയും മലിനമാക്കിയപ്പോള്‍ അത് വികസനം എന്ന് തള്ളിയ എനിക്ക് എന്‍റെ പേരില്‍ നടത്തുന്ന ഈ മലിനീകരണം ന്യായീകരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല.
                എന്നെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ചത് എന്നെക്കാള്‍ ശക്തിയുണ്ടെന്ന് ജനങ്ങളെ വിശ്വസിപ്പിച്ചു സര്‍വ്വസുഖങ്ങളോടെ വാണരുളുന്ന സൊ കാള്‍ഡ് ആള്‍ദൈവങ്ങളും അവരുടെ അനുയായികളുമാണ്‌.(ആഡംബരത്തിലെങ്കിലും അവര്‍ എന്നേക്കാള്‍ മുകളിലാണ് കേട്ടോ!)  ശൂന്യതയില്‍ നിന്ന് ഭസ്മവും മാലയും ആപ്പിളുമൊക്കെ എടുക്കുന്ന ഇവര്‍ക്ക് ഒരു ചാക്ക് അരി ശൂന്യതയില്‍ നിന്ന് വരുത്തി പട്ടിണി ക്കാര്‍ക്ക് കൊടുത്തു കൂടെ?ത്രികാല ജ്ഞാനികളായി ചമയുന്ന ഇവര്‍ക്ക് ഭൂകമ്പവും സുനാമിയുമൊക്കെ മുന്‍കൂട്ടിക്കണ്ട് ജനങ്ങളെ രക്ഷിക്കാമായിരുന്നു.തെരുവ് സര്‍ക്കസുകാര്‍ക്കു  പോലും സാധ്യമായ മാജിക്കുകള്‍ സുവര്‍ണ്ണ സിംഹാസനത്തിലിരുന്നു ഇവര്‍ കാണിക്കുമ്പോള്‍ വാ പൊളിച്ചു കൂടെ പോകുന്ന മനുഷ്യര്‍ക്ക്‌ ഞാന്‍ നല്‍കിയത് വിവേചന ബുദ്ധി തന്നെയായിരുന്നോ എന്ന് സംശയമുണ്ട്‌.അതിലേറെ രസകരം സ്വന്തം അച്ഛനമ്മമാരെ ചവിട്ടിപ്പുറത്താക്കി വൃദ്ധമന്ദിരങ്ങളിലും തെരുവിലും ഉപേക്ഷിച്ചു അധ്യാപകരെ പരിഹസിച്ചു നടന്നിട്ട് സമാധാനം തേടി ആള്‍ദൈവങ്ങളെ കുമ്പിടുന്നവരെ കാണുമ്പോളാണ്.

                 അടുത്ത വീട്ടിലെ പട്ടിണിയും രോഗവും കണ്ടില്ലെന്നു നടിച്ചു അമ്പലങ്ങളും പള്ളികളും സംഭാവന കൊണ്ട് മൂടി എന്‍റെ അനുഗ്രഹത്തിന് കാത്തു നില്‍ക്കുന്ന അവരറിയുന്നില്ല..എന്‍റെ അനുഗ്രഹം സഹജീവികളെ സഹായിക്കുന്നവരിലാണെന്ന്.എന്നെത്തേടി ആരാധനാലയങ്ങളില്‍ തിരക്കു കൂട്ടി ചവിട്ടു കൊണ്ട് വീഴുന്ന അവരറിയുന്നില്ല, എന്നെ തേടേണ്ടത് സ്വന്തം മനസ്സിലാണെന്ന്.ഞാനുമായി സംവദിക്കാനുള്ള സ്വകാര്യം മാത്രമാണ് മതങ്ങളെന്നു മനസ്സിലാക്കാനും ,ആള്‍ക്കൂട്ടത്തിന്‍റെ  മതങ്ങളല്ല വ്യക്തികളുടെ മതബോധവും ശുദ്ധിയുമാണ് എന്നിലേക്കുള്ള  എളുപ്പവഴിയെന്നും അറിയിക്കാന്‍ ഞാന്‍ പരാജയപ്പെട്ടതായി തോന്നുന്നു.അതു കൊണ്ട് സ്നേഹിതാ.... ഈ ഭൂമിയും അവിടത്തെ മനുഷ്യരെയും ഞാന്‍ താങ്കള്‍ക്കു തരുന്നു.താങ്കളുടെ സമാധാന ജീവിതം കണ്ടു അസൂയ തോന്നിയതു കൊണ്ടോ താങ്കള്‍ക്കു പാരവെക്കാനോ അല്ല ഞാനീ അഭ്യര്‍ത്ഥന നടത്തുന്നത്.എന്‍റെ സദുദ്ദേശത്തെ തെറ്റിദ്ധരിക്കില്ലെന്ന വിശ്വാസത്തോടെ....

യുവേര്‍സ്   ഫൈത്ത്ഫുളി,

ദൈവം (ഒപ്പ്)

Sunday, June 3, 2012

സിനിമ -മലയാളം തമിഴ് ന്യൂ ജെനറേഷന്‍

                    മലയാളത്തില്‍ പുതുമുഖ ചിത്രങ്ങള്‍ക്കും പരീക്ഷണ ചിത്രങ്ങള്‍ക്കും ഇത്  സന്തോഷത്തിന്‍റെകാലമാണെന്ന് തോന്നുന്നു.തിരശീലയിലും പുറകിലും പുതിയ പേരുകള്‍ ഉയര്‍ന്നു കേട്ടു തുടങ്ങി. .പുതിയ തലമുറയിലെ സിനിമാപ്രവര്‍ത്തകര്‍ വിജയാരവം മുഴക്കുമ്പോള്‍ ന്യൂ ജെനറേഷന്‍ സിനിമ അല്ലെങ്കില്‍ മള്‍ട്ടിപ്ലെക്സ്‌  സിനിമ എന്നിങ്ങനെ പുതിയ വാക്കുകള്‍ കൂടി മാധ്യമങ്ങളില്‍ നിറയുന്നു . 2010 ല്‍ രഞ്ജിത് ശങ്കറിന്‍റെ 'പാസഞ്ചര്‍' എന്ന ചിത്രം തുടങ്ങി വച്ച മാറ്റം ട്രാഫിക്കും സാള്‍ട്ട് ന്‍ പെപ്പറും കടന്നു 22 ഫീമയില്‍ കോട്ടയത്തിലെത്തി നില്‍ക്കുമ്പോള്‍ സൂപ്പര്‍താര സങ്കല്‍പ്പത്തിലും ഇളക്കം തട്ടിതുടങ്ങിയിരിക്കുന്നു.സംവിധായകന്‍റെയും തിരക്കഥാകൃത്തിന്റെയും പേരില്‍ വീണ്ടും സിനിമകള്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയതില്‍ രാജേഷ്പിള്ളയും ആഷിക് അബുവും അനൂപ്മേനോനും മാത്രമല്ല ഒരുകാലത്ത് സുപ്പര്‍താരങ്ങള്‍ക്ക് വേണ്ടി അമാനുഷ കഥാപാത്രങ്ങള്‍ സൃഷ്‌ടിച്ച രഞ്ജിത് കൂടി പലേരി മാണിക്യവും ഇന്ത്യന്‍ റുപ്പിയുമൊക്കെ നല്‍കി തന്‍റേതായ സ്ഥാനമുറപ്പിച്ചു .മീശ പിരിച്ചിറങ്ങിയ തംബുരാക്കന്മാരെയും കോപ്രായം കാണിക്കുന്ന അറുപതിലെത്തിയ അവിവാഹിത യുവത്വങ്ങളെയും സ്നേഹപൂര്‍വ്വം നിരസിക്കാന്‍ പ്രേക്ഷകരും പതുക്കെപ്പതുക്കെ ശീലിച്ചു തുടങ്ങിയിരിക്കുന്നു. പക്ഷേ ,സ്വാധീനശക്തിയുള്ള  ഒരു മാധ്യമമെന്ന നിലയില്‍ ഈ നവ സിനിമകള്‍ മലയാളി സമൂഹത്തെ എങ്ങനെ കാണുന്നുവെന്നത് പ്രാധാന്യമര്‍ഹിക്കുന്ന ഒരു വിഷയമാണ്.
  മലയാളികളെക്കാള്‍ അതി  വൈകാരികതയെ മനസിലേറ്റിയ തമിഴ് സമൂഹത്തിലേക്കു ബാലയുടെ വിക്രം ചിത്രമായ സേതുവിലൂടെയും അമീറിന്‍റെ റാം,പരുത്തിവീരന്‍ തുടങ്ങിയവയിലൂടെയും  നവ സിനിമ കടന്നുവന്നത് അവരുടെ ആ വൈകാരികമായ ബലഹീനത മുതലെടുത്തുകൊണ്ട് തന്നെയായിരുന്നു.സുബ്രമണ്യപുരവും മൈനയും അങ്ങാടിതെരുമൊക്കെ സാധാരണക്കാരുടെയും താഴെതട്ടിലുള്ളവരുടെയും കഥ ഇതിവൃത്തമാക്കിയപ്പോള്‍ അതിനു കേരളത്തിലും സ്വീകാര്യത കിട്ടി.രജനി ചിത്രങ്ങളിലെ തായ് തങ്കച്ചി പാശത്തിനു പകരം ഭ്രാന്തമായ പ്രണയവും സുഹൃത്ബന്ധങ്ങളും വിഷയമാക്കുകയായിരുന്നു ഈ പുതു തലമുറ ചിത്രങ്ങള്‍.എന്നാലും പരിശുദ്ധ പ്രണയവും സ്വന്തം ഭാഷയോടും ആചാരങ്ങളോടുമുള്ള ആഭിമുഖ്യവും മുറുകെപ്പിടിച്ചുകൊണ്ടായിരുന്നു അവയിലെ കഥാപാത്ര സൃഷ്ടികള്‍.
                   പക്ഷേ ഇന്നത്തെ മലയാള സിനിമയുടെ കഥയും കഥാപാത്രങ്ങളും കാണുമ്പോള്‍ കേരളമെന്നത് ഏതോ പടിഞ്ഞാറന്‍ രാജ്യമാണെന്ന് തോന്നിപ്പോകുന്നു.പ്രേമം എന്നതു എന്തോ വൃത്തികെട്ട സംഭവമാണെന്നും ആണും പെണ്ണും തമ്മില്‍ ശാരീരികമായ ബന്ധം മാത്രം മതി (അന്യന്‍റെ ഭാര്യയാണെങ്കില്‍ വളരെ നല്ലത്)എന്ന 'പുരോഗമനചിന്തയും' സ്ത്രീ സ്വാതന്ത്ര്യമെന്നത് വെള്ളമടിക്കാനും പയ്യന്‍റെ  ചന്തിക്ക് നോക്കി കമന്‍റ്ടിക്കാനും കാര്യം കാണാന്‍ സ്വന്തം ശരീരം ഉപയോഗിക്കാനുമുള്ള സ്വാതന്ത്ര്യം ആണെന്നും ഇതൊക്കെയുന്ടെങ്കില്‍മാത്രമേ നമ്മളും മെട്രോ മലയാളിയാകൂ എന്നും ഉത്ഘോഷിക്കുന്ന ഈ മാറ്റം എന്തിന്‍റെ സൂചനയാണ്?ഇനി ഇതൊക്കെതന്നെയാണോ മലയാളി?

                മലയാളത്തില്‍ കഴിഞ്ഞ കാലത്ത്  അധമ സഞ്ചാരങ്ങളെയും അവിഹിത ബന്ധങ്ങളെയും സാഹിത്യത്തിന്‍റെ മധുരം പുരട്ടി കഥ പറഞ്ഞ സിനിമാക്കാരനായിരുന്നു പദ്മരാജന്‍.തൂവാനത്തുമ്പികള്‍ പ്രിയപ്പെട്ട ചിത്രമായിക്കാണുന്നവരെ ആകര്‍ഷിച്ചത് അതിലെ ശുഭാപര്യവസായിയായ അവിഹിത ബന്ധമല്ലാതെ മറ്റെന്താണ് ?അതേസമയം ഭരതന്‍ ചിത്രങ്ങളില്‍ യാഥാര്‍ത്യത്തിന്‍റെ കയ്പ്പ് നിറഞ്ഞ ബന്ധങ്ങളായിരുന്നു കാണാന്‍ കഴിഞ്ഞത്.അക്കാലത്തെ ന്യൂ ജെനറേഷന്‍ സിനിമകളായിരുന്നു ഇരുവരുടേതും.ഈ രണ്ടു പ്രതിഭകളുടെ അനുകരണം അല്ലേ പദ്മരാജന്‍ ചിത്രങ്ങളുടെ മോഡേണ്‍ പതിപ്പായ മലയാള സിനിമയും പഴയ ഭരതന്‍ സിനിമയുടെ പതിപ്പെന്നു തോന്നിപ്പിക്കുന്ന പുതിയ തമിഴ് സിനിമയും .
എങ്കിലും മേല്‍പ്പറഞ്ഞ ഒരു തമിഴ് സിനിമയും "കോപ്പി" എന്ന  പേരുദോഷം കേള്‍പ്പിച്ചില്ല എന്നു മാത്രമല്ല  അത് അവര്‍ക്ക് മാത്രം ചെയ്യാന്‍ പറ്റുന്ന സിനിമകളാവുകയും  ചെയ്തു.ഉദാഹരണത്തിന് മൈന,അങ്ങാടി തെരു  ,ആഴകര്‍സാമിയിന്‍ കുതിരൈ തുടങ്ങിയ ചിത്രങ്ങളുടെ കഥ എത്രത്തോളം ലളിതവും എന്നാല്‍ വ്യത്യസ്ഥവുമായിരുന്നു?എന്നാല്‍ മലയാളത്തിലെ നവ സിനിമകളില്‍  പാസഞ്ചര്‍,സാള്‍ട്ട് ന്‍ പെപ്പര്‍, ഇന്ത്യന്‍ റുപ്പി എന്നിവയല്ലാതെ അടിച്ചുമാറ്റലിന്‍റെ ചരിത്രം ഇല്ലാത്ത എത്ര പടങ്ങളുണ്ട് ?കൊക്ക്ടയ്ല്‍,ചാപ്പകുരിശു,ബ്യൂട്ടിഫുള്‍,ഗുലുമാല്‍,അന്‍വര്‍ തുടങ്ങി മലയാളത്തിന്‍റെ പുതിയ അഭിമാനങ്ങളൊക്കെ അമേരിക്കേന്നും അര്‍ജെന്ടീനേന്നും കൊറിയേന്നുമൊക്കെ പെറുക്കിക്കൊണ്ടുവന്ന മാലിന്യങ്ങ ളാണന്നു മനസ്സിലാകുമ്പോള്‍ (ലേലം എന്ന സിനിമയിലെ ഈപ്പച്ചന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ജനുസ്സിന്‍റെ കൊണം...എല്ലാത്തിന്‍റെയും തൊലി വെളുവെളാന്നാ...പിന്നെ ..പൂച്ചേടെ ജാതി കണ്ണും..)എന്തോ ഒരു നിരാശ.കടമെടുക്കാത്ത ഭാവനയും പ്രതിഭയും കൊണ്ട്  നമ്മളെയും മറ്റു ഭാഷക്കാരെയും വിസ്മയിപ്പിക്കാന്‍ ഈ പുതിയ സിനിമാക്കാര്‍ക്ക്‌ കഴിയുമെന്ന് പ്രതീക്ഷിക്കാം.(അതുവരെ എനിക്കവരോട് തിരുമേനി നേരത്തെ പറഞ്ഞതാ...ഇറവ..ഇറവ..ഇറവറന്‍സ്....ബഹുമാനക്കുറവ് !)         
Related Posts Plugin for WordPress, Blogger...

അണികളെ... നിങ്ങൾ ക്യൂവിലാണ് ....

                       ഓ  ഇനി  എത്ര  നേരം  ഈ  ക്യുവിൽ  നിൽക്കണം ആവോ   ??? മറ്റുള്ളവർ കേൾക്കാനെന്നപോലെ  ഉറക്കെയുള്ള  ഒരു  ആത്മഗതം കേട്ടാണ്...