പുതിയ കുട പുതിയ ബാഗിനുള്ളില്‍ മടക്കിവച്ച് തോരാതെ പെയ്യുന്ന പുതുമഴ നനഞ്ഞു കൂട്ടുകാരോടൊപ്പം സ്കൂളില്‍ നിന്ന് മടങ്ങിയിരുന്ന ബാല്യം ജൂണ്‍ മാസക്കാഴ്ചകളായി ഓര്‍മയില്‍ സൂക്ഷിക്കുന്ന എല്ലാവര്‍ക്കുമായി ചില അലോസരപ്പെടുത്തുന്ന കാര്യങ്ങള്‍ പറയട്ടെ ? .പുതു മണ്ണിന്‍റെ ഗന്ധം നിറച്ചു വഴിയരുകിലൂടെ മഴച്ചാലുകള്‍ കാലുകളെ തഴുകിപ്പായുമ്പോള്‍ തടയണ കെട്ടാനും കൂട്ടുകാരുടെ ദേഹത്തേക്ക് വെള്ളം തെറിപ്പിച്ചു ഓടിപ്പോകാനും കഴിഞ്ഞിരുന്ന ആ ബാല്യം ഇന്ന് സാധ്യമാണോ? ഇന്ന് മഴക്കാലത്ത് വഴി നിറഞ്ഞൊഴുകുന്ന(റോഡരികിലൂടല്ല) കറുകറുത്ത കൊഴുത്ത ദ്രാവകത്തെ സ്പര്‍ശിക്കാന്‍ ഏതു ബാലകുതൂഹലത്തിനാകും?ഒരു ചെറു മഴ പോലും പുഴയാക്കുന്ന നമ്മുടെ തെരുവുകള്‍ക്ക് ആരാണ് ഉത്തരവാദികള്‍?
അശാസ്ത്രീയവും അഴിമതി നിറഞ്ഞതുമായ നഗരആസൂത്രണ പരിപാലന പദ്ധതികള്‍ കേരളം പോലെ പ്രബുദ്ധരെന്നു സ്വയം വിശേഷിപ്പിക്കുന്ന ഒരു സമൂഹത്തിനു അപമാനമായി നിലകൊള്ളുന്നു. ചെറിയ ചെറിയ മാലിന്യ സംസ്കരണ പ്ലാന്‍റുകള്‍ നിര്‍മ്മിച്ചാല്‍ വലിയ വലിയ അഴിമതികള്‍ നടത്താന്‍ പറ്റാത്തതു കൊണ്ട് രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ആശയങ്ങളില്‍ എപ്പോഴും വലിയ പദ്ധതികള്‍ മാത്രം വരുകയും ഭാവിയില്‍ അത് ഒരു പ്രദേശത്തിന്‍റെയാകെ കണ്ണീരും അമര്‍ഷവുമായി മാറുകയും ചെയ്യുന്നു.വിളപ്പില്‍ശാലയിലും ലാലൂരിലുമൊക്കെ രാഷ്ട്രീയം നോക്കി അഭിപ്രായം പറഞ്ഞു ചേരി തിരിയുമ്പോള്‍ നാം ഭാവിതലമുറയ്ക്ക് നല്‍കുന്ന സന്ദേശമെന്താണ്? മാലിന്യ നിര്‍മാര്‍ജനം സര്‍ക്കാരിന്‍റെ മാത്രം ചുമതലയാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്ന നമ്മളോരോരുത്തര്‍ക്കും ചിലത് ചെയ്യാന്‍ കഴിയില്ലേ ?ലക്ഷക്കണക്കിന് അനുയായികളെ നിരത്തി പ്രകടനം നടത്താന്‍ കഴിയുന്ന മത രാഷ്ട്രീയ സംഘടനകള്‍ക്ക് അത്രയും ആളുകളെ ഒരു ദിവസം ഉപയോഗിച്ചാല്‍ ഒരു നഗരം ശുചിയാക്കാന്‍ എത്ര സമയം വേണം?
മാലിന്യ നിര്‍മ്മാര്‍ജനം വീടുകളില്‍ നിന്നല്ലേ തുടങ്ങേണ്ടത്? സീരിയലുകളുടെയും റിയാലിറ്റി ഷോകളുടെയും കണ്ണീര്‍ക്കാഴ്ച്ചകളില്‍ സമയം കൊല്ലുന്ന വീട്ടമ്മമാര്‍ക്ക് (ഫെമിനിസ്റ്റുകള്‍ ക്ഷമിക്കുക ) വീട്ടു മുറ്റത്തോ ബാല്‍ക്കണിയിലോ ഒരു ചെറിയ പച്ചക്കറിത്തോട്ടം ഉണ്ടാക്കിയാല്‍ അരി,മീന്‍,പച്ചക്കറി എന്നിവ കഴുകിക്കഴിഞ്ഞ വെള്ളവും അടുക്കളയില്‍ നിന്നുള്ള ആഹാരാവശിഷ്ടങ്ങളും മറ്റും അതിനുള്ള വളമായി ഉപയോഗിക്കാം.വീട്ടില്‍ കോഴിയും പശുവുമൊക്കെയുള്ളത് അപരിഷ്കൃതമായി കാണുന്നവരോട് അവയെ വളര്‍ത്താനെന്തായാലും പറയുന്നില്ല!സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും പ്ലാസ്റ്റിക്ക് കവറുകള്‍ നിറയെ സാധനങ്ങളും കുപ്പിയിലാക്കിയ വെള്ളവുമായി ഷോപ്പിംഗ് നടത്തിയിറങ്ങുന്ന ആധുനിക മലയാളിക്ക് കയ്യിലൊരു സഞ്ചിയുമായി ചന്തയില്‍ പോയിരുന്ന കാലം ഓര്‍മയില്‍ പോലും ഇല്ലാതായി.കടയിലേക്കിറങ്ങുമ്പോള്‍ ഒരു പ്ലാസ്റ്റിക് ബാഗെങ്കിലും കയ്യില്‍ കരുതുക എന്നത് പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കാന്‍ ഒരാള്‍ക്ക് ചെയ്യാവുന്ന ഏറ്റവും ചെറിയ കാര്യമാണ് .
ബസ് സ്റ്റാന്ടിലും റോഡിലും വെള്ളത്തില്‍ നീന്തുന്നവരുടെയും ആശുപത്രിത്തിണ്ണയില്‍ പനിപിടിച്ചു കിടക്കുന്നവരുടേയും പടം പിടിച്ചു പ്രൈം സ്ലോട്ട് നിറയ്ക്കാന്‍ മാധ്യമപ്പട ഇറങ്ങുന്നതിനു മുന്‍പേ ശുചീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ഭരണക്കാര്‍ക്ക് തോന്നാനും അവരെക്കൊണ്ടു അത് തോന്നിപ്പിക്കാന്‍ ജനകീയകൂട്ടായ്മകള്‍ ഉണ്ടാകാനും ഈ മഴക്കാലത്തിനു മുന്‍പെങ്കിലും സാധിക്കട്ടെ എന്നാശിക്കുന്നു . എന്തായാലും ഒരു മഴകൊണ്ട് നിശ്ചലമാകുന്ന തലസ്ഥാന നഗരത്തിനും കേരളരാഷ്ട്രീയത്തിൽ മതമാലിന്യം വിതറി അധികാരത്തിലേറി എവിടെയോ സ്വന്തം കച്ചവടങ്ങളുമായി കഴിയുന്ന അഞ്ചാം (മാലിന്യ)മന്ത്രിക്കും രാഷ്ട്രീയ മാലിന്യം പരത്താൻ മാത്രം മാധ്യമങ്ങളിൽ എത്തുന്ന നഗരസഭാ മേയർക്കും നഗരത്തിലെ പ്രതികരണ ശേഷി നഷ്ടപ്പെട്ട പൊതുജനങ്ങൾക്കും പ്രത്യേകം എന്റെ നല്ല നമസ്കാരം സമർപ്പിച്ചുകൊണ്ടു നിർത്തുന്നു ....
വാല്‍ക്കഷ്ണം:
" ബിവറേജ് ഷോപ്പിന്‍റെ മുന്‍പില്‍ നിന്നും ക്യു ജെനറല്‍ ഹോസ്പിറ്റലിന്‍റെ മുന്‍പിലേക്കും മാറാന്‍ സാധ്യതയുള്ള ഒരു മഴക്കാലം കൂടി വരുന്നൂ .....കരുതിയിരിക്കുക!".
പറഞ്ഞത് ശരിയാണു ഭായീ.
ReplyDeleteWord verification ഒഴിവാക്കൂ കമന്റിൽ
word verification ഒഴിവാക്കിയിട്ടുണ്ട്
Deleteഡിസിപ്ലിന്റെ കുറവ്, സാമൂഹികബോധത്തിന്റെ കുറവ്, മനസ്സിലെ മാലിന്യം....കാരണങ്ങള്‍ പലതാണീ പ്രശ്നത്തിന്.
ReplyDeleteശിക്ഷയില്ലാത്ത അവസ്ഥയല്ലേ ഇതിന്‍റെ പ്രധാന കാരണം?.ഇതേ മലയാളിയല്ലേ ഗള്‍ഫില്‍ വാപൊത്തി നിയമം അനുസരിക്കുന്നത്!
Deleteഇവിടെ അനുസരിച്ചില്ലെങ്കില്‍ വിവരമറിയും. ശിക്ഷയില്ലെന്ന് വച്ചാല്‍ ആരും കുറ്റം ചെയ്ത് പോകും അല്ലേ?
Delete